സൗദി അറേബ്യയിലെ ഖമീസ് മുശൈത്തില്‍ വ്യോമാക്രമണ ശ്രമം; ഡ്രോണ്‍ തകര്‍ത്ത് അറബ് സഖ്യസേന
Aug 1, 2021, 14:25 IST
റിയാദ്: (www.kvartha.com 01.08.2021) സൗദി അറേബ്യയില്‍ വീണ്ടും വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം ഉണ്ടായത്. ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പിന്തുടര്‍ന്ന് തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.
ശനിയാഴ്ചയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഇത്തരത്തില്‍ സൗദി അറേബ്യയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ പ്രദേശങ്ങളും ലക്ഷ്യമിട്ട് നടത്തുന്ന എല്ലാ ആക്രമണങ്ങളും ശക്തമായി പ്രതിരോധിക്കുമെന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന അറിയിച്ചു.
വെള്ളിയാഴ്ച സൗദിയിലെ ഒരു വാണിജ്യ കപ്പലിന് നേരെയും ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായിരുന്നു. ഹൂതി മിലിഷ്യകള്‍ അയച്ച സ്ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ് സഖ്യസേനകള്‍ തകര്‍ത്തിരുന്നു. സമുദ്രമാര്‍ഗമുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ പിന്തുണയുള്ള ഹൂതി മിലിഷ്യകള്‍ ഭീഷണി ഉയര്‍ത്തുന്നത് തുടരുകയാണെന്ന് സഖ്യസേന കഴിഞ്ഞ ദിവസത്തെ പ്രസ്താവനയില്‍ പറഞ്ഞു.
ബാബല്‍ മന്ദബ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളുടെ സുരക്ഷയും സ്വതന്ത്ര കപ്പല്‍ ഗതാഗതവും ഉറപ്പുവരുത്താന്‍ സഖ്യസേനയുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞതായി സഖ്യസേന കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്താരാഷ്ട്ര കപ്പല്‍ പാതയ്ക്ക് ഹൂതികള്‍ ഭീഷണി ഉയര്‍ത്തുകയാണെന്നും സഖ്യസേന ആരോപിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.