പ്രവാസം; ഇന്നലെകളിലെ ഓർമകളും ഇന്നിന്റെ കണ്ണീരും

 


ഹനീഫ് ബെണ്ടിച്ചാൽ

(www.kvartha.com 02.08.2021) 
അറേബ്യൻ മരുഭൂമിയിൽ എണ്ണയുടെ ഉറവ കിട്ടിത്തുടങ്ങിയത് മുതൽ ആരംഭിച്ചതാണ് പച്ചപ്പ് തേടിയുള്ള മലയാളികളുടെ പ്രയാണം. ആദ്യ കാലങ്ങളിൽ പായ കപ്പലുകളിലും ലാഞ്ചി, ഉരുകളിലുമൊക്കെയായിട്ടായിരുന്നു മലയാളികളടക്കമുള്ളവർ ഗൾഫിൽ എത്തപ്പെട്ടിരുന്നത്. ദശാബ്ദങ്ങളായി ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ എല്ലുരുകി പണിയെടുത്ത് വിയർപ്പിന്റെ ഗന്ധത്തെ സുഗന്ധത്തിന്റെ പരിമളമാക്കിയും, കുബ്ബൂസ് കഴിച്ചും, സുലൈമാനി വലിച്ചൂറ്റിയും, തന്റെ വിഷമങ്ങളെല്ലാം ഉള്ളിലൊതുക്കി ജീവിച്ചു.


 
പ്രവാസം; ഇന്നലെകളിലെ ഓർമകളും ഇന്നിന്റെ കണ്ണീരും



കണ്ണുനീറ് പൊഴിയുമ്പോഴും ആരും കാണാതെ തുടച്ച്, സ്വന്തം വിഷമങ്ങൾ ഉള്ളിലൊതുക്കി മറ്റുള്ളവരുടെ മുമ്പിൽ ചിരിയിലൂടെ പ്രകാശം പരത്തി. ഉറ്റവർക്കും ഉടയവർക്കും ആശ്രയമായും ബന്ധപ്പെട്ടവരെ വിവാഹം ചെയ്തയച്ചും നിർവൃതിയടഞ്ഞു. കുടുംബക്കാർക്കുള്ള വിസ സംഘടിപ്പിക്കാൻ നെട്ടോട്ടമോടി. നാനാ ഭാഗത്തുനിന്നുള്ള എട്ടും പത്തും പേരടങ്ങുന്ന ആളുകൾ ഒന്നിച്ചു ചെറിയ മുറികൾക്കുള്ളിൽ തിക്കിയും നിരങ്ങിയും താമസിച്ചു. പ്രാഥമിക കാര്യങ്ങൾക്കുപോലും അതി രാവിലെ തന്റെ അവസരം നോക്കി ലൈനിൽ നിൽക്കുമ്പോൾ നാട്ടിൽ മൂന്നും നാലും ബാത് അറ്റാച്ഡ് ബെഡ്‌റൂമുകളുള്ള കൊട്ടാര സാദൃശ്യ വീടുകൾ പണിതു. ഇങ്ങനെയെല്ലാം സ്വയം ജീവിക്കാൻ മറന്നുപോയവർ, അല്ലെങ്കിൽ സ്വപ്നങ്ങൾ മാത്രം ഉള്ളിലൊതുക്കി പുരുഷായുസ് മുഴുവൻ കൊഴിഞ്ഞു പോയവരാണ് മിക്കവാറും പ്രവാസികൾ.


രാവിലെ മുതൽ രാത്രി അന്തിയാമങ്ങൾ വരെ കഫ്റ്റീരിയകളിലും ഗ്രോസറികളിലും മരുഭൂമിയിലെ കൺസ്ട്രക്ഷൻ സൈറ്റുകളിലും വാച്ച്മാൻ മുതൽ സകല മേഖലകളിലും യാതനകളോടെ പണിയെടുത്ത് കഴിഞ്ഞു വരുമ്പോൾ പക്ഷി പറവകളെ പോലെ തന്റെ നാട്ടിലെ വേണ്ടപ്പെട്ടവർക്കായി സാധനങ്ങൾ ഓരോന്നായി വർഷങ്ങളോളം താൻ കിടക്കുന്ന കട്ടിലിനടിയിൽ സ്വരൂപിച്ചു കൂട്ടിവെക്കും. രണ്ടും മൂന്നും വർഷം പിന്നിടുമ്പോൾ പെട്ടി മുറുകെ പിടിച്ചു കെട്ടി, സോണി ടേപ്പും ട്രിബൽഫൈവ് സിഗരറ്റും റാഡോ വാച്ചും കയ്യിലേന്തി വെൽവെറ്റ് പാന്റും ധരിച്ച്, അത്തറിന്റെ പരിമളവുമായി, മണലാരണ്യത്തിൽ കഷ്ടപെട്ടുണ്ടാക്കിയ മുഴുവൻ തുകയും കടകളിലും അങ്ങാടിയിലും മീൻമാർകെറ്റുകളിലും ചുറ്റുമുള്ളവർക്ക് അസൂയ തോന്നിപ്പിക്കുമാറ് ചിലവാക്കി വിരലിൽ എണ്ണികിട്ടിയ ലീവുകൾ പെരുന്നാൾ പോലെ കൊണ്ടാടിയവരാണ് പ്രവാസികൾ.


ചെറിയ ശമ്പളത്തിന്ന് ജോലി തേടി മറ്റു പലരാജ്യങ്ങളിൽ നിന്നും ഗൾഫിലേക്ക് ഒഴുക്ക് തുടങ്ങിയപ്പോൾ ഒരുവേള പകച്ചുപോയങ്കിലും, സത്യസന്തതയും അർപ്പണബോധവും ജോലിയോടുള്ള ആത്മാർത്ഥതയും അറബികൾക്കും അനറബികൾക്കും മലയാളികളോടുള്ള മതിപ്പ് വാനോളമുയർത്തി. നാട്ടിലെ വേണ്ടപ്പെട്ടവരുടെ സുഖവിവരങ്ങൾക്കായി സ്റ്റാമ്പ് ഒട്ടിച്ച കവറിൽ, കത്തുകൾ എയർമെയിൽ വഴി അയക്കണം. തിരിച്ചാണെങ്കിൽ സുഹൃത്തുക്കൾ ലീവിൽ വരുമ്പോൾ കയ്യിൽ കൊടുത്ത് വിടുന്ന കത്തുകളായിരുന്നു ശരണം, അതുപോലെ പ്രിയപ്പെട്ടവർക്ക് കൊടുത്തുവിടുന്ന സാധനങ്ങളും.


എസ്‌ എ ജമീൽ എഴുതിയ പ്രസിദ്ധമായ കത്തുപാട്ടിന്റെ വരികൾ ഇങ്ങനെ വരച്ചുകാണിക്കുന്നു.
ഇത്രെയും വഹുമാനപെട്ട
എന്റെ പ്രിയ ഭർത്താവ് വായിക്കുവാൻ......
എഴുത്തുകയല്ലാതെ വേറെന്തുവഴിയുണ്ട് ......
അബുദാബിലുള്ളൊരു എഴുത്തുപെട്ടി അന്നുതുറന്നപ്പോൾ കത്ത് കിട്ടീ......


വല്ല അത്യാഹിതവും സംഭവിച്ചാൽ ഗൾഫിലുള്ളവർക്കും നാട്ടിലുള്ളവർക്കും വിവരം അറിയിക്കണമെങ്കിൽ ടെലഗ്രാം അടിക്കുക മാത്രമായിരുന്നു മാർഗമെന്നത് പുതുതലമുറയയ്ക്ക് ഒരത്ഭുതമായി തോന്നിയേക്കാം.


നാട്ടിലേക്ക് ഫോൺ ചെയ്യാൻ, എതെങ്കിലൊരു സമ്പന്ന വീട്ടിൽ ലാൻഡ് ഫോൺ ഉണ്ടെങ്കിൽ അവരോട് സമ്മതംവാങ്ങി കത്തുകളിലൂടെ അറിയിച്ചതിന് ശേഷം, റൂമിൽ നിന്നും രാവിലെ എണീറ്റ് പോയി വലിയ തുകയും മുടക്കി നീണ്ട വരി നിന്ന് ഓപ്പറേറ്ററുടെ കനിവും പെരുവെയിലത്ത് തന്റെ ഉഴവും കാത്തു നിന്ന് വേണമായിരുന്നു. നാട്ടിലാണെങ്കിൽ ഫോണിന്റെ റിങ്ങും കാത്ത് ദിവസം മുഴുവനും കാത്തുനിൽക്കേണ്ടി വന്നിരുന്ന കാലമായിരുന്നു അത്.


നാട്ടിൽ വരണമെങ്കിലോ തിരിച്ചു പോകണമെങ്കിലോ, കേരളത്തിൽ വിമാനത്താവളങ്ങൾ പിറവിയെടുക്കുന്നതിന് മുമ്പുള്ള കാലഘട്ടം ബോംബൈ എർപോർട്ടിനെയായായിരുന്നു ആശ്രയിച്ചിരുന്നത്. ഗൾഫിൽ നിന്നും ആദ്യം ബോംബെ എയർപോർട്ടിൽ വന്നു (തിരിച്ചും അങ്ങെനെ തന്നെ) ബോംബയിൽ ഗസ്റ്റ് ഹൗസിൽ (ലോഡ്ജ്) രണ്ടോ മുന്നോ ദിവസം താമസിച്ച്, അവിടെന്നും വീട്ടുകാർക്കു നാട്ടുകാർക്കും വേണ്ട സാധനങ്ങൾ വാങ്ങി വാരിക്കൂട്ടി, നാട്ടിലേക്കുള്ള ബസിന്റെ ടിക്കറ്റ് റൂം ബോയിയെ കൊണ്ട് വാങ്ങിപ്പിച്ച്, ബസ്സിന്റെ മുകളിൽ സാധനങ്ങൾ എല്ലാം ടാർപോളിൻ കൊണ്ട് മുറുക്കിവലിച്ചു കെട്ടി മാപ്പിള, ഹിന്ദി പാട്ടുകളും കേട്ട് കൊണ്ടുള്ള യാത്രകൾ, അവിസ്മരണീയമായിരുന്നു.


ബോംബൈയിലുള്ള ഗസ്റ്റ് ഹൗസുകൾക്കും അതുപോലെ മലയാളികളുടെ ഉടമസ്ഥയിലുള്ള ഹോട്ടൽ/റെസ്റ്ററന്റുകൾക്കും, ടൂറിസ്റ്റ് ബസുകൾക്കും അതൊരു ചാകര കാലമായിരുന്നു. അവരെ ചുറ്റിപറ്റി മലയാളി അടക്കമുള്ള കുറെ ആളുകൾ അവിടെയും ജീവിച്ചുപോന്നിരുന്നു. ബസ് ബോംബൈയിൽ നിന്നും പുറപ്പെട്ടാൽ പിറ്റേദിവസം കേരളത്തിലെത്തും. ബോംബൈ ബസ്സും കാത്തു നിൽക്കുന്ന കൂലികൾ അവിടെയും നില്പുണ്ടാവും. ബസ് നിർത്തിക്കഴിഞ്ഞാൽ കൂലികളും അംബാസ്സഡർ (ടാക്സി) കാറുകളും പരുന്തുകളെ പോലെ ബസിന് ചുറ്റും വട്ടമിടും. ശേഷം, ടാക്സി കാറിൽ പായകളാൽ വലിച്ചു കെട്ടിയ പല നിറത്തിലുള്ള കളർഫുൾ പെട്ടികളും, മറ്റുസാധനങ്ങൾ ഡിക്കിയിലും മുകളിലും വലിച്ചു മുറുക്കി കെട്ടി പിറക് സീറ്റിലിരുന്നു കൊണ്ട് വീട്ടിലേയ്ക്കുണ്ടൊരു യാത്ര. വീട്ടിലെത്തിയാൽ കിടന്നുറങ്ങാനോ വിശ്രമിക്കാനോ കഴിയാത്തവിധം സന്തോഷത്തിന്റെ പൂരമായിരിക്കും.


അയൽവീട്ടുകാരും ബന്ധുക്കളും കാണാൻ വേണ്ടിയുള്ള ഇടിച്ചുകയറ്റം തന്നെയായിരിക്കും. അടുത്ത ഊഴം കൊണ്ടുവന്ന കെട്ടു തുറക്കാനുള്ള കുട്ടികളടക്കമുള്ളവരുടെ ആകാംഷ. തുറന്നു കഴിഞ്ഞാൽ പ്രതീക്ഷിച്ചത് ലഭിക്കാതെ വന്നാൽ ചിലമുഖങ്ങൾ ചുളുങ്ങും. പിരിവുകാരുടെ, പാർടിക്കാരുടെ, ഇൻഷുറസ് ഏജന്റുമാരുടെ തുടങ്ങിയ പലരും പിറകേയുണ്ടാവും.


ഇന്ന് കാണുന്ന സുഖലോലുപങ്ങളും, കേരളത്തിലും ദക്ഷിണ കന്നടയിലും വിമാനത്താവളങ്ങൾ ഉയർന്നുവന്നതും പ്രവാസികൾ അടക്കമുള്ളവരുടെ മുറവിളിയുടെയും കഠിനധ്വാനത്തിന്റെയും വിയർപ്പിന്റെയും അംശമാണ്. വർഷത്തിൽ കോടികൾ പ്രവാസികളാൽ മലയാള മണ്ണിലേക്ക് ഒഴുകിയിരുന്നുവെങ്കിൽ ഇന്നിളക്കം തട്ടിയ നിലയിലാണ്. പ്രമുഖ കമ്പനികളെല്ലാം നില നിൽപ് ഭീഷണയിലും പ്രമുഖ കച്ചവട സ്ഥാപനങ്ങളെല്ലാം തകർച്ചയിലുമാണ്.


വിമാനത്താവളങ്ങളെല്ലാം അടഞ്ഞുകിടക്കുമ്പോൾ ട്രാവൽ മാർക്കറ്റ് മുതൽ വിമാന ജീവനക്കാർ വരെ നിലനിൽപ്പിന്റെ നെട്ടോട്ടത്തിലാണ്. കടകൾ പൂട്ടിയും ലീവ് എടുത്തും നാട്ടിൽ പോയവർ അവിടെ കുടുങ്ങി കിടക്കുന്നു. തിരിച്ചു വന്നാൽ ജോലിയുണ്ടാവുമോയെന്ന ഭയത്താൽ നാട്ടിൽ പോകാതെ നിൽക്കുന്നവർ അനവധി. കോവിഡ് മഹാമാരി കാരണം ഗൾഫിൽ മരണപെട്ട മലയാളി അടക്കമുള്ള ഒരുപാടാളുകളുടെ മുഖം ഉറ്റവർക്ക് അവസാനമായി ഒന്നുകാണാനാകാതെ മരുഭൂമിയിലെ മണൽത്തരികളിൽ അലിഞ്ഞുചേരേണ്ട ദുരവസ്ഥ. ഇതിനിടയിൽ ശുഭ വാർത്തകൾക്കായി കാതോർത്തിരിക്കുകയാണ് പ്രവാസികളും അവരെ ആശ്രയിച്ചുജീവിക്കുന്നവരും. നല്ല കാലങ്ങൾ ഇനിയും വരുമെന്ന പ്രതീക്ഷകൾ പുലരട്ടെ.

Keywords:  Kerala, Article, Gulf, Desert, Top-Headlines, Malayalees, Worker, Food, Phone call, Mumbai, Song, Airport, Exile; Memories of yesterday and tears of today.


< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia