യുഎഇയിലെ ഹൂതി ആക്രമണ ഭീഷണി ചെറുക്കുന്നതിന് പിന്തുണയുമായി അമേരിക; വിര്‍ജീനിയയില്‍നിന്ന് 6 യുദ്ധവിമാനങ്ങള്‍ അബൂദബിയിലെത്തി
Feb 14, 2022, 12:58 IST
അബൂദബി: (www.kvartha.com 14.02.2022) യുഎഇയുടെ പ്രതിരോധ ശേഷിക്ക് കരുത്തേകാന്‍ യുഎസ് യുദ്ധവിമാനങ്ങള്‍. ഹൂതികളുടെ ആക്രമണ ഭീഷണി ചെറുക്കുന്നതിന് ശനിയാഴ്ച ആറ് എഫ് -22 യുദ്ധവിമാനങ്ങള്‍ വിര്‍ജീനിയയിലെ യുഎസ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്ന് അബൂദബിയിലെ അല്‍ ദഫ്‌റ വ്യോമ താവളത്തിലെത്തി.
എന്നാല്‍ എത്ര യുദ്ധവിമാനങ്ങളാണ് ഇപ്പോള്‍ യുഎഇയിലേക്ക് അയച്ചതെന്ന് അമേരിക ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ആറ് എഫ് - 22 വിമാനങ്ങള്‍ യുഎഇയിലേക്ക് പുറപ്പെടുന്ന ചിത്രങ്ങള്‍ യുഎസ് വ്യോമസേന പുറത്തുവിട്ടിട്ടുണ്ട്. യെമനിലെ സായുധ വിമത സംഘമായ ഹൂതികളുടെ ആക്രമണം പ്രതിരോധിക്കാന്‍ യുഎഇക്ക് പിന്തുണ നല്‍കുമെന്ന് അമേരിക നേരത്തെ പ്രഖ്യാപിച്ചിരുന്നു.
യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ മിസൈലുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള അമേരികന്‍ യുദ്ധക്കപ്പല്‍ യുഎസ്എസ് കോള്‍ യുഎഇയിലെത്തിയിട്ടുണ്ട്. ഇപ്പോള്‍ അബൂദബിയില്‍ നങ്കൂരമിട്ടിരിക്കുന്ന ഈ അത്യാധുനിക യുദ്ധക്കപ്പല്‍ യുഎഇ നാവിക സേനയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. രഹസ്യാന്വേഷണ, മുന്നറിയിപ്പ് സംവിധാനങ്ങള്‍ക്ക് പുറമെ വ്യോമ പ്രതിരോധത്തിന് ആവശ്യമായ പിന്തുണയും ഈ യുദ്ധക്കപ്പല്‍ ഒരുക്കും.
അബൂദബിയിലെ അല്‍ ദഫ്‌റ എയര്‍ ബേസില്‍ നിലവില്‍ 2000 അമേരികന്‍ സൈനികരാണുള്ളത്. മേഖലയില്‍ സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിന് ഇപ്പോള്‍ തന്നെ ശക്തമായ സംവിധാനങ്ങളുള്ള യുഎഇ വ്യോമ സേനയ്ക്ക് അമേരികന്‍ യുദ്ധ വിമാനങ്ങള്‍ പിന്തുണ നല്‍കുമെന്ന് അമേരികന്‍ വ്യോമസേനയുടെ മിഡില്‍ ഈസ്റ്റ് കമാഡര്‍ പ്രസ്താവനയിലൂടെ അറിയിച്ചു. യുഎഇയുമായി അമേരികയ്ക്കുള്ള തന്ത്രപരമായ പങ്കാളിത്തമാണ് ഈ സൈനിക സഹകരണത്തിലൂടെ വ്യക്തമാവുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.