അബൂദബി: (www.kvartha.com 18.01.2022) തിങ്കളാഴ്ച രാവിലെ അബൂദബിയിലുണ്ടായ ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞതായി അബൂദബിയിലെ ഇന്‍ഡ്യന്‍ എംബസി. എന്നാല്‍ മരിച്ചവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ എംബസിയോ യുഎഇ അധികൃതരോ പുറത്തുവിട്ടിട്ടില്ല.
മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ വേണ്ടി അഡ്‌നോക് ഉള്‍പെടെയുള്ള യുഎഇ അധികൃതരുമായി ചേര്‍ന്ന് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും എംബസി ട്വീറ്റ് ചെയ്തു.
മുസഫയില്‍ എണ്ണ ടാങ്കെറുകള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്‍ഡ്യക്കാര്‍ക്ക് പുറമെ ഒരു പാകിസ്താന്‍ സ്വദേശിയും മരിച്ചിരുന്നു. മൂന്ന് പേരും അഡ്‌നോകിലെ ജീവനക്കാരാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പരിക്കേറ്റ ആറ് പേരില്‍ രണ്ട് പേര്‍ ഇന്‍ഡ്യക്കാരണെന്നും എംബസി സ്ഥിരീകരിച്ചു. ഇവരെ കഴിഞ്ഞ ദിവസം രാത്രി തന്നെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.
അബൂദബിയില്‍ രണ്ടിടങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. തിങ്കളാഴ്ച രാവിലെ മുസഫയിലും അബൂദബി വിമാനത്താവളത്തിന് സമീപത്തുള്ള നിര്‍മാണ മേഖലയിലുമായിരുന്നു സ്‌ഫോടനങ്ങള്‍. മുസഫയില്‍ അഡ്‌നോകിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള മൂന്ന് എണ്ണ ടാങ്കെറുകല്‍ പൊട്ടിത്തെറിച്ചാണ് മൂന്ന് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്.
യെമനിലെ ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണമാണ് സ്‌ഫോടനങ്ങള്‍ക്ക് കാരണമായതെന്ന് തിങ്കളാഴ്ച രാത്രിയോടെ യുഎഇ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഭീകരാക്രമണത്തോടും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളോടും പ്രതികരിക്കാന്‍ യുഎഇക്ക് എല്ലാ അവകാശവുമുണ്ടെന്ന് വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അബൂദബിയില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തെ സുതാര്യമായും ഉത്തരവാദിത്തതോടുമാണ് യുഎഇ കൈകാര്യം ചെയ്യുന്നതെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ ഗര്‍ഗാഷ് ട്വിറ്റെറില്‍ കുറിച്ചു. മേഖലയുടെ സുരക്ഷയും സുരക്ഷിതത്വവും ഇല്ലാതാക്കാന്‍ ഹൂതികള്‍ക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ഡ്രോണ്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ യുഎഇക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പിന്തുണ അറിയിച്ചും ലോകരാജ്യങ്ങള്‍ രംഗത്തെത്തി. യുഎഇക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച അമേരിക, രാജ്യത്തിന് നേരെയുള്ള എല്ലാ ഭീഷണികളെയും ചെറുക്കാന്‍ ഒപ്പം നില്‍ക്കുമെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
അമേരികന്‍ വിദേശകാര്യ സെക്രടറി ആന്റണി ബ്ലിന്‍കെന്‍, യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ഫോണില്‍ സംസാരിച്ചു. ഹൂതികള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ടെന്നും ആക്രമണത്തിന്റെ പ്രത്യാഘാതത്തിനും അവരെ ഉത്തരവാദികളാക്കാന്‍ യുഎഇയുമായും അന്താരാഷ്ട്ര സഹകാരികളുമായും ചേര്‍ന്ന് അമേരിക പ്രവര്‍ത്തിക്കുമെന്നും വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സളിവന്‍ പറഞ്ഞു.
സാധാരണ ജനങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ എല്ലാ അന്താരാഷ്ട്ര - മനുഷ്യാവകാശ നിയമങ്ങളും ലംഘിച്ചുള്ളവയാണെന്ന് ഐക്യരാഷ്ട്രസഭ സെക്രടറി ജനറല്‍ അന്റോണിയോ ഗുടെറസ് അഭിപ്രായപ്പെട്ടു. യുഎഇക്ക് നേരെയുണ്ടായ ആക്രമണത്തെ അപലപിക്കുന്നതായും അദ്ദേഹം അറിയിച്ചു.
ഡ്രോണ്‍ ആക്രമണമുണ്ടായതിന് പിന്നാലെ ശക്തമായി അപലിച്ചുകൊണ്ട് സഊദി അറേബ്യയും രംഗത്തെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരന്‍, അബൂദബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂടി സുപ്രീം കമാഡെറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി ഫോണില്‍ സംസാരിച്ചു. ആക്രമണത്തെ അപലപിച്ചുകൊണ്ട് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.
എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ടുള്ള ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഖത്വര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബഹ്‌റൈന്‍, കുവൈത്, ഒമാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളും യെമന്‍ വിദേശകാര്യ മന്ത്രാലയവും, ഗള്‍ഫ് സഹകരണ കൗണ്‍സില്‍, അറബ് പാര്‍ലമെന്റ്, ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപറേഷന്‍ എന്നിവയും ആക്രമണത്തെ അപലപിക്കുകയും യുഎഇക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
Keywords:
News, World, International, Gulf, Abu Dhabi, America, UAE, Drone, Drone Attack, Death, Indian, Embassy, Abu Dhabi attack: 2 Indian victims identified, bodies to be repatriated, says Embassy
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.