Expat Died | ദുബൈ കറാമ ഗാസ് സിലിന്‍ഡര്‍ അപകടം; മലപ്പുറം സ്വദേശിക്ക് പിന്നാലെ പരുക്കേറ്റ ഒരു മലയാളി കൂടി മരിച്ചു

 


ദുബൈ: (KVARTHA) കറാമയില്‍ ഗാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി മരിച്ചു. തലശ്ശേരി ടെമ്പിള്‍ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസാണ് (24) മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി.

ദുബൈ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ വ്യാഴാഴ്ച (19.10.2023) രാവിലെയാണ് നിധിന്‍ദാസിന്റെ മരണം സ്ഥിരീകരിച്ചത്. സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തിയ നിധിന് കഴിഞ്ഞ ദിവസമാണ് ജോലി ലഭിച്ചത്.

മലപ്പുറം പറവണ്ണ സ്വദേശി യഅ്ഖൂബ് അബ്ദുല്ല(42)യാണ് മരിച്ച മറ്റൊരാള്‍. ബര്‍ദുബൈയിലെ അലാം അല്‍ മദീന എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് യഅ്ഖൂബ് അബ്ദുല്ല.

ബുധനാഴ്ച (18.10.2023) രാത്രി 12.20നാണ് കറാമയിലെ 'ഡേ ടു ഡേ' ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ എന്ന ബില്‍ഡിംഗില്‍ അപകടം ഉണ്ടായത്. ഇവിടെ ഗാസ് ചോര്‍ച സംഭവിച്ച് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. മലയാളികള്‍ ഉള്‍പെടെ ഒരുമിച്ച് താമസിക്കുന്ന ബില്‍ഡിംഗിലാണ് അപകടമുണ്ടായത്.

മൂന്ന് മുറിയുള്ള ഫ്‌ലാറ്റിലെ അടുക്കളയില്‍ നിന്നാണ് പാചക വാതക ഗാസ് ചോര്‍ന്ന് ദുരന്തമുണ്ടായത്. 17 ഓളം പേര്‍ ഇവിടെയുണ്ടായിരുന്നു. മിക്കവരും ബാച്‌ലര്‍ താമസക്കാരായിരുന്നു. അപകടത്തില്‍ 9 പേര്‍ക്കാണ് പരുക്കേറ്റിരിക്കുന്നത്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

ഇവരില്‍ കണ്ണൂര്‍ സ്വദേശികളായ നിധിന്‍ ദാസ് ഉള്‍പെടെ മൂന്നു പേരുടെ നില ഗുരുതരം ആയിരുന്നു. ശാനില്‍, നഹീല്‍ എന്നിവരാണ് സാരമായി പരുക്കേറ്റ മറ്റുള്ളവര്‍. ഇവര്‍ ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്. എന്‍ എം സി ആശുപത്രിയില്‍ അഞ്ചുപേര്‍ ചികിത്സയില്‍ ഉണ്ട്. ഇവരുടെ പരുക്ക് ഗുരുതരം അല്ലെന്നാണ് വിവരം.

അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. പരുക്കേറ്റവരില്‍ കൂടുതല്‍ പേരും മലയാളികളാണെന്നാണ് വിവരം. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ ഫ്‌ലാറ്റിലെ രണ്ട് വനിതകള്‍ക്കും പരുക്കേറ്റതായി റിപോര്‍ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

Expat Died | ദുബൈ കറാമ ഗാസ് സിലിന്‍ഡര്‍ അപകടം; മലപ്പുറം സ്വദേശിക്ക് പിന്നാലെ പരുക്കേറ്റ ഒരു മലയാളി കൂടി മരിച്ചു

 

Keywords: News, World, World-News, Gulf, Thalassery Native, Gulf-News, Dubai News, Accident, Two Malayali, Died, Injured, Gas Explosion, Gas Leakage, Dubai: Tragic Gas Explosion Claims Two Malayali Lives.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia