SWISS-TOWER 24/07/2023

പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇവരെ സൂക്ഷിച്ചില്ലെങ്കില്‍ കോടികള്‍ നഷ്ടപ്പെട്ടേക്കാം, അടുത്ത ഇര നിങ്ങളാകാം

 


ദുബൈ: (www.kvartha.com 17/10/2016) വാഹന ഇടപാടിന്റെ മറവില്‍ ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ യു എ ഇയില്‍ തമ്പടിച്ചതായി വിവരം പുറത്തുവന്നു. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവാങ്ങിയ ശേഷം പണം നല്‍കാതെ ചെക്ക് നല്‍കുന്ന സംഘമാണ് തട്ടിപ്പ് നടത്തുന്നത്. വാഹനം വില്‍പന നടത്തിയ ആള്‍ ചെക്കുമായി ബാങ്കില്‍ പോകുമ്പോള്‍ ലഭിക്കുന്ന മറുപടി അക്കൗണ്ടില്‍ പണമില്ലെന്നാണ്. മലയാളികള്‍ അടക്കമുള്ളവര്‍ ദുബൈയില്‍ ഈ രീതിയില്‍ തട്ടിപ്പിനിരയായതായുള്ള വിവരങ്ങളാണ് പുറത്തുവന്നത്.

കാസര്‍കോട് സ്വദേശിയായ ബഷീര്‍ എന്ന യുവാവ് വാഹനതട്ടിപ്പ് സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് നിയമത്തിന്റെ വഴിയിലാണ്. നാട്ടില്‍ പുതിയ വീട് നിര്‍മ്മാണത്തിനായി പണം വേണ്ടിവന്നതിനാല്‍ തന്റെ വാഹനം വില്‍പന നടത്താന്‍ ബഷീര്‍ തീരുമാനിക്കുകയായിരുന്നു. ഇതുസംബന്ധിച്ചുള്ള പരസ്യം ഓണ്‍ലൈന്‍ സൈറ്റുവഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് രണ്ടംഗസംഘം ബഷീറിനെ സമീപിച്ച് കച്ചവടമുറപ്പിച്ചത്.

2,000 ദിര്‍ഹം കുറച്ചുനല്‍കണമെന്ന് ഇവര്‍ ബഷീറിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അതിനനുസരിച്ചുള്ള വിലയാണ് നിശ്ചയിച്ചത്. ഒടുവില്‍ 93,000 ദിര്‍ഹം നല്‍കാമെന്നായിരുന്നു സംഘം ബഷീറിനെ അറിയിച്ചത്. പണം ആവശ്യപ്പെട്ടപ്പോള്‍ ഈ തുകയുടെ ചെക്കാണ് ഇവര്‍ ബഷീറിന് നല്‍കിയത്. തുടര്‍ന്ന് വാഹനം സംഘത്തിന് രജിസ്റ്റര്‍ ചെയ്തുനല്‍കുകയും ചെയ്തു. ചെക്കുമായി ബഷീര്‍ ബാങ്കില്‍ ചെന്നപ്പോഴാണ് അക്കൗണ്ടില്‍ പണമില്ലെന്ന് വ്യക്തമായത്. ഇതേ തുടര്‍ന്ന് ബഷീര്‍ വാഹനം വാങ്ങിയവരുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പണമിടപാടില്‍ ചില സാങ്കേതികബുദ്ധിമുട്ടുകള്‍ വന്നതായി അറിയിക്കുകയും 93,000 ത്തിന്റെ പുതിയൊരു ചെക്ക് കൂടി നല്‍കുകയും ചെയ്തു.

എന്നാല്‍ ഈ ചെക്കും ബാങ്കിലെ അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടക്കി. ഇതോടെ തട്ടിപ്പ് ബോധ്യപ്പെട്ട ബഷീര്‍ ദുബൈ പോലീസില്‍ പരാതി നല്‍കിയെങ്കിലും പോലീസ് നിസഹായത പ്രകടിപ്പിച്ചു. ബഷീറിന്റെ പൂര്‍ണ സമ്മതത്തോടെ രജിസ്‌ട്രേഷന്‍ നടക്കുകയും ചെക്ക് ലഭിക്കുകയും ചെയ്തതിനാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനാകില്ലെന്ന നിലപാടിലാണ് പോലീസ്. വഞ്ചനയ്ക്ക് കോടതിയെ സമീപിക്കുന്നതാണ് നല്ലതെന്നും നിര്‍ദേശമാണ് പോലീസ് ബഷീറിന് നല്‍കിയത്. യു എ ഇയിലെ 96.7 എഫ് എം റേഡിയോയാണ് ബഷീര്‍ തട്ടിപ്പിനിരയായ സംഭവം പുറത്തുവിട്ടത്.

വാഹന ഇടപാടുകള്‍ നടത്തുമ്പോള്‍ രജിസ്‌ട്രേഷനുപുറമെ പണം പൂര്‍ണ്ണമായും കൈയില്‍ കിട്ടിയെന്ന് ഉറപ്പുവരുത്തണമെന്നും അല്ലാത്ത പക്ഷം വഞ്ചിക്കപ്പെടുമെന്നും പോലീസ് ബഷീറിനെ ബോധ്യപ്പെടുത്തി. ബഷീര്‍ മോട്ടോര്‍വാഹനവകുപ്പിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ താന്‍ വില്‍പന നടത്തിയ വാഹനം ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുപോയെന്നും ഈ വാഹനം  മറ്റൊരു വിദേശരാജ്യത്ത് ഓടുകയാണെന്നും വ്യക്തമായിട്ടുണ്ട്. സമാനരീതിയില്‍ വാഹനം വില്‍ക്കാന്‍ പരസ്യംനല്‍കിയ മറ്റുചിലരും വഞ്ചിക്കപ്പെട്ടതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.
പ്രവാസികളുടെ ശ്രദ്ധയ്ക്ക്, ഇവരെ സൂക്ഷിച്ചില്ലെങ്കില്‍ കോടികള്‍ നഷ്ടപ്പെട്ടേക്കാം, അടുത്ത ഇര നിങ്ങളാകാം

Keywords:  Dubai, Gulf, Cheating, Car, Check, Sale, Police, Complaint, Registration, Vehicle, Attention to expatriates; new type of cheating in Dubai
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia