Smuggling Case | ടിഷ്യൂ പേപ്പറെന്ന വ്യാജേന സഊദിയിലേക്ക് കോടിക്കണക്കിന് രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ അനധികൃതമായി ഇറക്കുമതി ചെയ്‌തെന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍
● ജിദ്ദ ഇസ്ലാമിക് തുറമുഖം വഴിയാണ് കൂറ്റന്‍ കണ്ടെയ്നറില്‍ നികുതി വെട്ടിച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയത്
● അറസ്റ്റിലായവരില്‍ ഒരു സഊദി പൗരനും രണ്ട് യമനി പൗരന്മാരും ഉള്‍പെടുന്നു
● കസ്റ്റംസ് തീരുവ അടയ്ക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്
● അബ്ദുല്‍ മാലിക് അഹ്‌മദ് ഖാഇദ്, അബ്ദുല്ല അബ്ദു ഖാസിം എന്നീ യമനി പൗരന്മാരാണ് കണ്ടെയ്നര്‍ എത്തിച്ചത്
ജിദ്ദ: (KVARTHA) ടിഷ്യൂ പേപ്പറെന്ന വ്യാജേന സഊദിയിലേക്ക് കോടിക്കണക്കിന് രൂപയുടെ പുകയില ഉല്‍പന്നങ്ങള്‍ അനധികൃതമായി ഇറക്കുമതി ചെയ്‌തെന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍. സഊദി അഴിമതി വിരുദ്ധ അതോറിറ്റിയായ 'നസഹ' ആണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴിയാണ് കൂറ്റന്‍ കണ്ടെയ്നറില്‍ നികുതി വെട്ടിച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്തിയതെന്നും അറസ്റ്റിലായവരില്‍ ഒരു സഊദി പൗരനും രണ്ട് യമനി പൗരന്മാരും ഉള്‍പെടുന്നതായും നസഹ അറിയിച്ചു. കസ്റ്റംസ് തീരുവ അടയ്ക്കാതെ തട്ടിപ്പ് നടത്തിയതിനാണ് അറസ്റ്റ്.
തുറമുഖത്തുനിന്ന് പുറത്തെത്തിയ കണ്ടെയ്നറില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നസഹ അതോറിറ്റിയുടെ സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കണ്ടെയ്നര്‍ ജിദ്ദയിലെ വെയര്‍ഹൗസിലെത്തിച്ച് സാധനങ്ങള്‍ ഇറക്കുന്നതിനിടെയായിരുന്നു പ്രതികളുടെ അറസ്റ്റ്. അബ്ദുല്‍ മാലിക് അഹ്‌മദ് ഖാഇദ്, അബ്ദുല്ല അബ്ദു ഖാസിം എന്നീ യമനി പൗരന്മാരാണ് കണ്ടെയ്നര്‍ എത്തിച്ചതെന്നും നസഹ വ്യക്തമാക്കി.
പരിശോധനയില്‍ 72,00,000 റിയാലിന്റെ കസ്റ്റംസ് തീരുവ വെട്ടിച്ചതായും പ്രതിഫലമായി യമനികള്‍ക്ക് 14,99,000 റിയാല്‍ മുഹമ്മദ് ഗാസി മുഹമ്മദ് അല്‍ സയ്യിദ് എന്ന സഊദി പൗരന്‍ കൈമാറിയെന്നും കണ്ടെത്തിയെന്ന് നസഹ വ്യക്തമാക്കി.
വിശദമായ പരിശോധനയില്‍ യമനി അബ്ദുല്‍ മാലിക്കിന്റെ നിര്‍ദേശപ്രകാരം റിയാദിലേക്കും കിഴക്കന്‍ പ്രവിശ്യയിലേക്കും കൊണ്ടുപോകുന്നതിനായി എത്തിച്ച അനധികൃത പുകയില ഉല്‍പന്നങ്ങളും വന്‍തോതില്‍ കണ്ടെത്തി.
സമാനമായ മറ്റൊരു കേസില്‍ ജിദ്ദയില്‍ നിന്ന് സുഡാന്‍ പൗരനായ ഉസ്മാന്‍ മുഹമ്മദ് നയീം അബ്ദുര്‍ റഹ്‌മാന്‍ എന്നയാളും അറസ്റ്റിലായിട്ടുണ്ട്. 10,75,200 റിയാലിന്റെ കസ്റ്റംസ് തീരുവ വെട്ടിച്ച് ഏകദേശം നാല് ടണ്‍ പുകയില അടങ്ങിയ കണ്ടെയ്നര്‍ സഊദിയിലെത്തിച്ചു എന്നാണ് ഇയാള്‍ക്കെതിരെയുള്ള കുറ്റം. സുഡാനില്‍ നിന്നുള്ള കാലിത്തീറ്റയാണെന്ന് കസ്റ്റംസ് രേഖകളില്‍ കാണിച്ച് ജിദ്ദയില്‍ ഇറക്കുമതി ചെയ്യുകയായിരുന്നു. ഇതിന് പ്രതിഫലമായി പ്രതിക്ക് ഒരു ലക്ഷം റിയാലും ഒരു വാഹനവുമാണ് ലഭിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
#Smuggling #JeddahPort #TobaccoFraud #SaudiArabia #NasahArrest #CustomsEvasion