Durand Cup | ഡുറാൻഡ് കപ്പിൽ കലാശപ്പോര്; മോഹൻബഗാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും
മത്സരം ശനിയാഴ്ച വൈകീട്ട് 5.30 മുതൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും.
കൊൽക്കത്ത: (KVARTHA) ഡുറാൻഡ് കപ്പ് ഫുട്ബോൾ ഫൈനലിൽ മോഹൻബഗാൻ സൂപ്പർ ജയന്റ്‌സിനെതിരിടാൻ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് തയ്യാറെടുക്കുന്നു.
ഡുറാൻഡ് കപ്പിൽ ആദ്യത്തെ ഫൈനൽ പ്രവേശമാണ് നോർത്ത് ഈസ്റ്റിന്. മറുവശത്ത്, പതിനെട്ടാം കിരീടം ലക്ഷ്യമാക്കി മോഹൻബഗാൻ അണിനിരക്കുന്നു. മത്സരം ശനിയാഴ്ച വൈകീട്ട് 5.30 മുതൽ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടക്കും.
സെമിഫൈനലിൽ ബംഗളൂരു എഫ്‌സിനെ തകർത്താണ് മോഹൻബഗാൻ ഫൈനലിലെത്തിയത്. എന്നാൽ ടീം ക്യാപ്റ്റൻ സുഭാഷിഷ് ബോസിന്റെ പരിക്കാണ് മോഹൻബഗാന് ആശങ്കയുണ്ടാക്കുന്നത്. സുഭാഷിഷ് ഫൈനലിൽ കളിക്കാൻ സാധ്യത കുറവാണ്.
ജാസൺ കമ്മിങ്സ്, ദിമിത്രി പെട്രാറ്റോസ്, ലിസ്റ്റൺ കൊളാസോ, അനിരുദ്ധ് താപ്പ എന്നീ താരങ്ങളുടെ സാന്നിധ്യം മോഹൻബഗാന് ഏറെ ബലം പകരും.
മറുവശത്ത്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഷില്ലോങ് ലജോങ് എഫ്‌സിയെ 3-0ന് തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്. ഗ്വില്ലർമോ ഫെർണാണ്ടസ്, എം എസ് ജിതിൻ എന്നിവരാണ് നോർത്ത് ഈസ്റ്റിന്റെ മുൻനിരയുടെ കരുത്.