Returned | 3 വർഷം മുമ്പ് റോഡിൽ തളർന്നുവീണ പ്രവാസിയുടെ ജീവിതകഥ സിനിമയെ വെല്ലുന്നത്; ഒടുവിൽ സഫലമായി 'കേളി'യുടെ ശ്രമം
● മൂന്ന് വർഷത്തെ ദുരിതത്തിന് ശേഷം നാട് അണഞ്ഞു
● കേളി സാംസ്കാരിക വേദിയുടെ ശ്രമഫലമായി രക്ഷപ്പെടുത്തി
● ഇന്ത്യൻ എംബസിയും സഹായം നൽകി
ജിദ്ദ: (KVARTHA) സിനിമയെ വെല്ലുന്നതാണ് റിയാദിലെ അൽഖർജ് പ്രവിശ്യയിൽ കെട്ടിട നിർമാണ തൊഴിലാളിയായിരുന്ന കന്യാകുമാരി പാറശാല സ്വദേശിയായ സ്റ്റാലിന്റെ ജീവിതം. മൂന്ന് വർഷം മുമ്പ്, അവശ്യസാധനങ്ങൾ വാങ്ങുന്നതിനായി റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോഡിൽ അബോധാവസ്ഥയിൽ തളർന്ന് വീണ സ്റ്റാലിന് കഴിഞ്ഞ ദിവസം നാടണയാൻ സാധിച്ചു. റിയാദിലെ കേളി സാംസ്കാരിക വേദിയുടെ ശ്രമം ഫലം കണ്ടപ്പോഴാണ് നാട്ടിലെത്തിയത്.
റോഡിൽ തളർന്ന് വീണ സ്റ്റാലിനെ ഉടൻ തന്നെ സമീപത്തുള്ളവർ അൽഖർജ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോധം തിരിച്ചു കിട്ടിയത് ഒന്നരമാസത്തെ ചികിത്സയ്ക്ക് ശേഷമായിരുന്നു. തുടർന്ന് ആറു മാസത്തെ ചികിത്സയിലൂടെ ശരീരം മെച്ചപ്പെട്ടു. അതിനിടയിൽ വിദഗ്ധ ചികിത്സക്ക് നാട്ടിലയക്കാനായി സ്പോൺസർ എക്സിറ്റ് അടിക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരിൽ കേസ് ഉള്ളതായി അറിയുന്നത്. തുടർന്ന് വിവിധ സംഘടനകളുടെ സഹായത്തോടെ കേസിന്റെ വിശദാംശങ്ങൾ ആരായാൻ ശ്രമിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല.
തന്റെ പേരിലുള്ള കേസ് എന്താണെന്ന് അറിയാതെ കുഴങ്ങിയ സ്റ്റാലിൻ ഒടുവിൽ സഹായത്തിനായി കേളി പ്രവർത്തകരെ സമീപിച്ചു. താൻ ഇതുവരെയും ഒരു കേസിൽ പോലുംപ്പെട്ടിട്ടില്ലെന്ന ഉറച്ച ബോധ്യത്തിലായിരുന്നു സ്റ്റാലിൻ. കേളി കേന്ദ്ര ജീവകാരുണ്യ കമ്മറ്റി അംഗവും അൽഖർജ് ഏരിയ കൺവീനറുമായ നാസർ പൊന്നാനി ഇന്ത്യൻ എംബസി മുഖേന നടത്തിയ അന്വേഷണത്തിലാണ് റിയാദിലെ ബത്ത സ്റ്റേഷനിൽ മദ്യവുമായി ബന്ധപ്പെട്ട കേസ് ഉണ്ടെന്ന് അറിയാൻ സാധിച്ചത്.
അൽഖർജിൽ താമസിക്കുന്ന താൻ എങ്ങനെ ബത്ത സ്റ്റേഷനിൽ ഇത്തരത്തിൽ ഒരു കേസിൽ പെട്ടു എന്നത് സ്റ്റാലിന് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് സ്വയം പരിശോധിച്ചപ്പോഴാണ് മുമ്പൊരിക്കൽ ബത്തയിൽ പോയി തിരിച്ചു വരും വഴി ടാക്സിയിൽ ഉണ്ടായിരുന്ന രണ്ട് അറബ് വംശജർ വഴക്കടിക്കുകയും ഡ്രൈവർ പൊലീസിനെ വിളിച്ചു വരുത്തുകയും ചെയ്തതായി സ്റ്റാലിൻ ഓർക്കുന്നത്.
പൊലീസിനെ കണ്ടതും വഴക്ക് കൂടിയവർ റോഡ് മുറിച്ചു കടന്ന് ഓടി രക്ഷപ്പെട്ടു. പൊലീസ് വാഹനം പരിശോധിക്കുകയും വാഹനത്തിൽ നിന്നും മദ്യം പിടികൂടുകയും ചെയ്തു. തുടർന്ന് ബത്ത പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയ ഡ്രൈവറെയും സ്റ്റാലിനെയും രണ്ട് മണിക്കൂറിനകം പറഞ്ഞു വിട്ടു. ഈ സംഭവം നടക്കുന്നത് അഞ്ച് വർഷം മുമ്പാണെന്ന് സ്റ്റാലിൻ പറയുന്നു.
തുടർന്ന് നാസർ പൊന്നാനി ബത്ത സ്റ്റേഷനിലെ മുതിർന്ന പൊലീസ് ഉദ്യാഗസ്ഥനെ കണ്ട് സ്റ്റാലിന്റെ വിവരങ്ങൾ ധരിപ്പിച്ചു. രേഖകൾ പരിശോധിച്ച പൊലീസ് മേധാവി കേസ് റദ്ദ് ചെയ്യാനും എക്സിറ്റ് അടിക്കുന്നതിനും വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു. ഇന്ത്യൻ എംബസ്സിയുടെ നിർലോഭമായ പിന്തുണ സ്റ്റാലിന് ലഭിച്ചു.
2013ൽ സൗദിയിലെത്തിയ സ്റ്റാലിൻ 2018ലാണ് അവസാനമായി നാട്ടിൽ പോയ് വന്നത്. മൂത്ത മകളുടെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു 2018ൽ നാട്ടിൽ പോയത്. രണ്ടാമത്തെ മകളുടെ വിവാഹത്തിന് 2021ൽ നാട്ടിൽ പോകാനിരിക്കുന്ന സമയത്താണ് ശരീരം തളർന്ന് കിടപ്പിലാകുന്നത്. സ്റ്റാലിന്റെ പേരിലുണ്ടായിരുന്ന കേസ് പിൻവലിച്ച് ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ എക്സിറ്റ് തരപെടുത്തി.
ദീർഘകാലം രോഗാവസ്ഥയിലും ജോലിയില്ലാതെയും കഴിഞ്ഞ സ്റ്റാലിന് സഹപ്രവർത്തകരും, സുമനസുകളുമാണ് തുണയായത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ശരിയാവാനെടുത്ത കാലതാമസം ഒരു തരത്തിൽ അനുഗ്രഹമായി മാറി. ഈ കാലയളവിനുള്ളിൽ അസുഖം പൂർണമായി മാറുകയും പൂർണ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്‌തു. എക്സിറ്റ് ലഭിച്ച സ്റ്റാലിന് യാത്രാ ടിക്കറ്റും, വസ്ത്രങ്ങളുമെല്ലാം സുഹൃത്തുക്കൾ നൽകി.
സ്റ്റാലിനും ഒരു ഗൾഫ് പ്രവാസിയാണ്. പണവും പത്രാസും ഉണ്ടാവേണ്ട ഗൾഫുകാരൻ. ആറുവർഷത്തെ ഗൾഫ് പ്രവാസത്തിന്റെ ശേഷം സ്റ്റാലിൻ കുടുംബത്തിലേക്ക് മടങ്ങിയതാകട്ടെ വെറും കയ്യോടെയും.
#News #SaudiArabia #rescue #humanitarian #expatriate