Dubai Travel | സ്മാര്‍ട് ഗേറ്റുകള്‍ക്ക് വഴിമാറുന്നു; ദുബൈ വിമാനത്താവളത്തില്‍ പാസ്പോര്‍ട് കൈവശമില്ലാതെ യാത്ര ചെയ്യാം
Sep 22, 2023, 12:03 IST
-ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) ഇനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസ്പോര്‍ട് കൈവശമില്ലാതെ യാത്ര ചെയ്യാം. ദുബൈ വിമാനത്താവളത്തിലെ ഇലക്ട്രോനിക്, ഗേറ്റുകള്‍ സ്മാര്‍ട് ഗേറ്റുകള്‍ക്ക് വഴിമാറുന്ന പ്രക്രിയ ആരംഭിക്കുകയാണ്. ബയോമെട്രിക്സ്, ഫേസ് റെകഗ്നിഷന്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് യാത്രക്കാരെ നിമിഷങ്ങള്‍കൊണ്ട് തിരിച്ചറിഞ്ഞ് കടത്തിവിടുന്ന സംവിധാനം മികവുറ്റ രീതിയില്‍ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ദുബൈ വിമാനത്താവളം.
23 വര്‍ഷം മുന്‍പ് ഇ-ഗേറ്റുകള്‍ പ്രഥമമായി നടപ്പാക്കിയ വിമാനത്താവളങ്ങളിലൊന്നാണ് ദുബൈ. എയര്‍പോര്‍ട്ടുകള്‍, തുറമുഖങ്ങള്‍, ചെക്ക്പോയിന്റുകള്‍ തുടങ്ങിയ പ്രവേശന കവാടങ്ങളില്‍ യാത്രക്കാരുടെ വര്‍ധന കാരണം നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടേണ്ടിവരുന്നു. ഈ പരിമിതികള്‍ എങ്ങനെ മറികടക്കാമെന്ന ചിന്തയാണ് സ്മാര്‍ട്ട് സംവിധാനങ്ങള്‍ നടപ്പാക്കാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്.
നവംബര്‍ മുതല്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്ന് ജെനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി ഡി ആര്‍ എഫ് എ) ഡെപ്യൂടി ഡയറക്ടര്‍ ജെനറല്‍ മേജര്‍ ജെനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. മദീനത്ത് ജുമൈരയില്‍ തുറമുഖങ്ങളുടെ ഭാവിനയങ്ങള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആഗോള സമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഇലക്ട്രോനിക് ഗേറ്റുകള്‍ക്ക് പകരം സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിക്കാന്‍ ദുബൈ വിമാനത്താവളം പരിശ്രമിച്ചുവരുകയാണെന്നും രേഖകളൊന്നുമില്ലാതെയും ഉദ്യോഗസ്ഥരുമായി സംസാരിക്കാതെയും എവിടെയും സ്പര്‍ശിക്കാതെയും യാതൊരു തടസ്സങ്ങളുമില്ലാതെ യാത്രക്കാരെ കടത്തിവിടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. സമ്മേളനം ചര്‍ച്ച ചെയ്ത സുപ്രധാന വിഷയങ്ങളിലൊന്ന് അതിര്‍ത്തികളിലെ യാത്രക്കാരുടെ ബാഹുല്യത്തെ സുഗമമായി നേരിടുകയെന്നതാണെന്നും മേജര്‍ ജെനറല്‍ മാധ്യമങ്ങളോട് പറഞ്ഞു.
Keywords: News, Gulf, Gulf-News, Malayalam-News, Dubai News, Travel, Emirates Passengers, Check-in, Immigration, Airport. Passage, Major General Obaid Muhair bin Suroor, Deputy Director General, General Directorate of Residency and Foreigners Affairs (GDRFA), Dubai travel: Emirates passengers to 'walk' through check-in, immigration with new smart passage, Reported by Qasim Moh'd Udumbunthala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.