Reading | ഓരോ വാക്കും ഒരു അനുഭവം; റിയാദിൽ വായനയുടെ വിരുന്നൊരുക്കി ചില്ല


● ചില്ല ഒക്ടോബർ മാസത്തെ വായന റിയാദിലെ ലുഹ ഹാളിൽ നടന്നു.
● 'ഓടയിൽ നിന്ന്' നോവൽ ഇന്നും പ്രസക്തമാണെന്ന് ജോമോൻ സ്റ്റീഫൻ
● 'ഒരിക്കൽ' എന്ന ചെറുനോവലിനെക്കുറിച്ച് സബീന എം സാലി സംസാരിച്ചു.
റിയാദ്: (KVARTHA) വ്യത്യസ്‌തമായ അഞ്ചു കൃതികളുടെ വായനാനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് ചില്ല ഒക്ടോബർ മാസത്തെ വായന റിയാദ് ലുഹ ഹാളിൽ ഹൃദ്യമായി. പി കേശവദേവിന്റെ 'ഓടയിൽ നിന്ന്' നോവലിന്റെ വായനാനുഭവം ജോമോൻ സ്റ്റീഫൻ പങ്കുവച്ചു. സ്നേഹത്തിന്റെ അഭാവവും പരാജയവും പ്രമേയമാക്കുന്ന ഈ നോവൽ ഇന്നും പ്രസക്തമാണെന്നും ജോമോൻ അഭിപ്രായപ്പെട്ടു. വിഖ്യാത ഇന്ത്യൻ ചരിത്രകാരി റോമില ഥാപറിന്റെ 'ഔർ ഹിസ്റ്ററി, ദേർ ഹിസ്റ്ററി, ഹൂസ് ഹിസ്റ്ററി' എന്ന കൃതിയെ കുറിച്ച് ജോണി പനംകുളം സംസാരിച്ചു. ഇന്ത്യയിലെ ദേശീയതയുടെ രണ്ട് വിരുദ്ധ സങ്കൽപ്പങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നും ഈ കൃതി അന്വേഷിക്കുന്നു.
ദീർഘകാലം സൗദിയിൽ പ്രവാസിയായിരുന്ന കുഞ്ഞഹമ്മദ് കൂരാച്ചുണ്ടിന്റെ 'അത്തിക്കയുടെ പ്രവാസം' എന്ന ചെറുകഥാസമാഹാരം പ്രദീപ് ആറ്റിങ്ങൽ പരിചയപ്പെടുത്തി. പ്രവാസജീവിതത്തിലെ അനുഭവങ്ങളിലൂടെ മുംബൈ മുതൽ സൗദിയിലെ മണലാരണ്യം വരെയായി വ്യാപിക്കുന്ന ഈ കൃതി നേപ്പാളിലെയും ആഫ്രിക്കയിലെയും മനുഷ്യരെ കൂടി അഭിസംബോധന ചെയ്യുന്നു.
എൻ മോഹനന്റെ 'ഒരിക്കൽ' എന്ന ചെറുനോവലിലെ പ്രണയത്തെക്കുറിച്ച് സബീന എം. സാലി സംസാരിച്ചു. സഫലമാകാത്ത പ്രണയത്തിന്റെ നോവുകളും വിരഹവും പങ്കുവയ്ക്കുന്ന ഈ കൃതിയിലെ 'നഷ്ടപ്പെടാം, പക്ഷേ പ്രണയിക്കാതിരിക്കരുത്' എന്ന മാധവിക്കുട്ടിയുടെ വരികളും സബീന ഉദ്ധരിച്ചു.
റാം c/o ആനന്ദി എന്ന കൃതിയെ കുറിച്ച് മൂസ കൊമ്പൻ സംസാരിച്ചു. ലളിതമായ ഭാഷയിൽ പ്രണയവും സൗഹൃദവും അതിമനോഹരമായി അവതരിപ്പിക്കാൻ കഴിഞ്ഞത് ഈ കൃതിയുടെ പ്രത്യേകതയാണെന്ന് മൂസ പറഞ്ഞു. ചർച്ചകൾക്ക് എം ഫൈസൽ തുടക്കം കുറിച്ചു. ബീന, ജോണി പനംകുളം, മൂസ കൊമ്പൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. നാസർ കാരക്കുന്ന് മോഡറേറ്ററായിരുന്നു.
#ChillaOctoberReading #MalayalamLiterature #BookReview #Riyadh #KeralaLiterature #IndianLiterature