Killed | വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ സല്‍ക്കാരത്തിനിടെ 28കാരന്‍ കുത്തേറ്റ് മരിച്ചു; 9 പേര്‍ പിടിയില്‍
Dec 20, 2022, 14:41 IST
അബൂദബി: (www.kvartha.com) സുഹൃത്തുക്കളെ സല്‍ക്കാരത്തിന് ക്ഷണിച്ച യുവാവ് പരിപാടിക്കിടെ കുത്തേറ്റ് മരിച്ചു. ദുബൈയിലെ അല്‍ ഖവനീജ് 2വിലെ വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടത്തിയ സല്‍ക്കാരത്തിനിടെ 28കാരനായ സ്വദേശി യുവാവാണ് കുത്തേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്‍പത് പേര്‍ പിടിയിലായതായി എമിറേറ്റിലെ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
യുവാവിന്റെ മരണത്തിനിടയാക്കിയ കൃത്യത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: യുവാവ് മരിച്ചത് കണ്ട എട്ടു സുഹൃത്തുക്കളും സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. യുവാവിന് കുത്തേറ്റ സമയത്ത് അവിടെ ഇല്ലാതിരുന്ന മറ്റൊരു സുഹൃത്താണ് സംഭവം പൊലീസില്‍ അറിയിച്ചത്. ഫോണ്‍ കോള്‍ ലഭിച്ച ഉടന്‍ തന്നെ ദുബൈ പൊലീസിലെ സിഐഡി സംഘം സ്ഥലത്തെത്തി. എന്നാല്‍ അപ്പോഴേക്കും യുവാവ് മരണപ്പെട്ടിരുന്നു.
രക്തത്തില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. തെളിവുകള്‍ ശേഖരിച്ച ശേഷം മൃതദേഹം ഫോറന്‍സിക് ലബോറടറിക്ക് കൈമാറി. ഉടന്‍ തന്നെ പൊലീസ് ടാസ്‌ക് ഫോഴ്സ് രൂപീകരിക്കുകയും സംഭവത്തിലുള്‍പെട്ട എല്ലാവരെയും പിടികൂടുകയുമായിരുന്നു.
വിലയുടെ മുമ്പിലെ പുല്‍ത്തകിടിയില്‍ യുവാക്കള്‍ നൃത്തം ചെയ്ത് ആഘോഷിക്കുന്നതിനിടെ സുഹൃത്തുക്കളിലൊരാള്‍ വീട്ടില്‍ നിന്ന് ഷര്‍ടില്ലാതെ ഇറങ്ങി വരുന്നത് കണ്ടു. ഇയാളുടെ പാന്റ്സിലാകെ രക്തക്കറ ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ സുഹൃത്തുക്കള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ഇയാള്‍ ഉടന്‍ തന്നെ കാറില്‍ കയറി രക്ഷപ്പെട്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഏതാനും സെകന്‍ഡുകള്‍ കഴിഞ്ഞപ്പോള്‍ കുത്തേറ്റ 28കാരനായ യുവാവ് അവശനായി പുറത്തേക്ക് വരികയും താഴെ വീണ് മരിക്കുകയുമായിരുന്നു.
വ്യാപകമായ തെരച്ചിലിന് ഒടുവിലാണ് ഒമ്പത് സ്വദേശികളാണ് പിടിയിലായത്. ശാര്‍ജ പൊലീസുമായി സഹകരിച്ച് നാല് പേരെ അവിടെ നിന്നും അറസ്റ്റ് ചെയ്തു. അഞ്ചു പേര്‍ ദുബൈയില്‍വച്ചാണ് പിടിയിലായത്. സംഭവത്തില്‍ ദുബൈ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണം പുരോഗമിക്കുകയാണ്. ഒമ്പത് സ്വദേശികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,World,international,Gulf,Celebration,Killed,Death,Crime,Accused,Arrest,Police, Dubai: 28-year-old Emirati killed at villa party with friends
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.