Riyadh Season Cup | റിയാദ് സീസണ്‍ കപ്: ഫുട്‌ബോള്‍ മത്സരം കാണാനുള്ള 'ഒറ്റ ടികറ്റി'ന്റെ ലേല തുക 93 ലക്ഷം റിയാലിന് മുകളിലായി; അവസാനിക്കാന്‍ ഇനിയും 6 ദിനം, അമ്പരപ്പിക്കും വിധം തുക കൂടിയേക്കും
Jan 12, 2023, 13:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജിദ്ദ: (www.kvartha.com) ഈ മാസം 19 ന് റിയാദില്‍ നടക്കുന്ന റിയാദ് സീസണ്‍ കപ് ഫുട്ബാള്‍ മത്സരം കാണാനുള്ള 'ഒറ്റ ടികറ്റ്' സ്വന്തമാക്കാന്‍ മത്സര ലേലം തുടരുന്നു. 10 ലക്ഷം റിയാലില്‍ തുടങ്ങിയ ലേലം കണ്ണടച്ചു തുറക്കും മുമ്പെയാണ് 93 ലക്ഷം റിയാലായി ഉയര്‍ന്നത്. 17 ന് ആണ് ലേല നടപടികള്‍ അവസാനിക്കുന്നത്. ഇനിയും ആറ് ദിവസങ്ങള്‍ ബാക്കിനില്‍ക്കേയാണ് അമ്പരിപ്പിക്കും വിധം ലേല തുക കുതിച്ചുയരുന്നത്.
അതുകൊണ്ടുതന്നെ പ്രതീക്ഷിക്കാത്ത തുകയായിരിക്കും കിട്ടുക. ടികറ്റ് സ്വന്തമാക്കുന്നയാള്‍ക്ക് ആനുകൂല്യങ്ങള്‍ അനവധി ഉണ്ടെന്നിരിക്കെ ഏതുവിധേനയും സ്വന്തമാക്കാന്‍ വ്യവസായികള്‍ക്കിടയില്‍ കടുത്ത പോരാട്ടം തന്നെ നടക്കുന്നുണ്ട്. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം ഇഹ്സാന്‍ ചാരിറ്റി പ്ലാറ്റ്ഫോമിലേക്കാണ് പോവുക.
റിയാദ് സീസണ്‍ ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തില്‍ വിഖ്യാത ഫ്രഞ്ച് ക്ലബ് ടീം പിഎസ്ജിയും അല്‍ഹിലാല്‍-അല്‍നസ്ര്‍ സംയുക്ത ടീമുമാണ് മാറ്റുരക്കുന്നത്. ഈ മത്സരം വീക്ഷിക്കാനുള്ള ടികറ്റുകള്‍ ഓണ്‍ലൈന്‍ വില്‍പന പ്രഖ്യാപിച്ച് കുറഞ്ഞസമയത്തിനുള്ളില്‍ മുഴുവനും വിറ്റുപോയിരുന്നു.
അവശേഷിച്ച ഒരു ടികറ്റ് 'സങ്കല്‍പ്പത്തിനപ്പുറം' എന്ന പേരിട്ട് സംഘാടകരായ ജെനറല്‍ എന്റര്‍ടെയ്ന്‍മെന്റ് അതോറിറ്റി ആഗോള ലേലത്തിന് വെച്ചു. സ്വന്തമാക്കുന്നയാള്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്ന ഏറെ സവിശേഷതകളുള്ള പ്രവേശന പാസായിരിക്കും അതെന്നും അതോറിറ്റി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ലേലം വിളി ആരംഭിച്ചത്.
10 ലക്ഷം റിയാല്‍ അടിസ്ഥാന തുകയിലാണ് ലേലം വിളി തുടങ്ങിയത്. അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് തന്നെ 20 ലക്ഷം റിയാല്‍ വിളിച്ച് ലേലത്തിന് ആവേശം പകര്‍ന്നു. തുടര്‍ന്ന് നാനാതുറകളില്‍നിന്ന് ടികറ്റ് സ്വന്തമാക്കാനുള്ള ആഗ്രഹവുമായി നിരവധിപേര്‍ തുക ഉയര്‍ത്തി മുന്നോട്ട് വന്നു. അതാണിപ്പോള്‍ 93 ലക്ഷം റിയാലായി ഉയര്‍ന്നത്.
മുഹമ്മദ് അല്‍ മുന്‍ജിം എന്ന വ്യവസായിയുടെ ഉടമസ്ഥതയിലുള്ള അസൂം ടെക്നോളജി കംപനിയാണ് ഏറ്റവും ഒടുവില്‍ 93 ലക്ഷം റിയാല്‍ വിളിച്ചിരിക്കുന്നത്. ലേലത്തില്‍ കിട്ടുന്ന വരുമാനം രാജ്യത്തെ ഔദ്യോഗിക ചാരിറ്റി പ്ലാറ്റ്‌ഫോമായ 'ഇഹ്‌സാനി'ലേക്ക് നല്‍കുമെന്ന് അതോറിറ്റി ചെയര്‍മാന്‍ തുര്‍ക്കി ആലുശൈഖ് ട്വിറ്റ് ചെയ്തിരുന്നു.
ആദ്യമായാണ് വ്യത്യസ്തവും സവിശേഷതകളുള്ള ഒറ്റ ടികറ്റ് ലേലം സംഘടിപ്പിക്കുന്നതെന്നും അത് സ്വന്തമാക്കുന്നവര്‍ക്ക് സ്‌റ്റേഡിയത്തില്‍ സവിശേഷവും അതുല്യവുമായ ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു.
കപ് ജേതാക്കളെ കിരീമണിയിക്കാനും കളിക്കാരോടൊപ്പം ഫോടോ എടുക്കാനും ഇരുടീമുകളുടെയും ഡ്രസ്സിങ് റൂമില്‍ പ്രവേശിക്കാനും ടീമുകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനുമുള്ള സവിശേഷ അവസരമാണ് ടികറ്റ് നേടുന്നയാള്‍ക്ക് ലഭിക്കുക.
വരുമാനം ഇഹ്സാന്‍ ചാരിറ്റി പ്ലാറ്റ്ഫോമിലേക്ക് പോകുമെന്നതിനാല്‍ ടികറ്റ് ലേലം പ്രഖ്യാപിച്ചത് മുതല്‍ അത് സ്വന്തമാക്കാന്‍ വ്യവസായികള്‍ക്കിടയില്‍ വലിയ മത്സരമാണ് പ്രകടമായിരിക്കുന്നത്. 17ന് ലേലം അവസാനിക്കുന്നതോടെ ഒരു കളിയില്‍ പങ്കെടുക്കാന്‍ ഏര്‍പ്പെടുത്തിയ ഏക ടികറ്റിന്റെ വില കായിക ചരിത്രത്തിലെ തന്നെ ഏറ്റവും വലുതായിരിക്കുമെന്നാണ് വിലയിരുത്തല്‍.
Keywords: Bid for Riyadh Season Cup's special 'Beyond Imagination' ticket hits SR9.3 million, Saudi Arabia, Riyadh, Football, Auction, Business Man, Trending, Ticket, Gulf, World, Sports, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

