Mahzooz draw | മെഹ്‌സൂസില്‍ മലയാളി ഭാഗ്യം തുടരുന്നു; 88-ാമത് നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശി ശാനവാസിന് 10 കോടി രൂപ

 


ADVERTISEMENT

ദുബൈ: (www.kvartha.com) മെഹ്‌സൂസില്‍ മലയാളി ഭാഗ്യം തുടരുന്നു. കഴിഞ്ഞ ശനിയാഴ്ച നടന്ന 88-ാമത് നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശി ശാനവാസിന് 10 കോടി രൂപ (50 ലക്ഷം ദിര്‍ഹം) ലഭിച്ചു. മറ്റൊരു വിജയി ഫിലിപീന്‍സ് സ്വദേശി നെല്‍സനുമായി 20 കോടി രൂപ ശാനവാസ് തുല്യമായി പങ്കിടുകയായിരുന്നു. ഇതാദ്യമാണ് മെഹ്‌സൂസില്‍ ഒരു നറുക്കെടുപ്പില്‍ രണ്ട് ഒന്നാം സ്ഥാനക്കാരുണ്ടാകുന്നത്.

ഈ നറുക്കെടുപ്പില്‍ 3,349 വിജയികള്‍ക്ക് ആകെ 12,421,750 ദിര്‍ഹം വിതരണം ചെയ്തു. മെഹ്സൂസ് ഇതുവരെ സൃഷ്ടിച്ച മള്‍ടി മില്യനയര്‍മാരുടെ എണ്ണം 27 ആണ്. അതില്‍ ആറെണ്ണം 2022-ല്‍. ശാനവാസിനെ ഭാഗ്യം തേടിയെത്തിയത് ഇത് രണ്ടാം തവണ.

കഴിഞ്ഞ 14 വര്‍ഷമായി യുഎഇയിലുള്ള ശാനവാസ് 12 വര്‍ഷമായി ദുബൈ അല്‍ ഖൂസിലെ സ്വദേശിയുടെ റെന്റ് എ കാര്‍ കംപനിയില്‍ ഫ് ളീറ്റ് മാനേജരായി ജോലി ചെയ്യുകയാണ്. ഇദ്ദേഹവും നെല്‍സനും വെവ്വേറെ നല്‍കിയ അഞ്ച് നമ്പറുകളില്‍(7,9,17,19,21) അഞ്ചും കൃത്യമായി വന്നതോടെ 20 കോടി രൂപ പങ്കിടുകയായിരുന്നു.

മെഹ്‌സൂസ് ആരംഭിച്ചതു മുതല്‍ ശാനവാസ് എല്ലാ ആഴ്ചയും ഭാഗ്യം പരീക്ഷിക്കുന്നു. ഇത് രണ്ടാം തവണയാണ് ഭാഗ്യദേവത കടാക്ഷിക്കുന്നത്. നേരത്തെ 35,000 ദിര്‍ഹം ലഭിച്ചിട്ടുണ്ട്. എപ്പോഴും ഒറ്റയ്ക്കാണ് നറുക്കെടുക്കുന്നത്. ചില ആഴ്ചകളില്‍ രണ്ടെണ്ണം എടുക്കാറുണ്ട്. സാധാരണഗതിയില്‍ അഞ്ച് നമ്പരുകള്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്.

താന്‍ കോടീശ്വരനായത് അറിയാതെ ശനിയാഴ്ച രാത്രി സാധരണ പോലെ ശാനവാസ് ഉറങ്ങി. ഞായറാഴ്ച രാവിലെ മെഹ്‌സൂസില്‍ നിന്ന് ഫോണ്‍ ലഭിച്ചപ്പോള്‍ വിശ്വസിച്ചില്ല. പിന്നീട് മെയില്‍ വന്നപ്പോഴാണ് നമ്പരുകള്‍ ശരിയാണെന്നും വിജയിയാണെന്നും ഉറപ്പിച്ചത്. ഉടന്‍ ഭാര്യയെ വിളിച്ച് കാര്യം പറഞ്ഞു. ജോലി ചെയ്യുന്ന കംപനിയുടമയെയും സഹപ്രവര്‍ത്തകരെയും വിവരം അറിയിച്ചപ്പോള്‍ അവരും ഏറെ സന്തോഷം പ്രകടിപ്പിച്ചു.

പലരും മെഹ്‌സൂസില്‍ പങ്കെടുക്കാനും തുടങ്ങി. 41 കാരനായ ശാനവാസ് 4.500 ദിര്‍ഹം പ്രതിമാസ ശമ്പളത്തിനാണ് ഇപ്പോള്‍ ജോലി ചെയ്തുവരുന്നത്. തത്കാലം ജോലി തുടരാനാണ് തീരുമാനം. പണം എന്തുചെയ്യണമെന്ന് കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതാണ് ശാനവാസിന്റെ കുടുംബം. വായ്പകള്‍ പലതും വീട്ടണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പണം വിനിയോഗിക്കുമെന്നും ശാനവാസ് പറഞ്ഞു.


Mahzooz draw | മെഹ്‌സൂസില്‍ മലയാളി ഭാഗ്യം തുടരുന്നു; 88-ാമത് നറുക്കെടുപ്പില്‍ തിരുവനന്തപുരം സ്വദേശി ശാനവാസിന് 10 കോടി രൂപ

ശനിയാഴ്ച രാത്രി നറുക്കെടുക്കുമ്പോള്‍ നെല്‍സന്‍ ജോലിയിലായിരുന്നു. ഒരു സുഹൃത്താണ് വിളിച്ചുപറഞ്ഞത്, മെഹ്‌സൂസില്‍ വിജയിയായിട്ടുണ്ടെന്ന്. ഉടന്‍ തന്റെ മെഹ്‌സൂസ് അകൗണ്ട് പരിശോധിച്ചപ്പോള്‍ സംഗതി സത്യമാണെന്ന് മനസിലായി.

എന്നാല്‍ കുടുംബത്തോട് സന്തോഷവാര്‍ത്ത വിളിച്ച് പറഞ്ഞപ്പോള്‍ അവരാദ്യം വിശ്വസിക്കാനേ കൂട്ടാക്കിയില്ലെന്ന് നെല്‍സന്‍ പറഞ്ഞു. ജീവിതത്തില്‍ ഇതാദ്യമാണ് ഇത്ര വലിയ സമ്മാനം നേടുന്നതെന്നും നെല്‍സന്‍ പറഞ്ഞു. ഈ യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.

Keywords: Filipino and Indian expats share Dh10million from Mahzooz draw in Dubai, Dubai, News, Lottery, Business, Malayalee, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia