Ahmed Refaat | ഹൃദയം തകർന്ന് ഫുട്‍ബോൾ പ്രേമികൾ; ഈജിപ്ഷ്യൻ താരം അഹ്‌മദ് റെഫാത്തിന്റെ ആകസ്മിക വിടവാങ്ങൽ ദുഃഖത്തിലാഴ്ത്തി


കൈറോ: (KVARTHA) ഈജിപ്ഷ്യൻ ഫുട്ബോൾ താരം അഹ്‌മദ് റെഫാത്തിന്റെ (31) ആകസ്മിക വിടവാങ്ങൽ ഫുട്‍ബോൾ പ്രേമികളെ ദുഃഖത്തിലാഴ്ത്തി. അൽ-ഇത്തിഹാദ് അലക്‌സാൻഡ്രിയയ്‌ക്കെതിരായ മോഡേൺ ഫ്യൂച്ചറിൻ്റെ ലീഗ് മത്സരത്തിൻ്റെ 88-ാം മിനിറ്റിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് മാർച്ച് 11 ന് തീവ്രപരിചരണ വിഭാഗത്തിൽ റെഫാത്തിനെ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയിൽ ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തി.
ചികിത്സയിലായിരുന്ന റെഫാത്ത് ഈ അടുത്ത കാലത്താണ് ആശുപത്രി വിട്ടത്. ഹൃദയ താളം നിയന്ത്രിക്കുന്ന മെഡിക്കൽ ഉപകരണമായ പേസ്‌മേക്കറിന്റെ സഹായത്തോടെ താരം ചികിത്സ തുടർന്നിരുന്നു. ഇതിനിടെ ആരോഗ്യനില ഗുരുതരമായി വഷളായതിനെ തുടർന്ന് ശനിയാഴ്ച വിടവാങ്ങുകയായിരുന്നുവെന്ന് ക്ലബ് പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.
ഉജ്വലമായ കരിയർ
2013 മുതൽ ഈജിപ്ഷ്യൻ ദേശീയ ടീമിന്റെ ഭാഗമായിരുന്നു. ക്ലബ് തലത്തിലും തിളങ്ങിയ താരമായിരുന്നു അദ്ദേഹം. പ്രധാനമായും വിങ്ങറായാണ് കളിച്ചിരുന്നത്. വേഗതയേറിയതും കൃത്യതയുള്ള പാസുകളും ക്രോസുകളും നൽകുന്നതിലടക്കം കഴിവുറ്റ താരമായിരുന്നു. കരിയർ ആരംഭിച്ചത് ഇഎൻപിപിഐ ക്ലബ്ബിൽ കളിച്ചുകൊണ്ടാണ്. 2016 ൽ സമാലെക് ക്ലബ്ബിലേക്ക് ചേക്കേറിയ അദ്ദേഹം 2019 ൽ വീണ്ടും ഇഎൻപിപിഐയിലേക്ക് തിരിച്ചെത്തി. 2019 ന് ശേഷം അൽ ഇത്തിഹാദ് ക്ലബ്ബിനായി കളിച്ചു. 2020 നവംബറിൽ അൽ മസ്രി ക്ലബ്ബിലേക്ക് ചേക്കേറി. 2021 ഒക്ടോബറിൽ ഫ്യൂച്ചർ എഫ്‌സിയിൽ ചേർന്നു.
البقاء لله وربنا يصبر أهله وكل حبايبه 💔 pic.twitter.com/lkUBwtplcd
— Mohamed Salah (@MoSalah) July 6, 2024
അനുശോചന പ്രവാഹം
ഈജിപ്ഷ്യൻ കാൽപന്തുകളി ലോകം താരത്തിന്റെ നിര്യാണത്തിൽ വലിയ ദുഃഖത്തിലാണ്. മുൻ ടീം അംഗങ്ങളും ഫുട്‍ബോൾ പ്രേമികളും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ലിവർപൂൾ താരവും ഈജിപ്ഷ്യൻ ഇതിഹാസവുമായ മുഹമ്മദ് സലാ അടക്കമുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ അനുശോചന കുറിപ്പുകൾ പങ്കിട്ടു.