Air India Express | പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത: എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് ദുബൈ-കണ്ണൂര്‍ സര്‍വീസ് കേരള പിറവി ദിനത്തില്‍
Oct 29, 2022, 09:15 IST
കണ്ണൂര്‍: (www.kvartha.com) പ്രവാസികള്‍ക്ക് ആശ്വാസമേകി കൊണ്ട് ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിക്കുന്നു. നവംബര്‍ ഒന്ന് മുതല്‍ ആഴ്ചയില്‍ നാല് ദിവസമാണ് സര്‍വീസ്. ആദ്യദിനങ്ങളില്‍ 300 ദിര്‍ഹം നിരക്കില്‍ ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് ടികറ്റ് ലഭിക്കുമെന്ന് എയര്‍ ഇന്‍ഡ്യ അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
നവംബര്‍ ഒന്ന് മുതല്‍ ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസങ്ങളിലാണ് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് കണ്ണൂരിലേക്ക് പറക്കുക. വൈകുന്നേരം യുഎഇ സമയം 6:40 ന് പുറപ്പെടുന്ന IX 748 വിമാനം കണ്ണൂരില്‍ ഇന്‍ഡ്യന്‍ സമയം 11: 50 ന് എത്തുമെന്ന് എയര്‍ ഇന്‍ഡ്യ അറിയിച്ചു. ആദ്യദിവസങ്ങളില്‍ 300 ദിര്‍ഹം ടികറ്റ് നിരക്ക്, അഞ്ച് കിലോ അധികബാഗേജ് എന്നീ ആനുകൂല്യങ്ങളും വിമാനകംപനി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരില്‍ തിരിച്ച് IX 747 വിമാനം തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ രാത്രി 12.50 പുറപ്പെടും. ദുബൈയില്‍ പുലര്‍ചെ 3.15 ന് എത്തും.
നിലവില്‍ ദുബൈയില്‍ നിന്ന് കണ്ണൂരിലേക്ക് ഗോഫസ്റ്റ് വിമാനങ്ങള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ദുബൈ-കണ്ണൂര്‍ സര്‍വീസിന് പുറമെ ആന്ധ്രാപ്രദേശിലെ വിജവാഡയിലേക്ക് ശാര്‍ജയില്‍ നിന്ന് പുതിയ സര്‍വീസും എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈമാസം 31 മുതല്‍ തിങ്കള്‍, ശനി ദിവസങ്ങളിലായിരിക്കും ശാര്‍ജ-വിജവാഡ സര്‍വീസ്. യുഎഇയില്‍ നിന്ന് വിജയവാഡയിലേക്ക് നേരിട്ട് സര്‍വീസ് നടത്തുന്ന ആദ്യ വിമാനകംപനിയാണ് തങ്ങളെന്ന് എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസ് വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. രാവിലെ 11 നാണ് വിജയവാഡ വിമാനം ശാര്‍ജയില്‍ നിന്ന് പുറപ്പെടുകയെന്ന് അധികൃതര്‍ അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.