ആഘോഷങ്ങളുടെയും മത്സരങ്ങളുടെയും വര്‍ണ്ണങ്ങളില്‍ കുളിച്ച് ദോഹ; കളര്‍ റണ്‍ സംഘടിപ്പിച്ചത് ആരോഗ്യകരമായ ജീവിതം ലക്ഷ്യം വെച്ച്

 


ദോഹ: (www.kvartha.com 28.01.2020) വെയില്‍ കോര്‍ണല്‍ മെഡിസിന്റെ സഹ്തക് അവ്വലന്‍ (ആദ്യം നിങ്ങളുടെ ആരോഗ്യം) സംരംഭത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കളര്‍ റണ്‍ പരിപാടിയില്‍ പങ്കെടുത്തത് പതിനായിരത്തിലേറെ പേര്‍. വര്‍ണങ്ങള്‍ വാരിവിതറിയുള്ള ആറാമത് കളര്‍ റണ്ണാണ് നടന്നത്.

ലവ് ടൂര്‍ എന്ന പ്രമേയത്തിലൂന്നിയാണ് ഇത്തവണ കളര്‍ റണ്‍ സംഘടിപ്പിച്ചത്. പരിപാടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കളര്‍ റണ്ണിനാണ് എജുക്കേഷന്‍ സിറ്റി സാക്ഷ്യം വഹിച്ചത്.

സജീവമായ ജീവിതശെലിയിലൂടെ ആരോഗ്യകരമായ ജീവിതം സംബന്ധിച്ച് ബോധവത്കരണം നടത്തുകയെന്ന ലക്ഷ്യം വെച്ചാണ് വര്‍ഷം തോറും കളര്‍ റണ്‍ സംഘടിപ്പിക്കുന്നത്.

ആഘോഷങ്ങളുടെയും മത്സരങ്ങളുടെയും വര്‍ണ്ണങ്ങളില്‍ കുളിച്ച് ദോഹ; കളര്‍ റണ്‍ സംഘടിപ്പിച്ചത് ആരോഗ്യകരമായ ജീവിതം ലക്ഷ്യം വെച്ച്

പല നിറങ്ങളില്‍ മുങ്ങിയുള്ള അഞ്ച് കിലോമീറ്റര്‍ ഓട്ടമാണ് പ്രധാനമായും കളര്‍ റണ്‍. ഓരോ കിലോമീറ്റര്‍ പിന്നിടുമ്പോഴും വ്യത്യസ്തമായ നിറങ്ങള്‍ ഓടുന്നവരിലേക്ക് വാരിവിതറുന്ന മനോഹര കാഴ്ചയാണ് റണ്ണിലുടനീളം കണ്ടത്.

വിവിധ ആഘോഷങ്ങളോടെയും മത്സരങ്ങളോടെയും നടക്കുന്ന പരിപാടിയില്‍ ആരോഗ്യം സംരക്ഷിക്കേണ്ടത് സംബന്ധിച്ചും നല്ല ജീവിത ശൈലി ചിട്ടപ്പെടുത്തേണ്ടതിനെകുറിച്ചും ബോധവത്കണവും നടന്നു. പരിപാടിയുടെ അവസാനത്തില്‍ സമ്മാനങ്ങള്‍ കൈമാറാനും പാട്ടുപാടാനും ഫോട്ടോ ഷൂട്ടിനുമെല്ലാം അവസരമൊരുക്കിയിരുന്നു.

സംഗീതം, നൃത്തം, ഫോട്ടോ എടുക്കാനുള്ള അവസരം, ആക്ടിവിറ്റി ബൂത്തുകള്‍ തുടങ്ങിയവയെല്ലാം കളര്‍ റണ്ണിന്റെ ഭാഗമായി നടന്നു. വൈവിധ്യമാര്‍ന്ന ആഘോഷങ്ങളുടെയും മത്സരങ്ങളുടെയും അകമ്ബടിയോടെ നടന്ന കളര്‍ റണ്ണില്‍ ആരോഗ്യകരമായ ജീവിതശൈലി സംബന്ധിച്ച് പങ്കെടുത്തവര്‍ക്ക് ബോധവത്കരണം നല്‍കി.

ഒരിക്കല്‍ കൂടി വന്‍ വിജയകരമായി പരിപാടി സംഘടിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് വെയില്‍ കോര്‍ണല്‍ മെഡിസിന്‍ ചീഫ് കമ്യൂണിക്കേഷന്‍ ഓഫിസര്‍ നസ്‌റീന്‍ അല്‍ രിഫാഇ പറഞ്ഞു. വെയില്‍ കോര്‍ണല്‍ മെഡിസിന്‍ ഖത്തര്‍ വിദ്യാര്‍ഥിയും യൂത്ത് ഹെല്‍ത്ത് ഫസ്റ്റ് അംബാസഡറുമായ ദാന അല്‍ അലിയാണ് കളര്‍ റണ്ണിന് ഫ്‌ലാഗ് ഓഫ് ചെയ്തത്. 2012ലാണ് ആദ്യ കളര്‍ റണ്‍ സംഘടിപ്പിച്ചത്.

ഇതിനകംതന്നെ ആഗോള പ്രതിഭാസമായും ആവേശമായും കളര്‍ റണ്‍ മാറിക്കഴിഞ്ഞു. ഇതുവരെയായി 40 രാജ്യങ്ങളില്‍ നിന്നുള്ള ഏഴ് മില്യന്‍ ജനങ്ങള്‍ ഇതിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കളര്‍ റണ്ണില്‍നിന്നും ഇതുവരെ നല്‍കിയത് 50 ലക്ഷം ഡോളറാണ്.

Keywords:  News, Gulf, World, Doha, Festival, Health, Celebration, Competition, Colors of Celebrations and Competitions in Doha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia