യുഎഇയിലെ ഓണാഘോഷ പരിപാടികളില്‍ മണിമണിയായി മലയാളം സംസാരിച്ച് താരമായി കുവൈത്തി വനിത; അമ്പരന്ന് മലയാളികള്‍

 


അബുദാബി: (www.kvartha.com 09.10.2019) യുഎഇയിലെ ഓണാഘോഷങ്ങളില്‍ മണിമണിയായി മലയാളം സംസാരിച്ച് താരമായി കുവൈത്തി വനിത മര്‍യം അല്‍ ഗബന്ധി. കുവൈത്തില്‍ ജനിച്ചുവളര്‍ന്ന് കുവൈത്ത് ടിവിയിലെ വാര്‍ത്താ അവതാരകയും സര്‍ക്കാര്‍ സ്‌കൂളിലെ സയന്‍സ് അധ്യാപികയുമായ മര്‍യം അല്‍ ഗബന്ധി കേരളീയരേക്കാള്‍ നന്നായി മലയാളം പറഞ്ഞാണ് പ്രവാസി മലയാളികളുടെ ഹൃദയം കവര്‍ന്നത്. ഫുജൈറയിലെ മിഡില്‍ ഈസ്റ്റ് ഗ്രൂപ്പ് ഓഫ് കമ്പനിയും അബുദാബിയില്‍ ദര്‍ശന സാംസ്‌കാരിക വേദിയും സംഘടിപ്പിച്ച ഓണനിലാവ് പരിപാടികളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മര്‍യം.

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ അര്‍പ്പിച്ച് പ്രസംഗം തുടങ്ങിയ അറബി വനിതയുടെ ശുദ്ധ മലയാളം കേട്ട് മലയാളികള്‍ പോലും അമ്പരന്നു. മലയാളത്തോടും മലയാളികളോടും ഇഷ്ടമുണ്ടായതിന്റെ രഹസ്യവും മര്‍യം വെളിപ്പെടുത്തി. ഉപ്പ അബ്ദുള്ള അല്‍ ഗബന്ധി കുവൈത്ത് പൗരനാണ്. കോഴിക്കോട് പന്നിയങ്കര സ്വദേശിയായ ഉമ്മ ആഇഷയാണ് മലയാളത്തിന്റെ ഉസ്താദെന്ന് പറഞ്ഞപ്പോള്‍ നിലയ്ക്കാത്ത കയ്യടിയായിരുന്നു.

 യുഎഇയിലെ ഓണാഘോഷ പരിപാടികളില്‍ മണിമണിയായി മലയാളം സംസാരിച്ച് താരമായി കുവൈത്തി വനിത; അമ്പരന്ന് മലയാളികള്‍

നാടുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാതിരിക്കാന്‍ ആഇഷ നിര്‍ബന്ധപൂര്‍വം കുവൈത്ത് പൗരയായ മകള്‍ക്ക് മലയാളം പഠിപ്പിക്കുകയായിരുന്നു. ഒരേസമയം അറബിയും മലയാളവും ഇംഗ്ലീഷുമെല്ലാം അനായാസേന കൈകാര്യം ചെയ്യുന്നു ഇപ്പോള്‍ ഈ അറബ് വനിത.

 യുഎഇയിലെ ഓണാഘോഷ പരിപാടികളില്‍ മണിമണിയായി മലയാളം സംസാരിച്ച് താരമായി കുവൈത്തി വനിത; അമ്പരന്ന് മലയാളികള്‍

കഴിഞ്ഞ വര്‍ഷം കേരളത്തിലെ പ്രളയത്തെ തുടര്‍ന്ന് പ്രധാന വാര്‍ത്താ ബുള്ളറ്റിനിലേക്ക് മര്‍യത്തെ ക്ഷണിച്ചതും കേരളവുമായുള്ള ബന്ധം മനസിലാക്കിയാണ്. കേരളത്തിന്റെ പ്രളയക്കെടുതികളും ജനം അനുഭവിക്കുന്ന ദുരിതവും വികാരപരമായി അറബിയില്‍ പങ്കുവച്ചതോടൊപ്പം സഹ അവതാരകന്റെ ആവശ്യാര്‍ഥം പച്ച മലയാളത്തില്‍കൂടി പറഞ്ഞത് ഏറെ വൈറലായിരുന്നു. ഇതോടെ മര്‍യം അറബ് ലോകത്തും കേരളത്തിലും താരമായി. പിന്നീട് മലയാളം റിയാലിറ്റി ഷോയിലെത്തിയതോടെ മര്‍യം മലയാളികള്‍ക്കിടയില്‍ പ്രശസ്തയായി.

അബുദാബി മലയാളി സമാജത്തില്‍ പ്രസംഗം തീര്‍ത്ത് വേദി വിടാന്‍ നേരം ഒരു പാട്ടുപാടണമെന്ന ആവശ്യമുയര്‍ന്നപ്പോള്‍ ഒട്ടും നിരാശപ്പെടുത്താതെ കോഴിക്കോടന്‍ ശൈലിയിലൊരു പാട്ടുപാടി. എന്നാല്‍ അതൊന്നും കൊണ്ട് ജനം തൃപ്തിപ്പെട്ടില്ല. ഒരെണ്ണം കൂടിവേണമെന്നായി ആവശ്യം. കൂടെ പാടാന്‍ ആരെങ്കിലും വരികയാണെങ്കില്‍ 'ശാരദാംബരം ചാരു ചന്ദ്രിക' എന്ന പാട്ട് പാടാമെന്ന് മര്‍യം. പറഞ്ഞു. ഇതോടെ വെല്ലുവിളി ഏറ്റെടുത്ത് സദസില്‍ നിന്നൊരാള്‍ വേദിയിലെത്തി മര്‍യത്തോടൊപ്പം മനോഹരമായി പാടിയപ്പോള്‍ നിലയ്ക്കാത്ത കരഘോഷം.

വേദിയെ സജീവമാക്കിയ മര്‍യം ഓണനിലാവിലെ കലാപരിപാടികളും ജാസി ഗിഫ്റ്റിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ആസ്വദിച്ചാണ് വേദിവിട്ടത്. ചില പാട്ടുകള്‍ ഏറ്റുപാടുകയും ചെയ്തിരുന്നു. മലയാളികളെ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞ അവര്‍ കുശലം ചോദിക്കാനെത്തിയവരോടെല്ലാം സൗഹൃദം പങ്കിട്ടും സെല്‍ഫിക്ക് പോസ് ചെയ്തും ആസ്വദിക്കുന്നുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  An Arabic woman proficiently speaks three Indian language,Abu Dhabi, News, Kuwait, Teacher, Gulf, Malayalees, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia