UAE Green Visa | സ്വന്തം സ്‌പോണ്‍സര്‍ഷിപില്‍ യുഎഇയില്‍ ജോലി: ഗ്രീന്‍ വീസയ്ക്ക് സെപ്റ്റംബര്‍ 5 മുതല്‍ അപേക്ഷിക്കാം; വിവിധ മേഖലകളിലെ വിദഗ്ധര്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍ എന്നിവര്‍ക്ക് അവസരം
Aug 31, 2022, 09:56 IST
അബൂദബി: (www.kvartha.com) ഇനി സ്വന്തം സ്‌പോണ്‍സര്‍ഷിപില്‍ യുഎഇയില്‍ ജോലിയും ബിസിനസും ചെയ്യാം. അഞ്ച് വര്‍ഷത്തെ ഗ്രീന്‍ വീസയ്ക്ക് സെപ്റ്റംബര്‍ അഞ്ച് മുതല്‍ അപേക്ഷിക്കാം. യുഎഇയിലെ നിലവിലുള്ള നിക്ഷേപകര്‍/ബിസിനസ് പങ്കാളികള്‍ എന്നിവര്‍ക്കും ഗ്രീന്‍ വീസയിലേക്ക് മാറാം. നിലവില്‍ ഇവര്‍ രണ്ട് വര്‍ഷത്തെ വീസയിലാണുള്ളത്. മൊത്തം നിക്ഷേപത്തുക പരിഗണിച്ചാകും ഗ്രീന്‍ വീസ നല്‍കുക.
ഗ്രീന്‍ വീസ ഉടമകളുടെ ഭാര്യ/ഭര്‍ത്താവ്, മക്കള്‍, മാതാപിതാക്കള്‍ എന്നിവര്‍ക്ക് തുല്യകാലയളവിലേക്ക് വീസ ലഭിക്കും. വീസ കാലാവധി കഴിഞ്ഞാലും 30 ദിവസത്തിനകം പുതുക്കാം. വിദേശത്തുള്ളവര്‍ക്ക് യുഎഇയിലെത്തി ഗ്രീന്‍ വീസ നടപടി പൂര്‍ത്തിയാക്കാന്‍ 60 ദിവസത്തെ എന്‍ട്രി പെര്‍മിറ്റ് നല്‍കും.
വിവിധ മേഖലകളിലെ വിദഗ്ധര്‍, സ്വയം സംരംഭകര്‍, നിക്ഷേപകര്‍ എന്നിവര്‍ക്കാണ് അവസരം. കംപനി ഡയറക്ടര്‍മാര്‍, എക്‌സിക്യൂടീവുകള്‍, എന്‍ജിനീയര്‍മാര്‍, ശാസ്ത്ര, സാങ്കേതിക, മാനുഷിക മേഖലകളിലെ പ്രഫഷനലുകള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരും ഇതില്‍ ഉള്‍പെടും.
ബാച്‌ലര്‍ ഡിഗ്രിയുള്ളവരും രണ്ട് വര്‍ഷത്തിനിടെ 3,60,000 ദിര്‍ഹത്തില്‍ (77,89,956 രൂപ) കുറയാത്ത വരുമാനമുള്ളവരുമായ സ്വയം സംരംഭകരും ഫ്രീലാന്‍സര്‍മാരുമാരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. മാനവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയത്തില്‍നിന്ന് ഫ്രീലാന്‍സര്‍, സ്വയം സംരംഭക ലൈസന്‍സും ഉണ്ടായിരിക്കണം.
ശാസ്ത്രം, നിയമം, വിദ്യാഭ്യാസം, സാംസ്‌കാരികം, സാമൂഹികശാസ്ത്രം തുടങ്ങിയ മേഖലകളില്‍ ഒന്‍പത് വിഭാഗങ്ങളിലെ അതിവിദഗ്ധരെ ഗ്രീന്‍ വീസയ്ക്ക് പരിഗണിക്കും. പ്രതിമാസം 15,000 ദിര്‍ഹമോ (3,24,581 രൂപ) അതില്‍ കൂടുതലോ സമ്പാദിക്കുന്ന ബാച്ലേഴ്‌സ് ഡിഗ്രിയുള്ളവരും യുഎഇയില്‍ സാധുതയുള്ള തൊഴില്‍ കരാര്‍ ഉള്ളവരും ആയിരിക്കണം.
അതേസമയം, ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തു താമസിക്കുന്നവരുടെ ഗ്രീന്‍ വീസ റദ്ദാകും.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.