Milestone | യൂട്യൂബിൽ റെക്കോർഡുകൾ വാരിക്കൂട്ടി ക്രിസ്റ്റ്യാനോ റൊണാൾഡോ
24 മണിക്കൂറിനുള്ളിൽ ഒരു കോടി സബ്സ്ക്രൈബേഴ്സ്!
റിയാദ്: (KVARTHA) ഫുട്ബോൾ ഗ്രൗണ്ടിൽ മാത്രമല്ല, സമൂഹമാധ്യമങ്ങളിലും ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ ആധിപത്യം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരമെന്ന നിലയിലും ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള വ്യക്തി എന്ന നിലയിലും റൊണാൾഡോ ഇതിനകം ലോക റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്.
ഇപ്പോൾ യൂട്യൂബിലും റൊണാൾഡോ തന്റെ മികവ് തെളിയിച്ചിരിക്കുകയാണ്. 'യുആർ ക്രിസ്റ്റ്യാനോ' (UR Cristiano) എന്ന പേരിൽ തുടങ്ങിയ തന്റെ യൂട്യൂബ് ചാനലിൽ ആദ്യ മണിക്കൂറിൽ തന്നെ 10 ലക്ഷം സബ്സ്ക്രൈബേഴ്സിനെ സ്വന്തമാക്കിയ റൊണാൾഡോ, യൂട്യൂബ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിച്ച വ്യക്തിയായി. 24 മണിക്കൂറിനുള്ളിൽ ഒരു കോടി സബ്സ്ക്രൈബേഴ്സിനെ കടന്ന റൊണാൾഡോ, ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ യുട്യൂബറുമായി.
എക്സില്‍ 11.25 കോടി, ഫേസ്ബുക്കിൽ 17 കോടി, ഇൻസ്റ്റാഗ്രാമിൽ 63.6 കോടി എന്നിങ്ങനെ മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ റൊണാൾഡോയ്ക്ക് വലിയൊരു ആരാധകവൃന്ദമുണ്ട്. യൂട്യൂബിലും ഈ ആരാധകർ തങ്ങളുടെ ഇഷ്ട താരത്തെ പിന്തുടരുന്നു.
റൊണാൾഡോ തന്റെ യൂട്യൂബ് ചാനൽ തുടങ്ങിയതിനെക്കുറിച്ച് ആരാധകരോട് സന്തോഷം പങ്കുവെച്ചിരുന്നു. ആദ്യ ദിനം തന്നെ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്ത റൊണാൾഡോ, യൂട്യൂബ് നൽകുന്ന ഗോൾഡൻ പ്ലേ ബട്ടൺ തന്റെ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിക്കുന്ന വീഡിയോയും പങ്കുവെച്ചു.
ഇങ്ങനെ പോയാൽ റൊണാൾഡോ യൂട്യൂബിലെ ഏറ്റവും വലിയ ചാനലായ മിസ്റ്റർ ബീസ്റ്റിനെ
(MrBeast) പോലും മറികടക്കുമെന്നാണ് ആരാധകർ പറയുന്നത്.