Football | അർജന്റീനയ്ക്ക് 16-ാം കോപ്പ അമേരിക്ക കിരീടം; കൊളംബിയയെ വീഴ്ത്തി മാർട്ടിനെസിൻ്റെ നിർണായക ഗോൾ


ഫൈനൽ മത്സരം ഒരു മണിക്കൂറും 20 മിനിറ്റും വൈകിയാണ് ആരംഭിച്ചത്
മിയാമി: (KVARTHA) ഫ്ലോറിഡയിലെ മയാമി ഗാര്‍ഡന്‍സിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ കൊളംബിയയെ 1-0ന് പരാജയപ്പെടുത്തി അർജന്റീന 16-ാം തവണയും കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെൻ്റ് കിരീടം സ്വന്തമാക്കി. നിശ്ചിത 90 മിനിറ്റിൽ ഇരുടീമുകൾക്കും ഒരു ഗോൾ പോലും നേടാനാകാതെ വന്ന മത്സരം പകരക്കാരനായി ഇറങ്ങിയ ലൗത്താരോ മാർട്ടിനെസിൻ്റെ നിർണായക ഗോളിൽ അവസാനം അർജൻ്റീനയ്ക്ക് വിജയം നേടിക്കൊടുത്തു.
മാർട്ടിനെസിൻ്റെ ഗോൾ
എക്‌സ്‌ട്രാ ടൈമിൽ സൂപ്പർ സബ്‌സായി ഇറങ്ങിയ മാർട്ടിനെസ് 112-ാം മിനിറ്റിൽ ജിയോവാനി ലോ സെൽസോയുടെ പാസിൽ ഗോൾ നേടി. ടൂർണമെൻ്റിലെ അഞ്ചാം ഗോളാണ് മാർട്ടിനെസിൻ്റെത്. ഫിഫ ലോകകപ്പ് നേടിയ ശേഷം അർജൻ്റീനയുടെ തുടർച്ചയായ മൂന്നാം കിരീടമാണിത്. 2021 കോപ്പ അമേരിക്ക, 2022 ലോകകപ്പ് എന്നിവയും അർജൻ്റീന നേടിയിരുന്നു.
LAUTARO MARTÍNEZ: LA REDENCIÓN. pic.twitter.com/hLoJ9dDjxC
— CONMEBOL Copa América™️ (@CopaAmerica) July 15, 2024
മെസ്സിക്ക് പരിക്കേറ്റു
അവസാന മത്സരത്തിൽ പരിക്കേറ്റ് മെസ്സിക്ക് മൈതാനം വിടേണ്ടി വന്നു. 64-ാം മിനിറ്റിലാണ് മെസ്സിക്ക് പരിക്ക് സംഭവിച്ചത്. പരിശീലകർ അദ്ദേഹത്തിൻ്റെ അവസ്ഥ വിലയിരുത്തിയ ശേഷം പകരക്കാരനെ ഇറക്കി. നിക്കോളാസ് ഗോണ്‍സാലസായിരുന്നു പകരക്കാരന്‍. ടൂര്‍ണമെന്റില്‍ മെസ്സിക്ക് നേടാനായത് ഒരു ഗോള്‍ മാത്രമാണ്. എന്നിരുന്നാലും, മെസ്സിക്ക് കീഴിൽ മറ്റൊരു വലിയ കിരീടം നേടുന്നതിൽ അർജൻ്റീന വിജയിച്ചു.
Campeones💙🤩pic.twitter.com/KAhSl9oSkb
— 3omarty (@omar_0031) July 15, 2024
കൊളംബിയയുടെ വിജയയാത്ര അവസാനിച്ചു
ഈ വിജയത്തോടെ തുടർച്ചയായ 28 മത്സരങ്ങളിലെ കൊളംബിയയുടെ വിജയയാത്രയും അവസാനിച്ചു. 2022 ഫെബ്രുവരി മുതൽ കൊളംബിയ തോൽവിയറിയാതെ മുന്നേറുകയായിരുന്നു. 44-ാം തവണയാണ് ഇരു ടീമുകളും നേർക്കുനേർ വരുന്നത്. കൊളംബിയക്കെതിരെ ഇത് 27-ാം തവണയാണ് അർജൻ്റീന ജയിച്ചത്. ഇരുടീമുകളും തമ്മിൽ എട്ട് മത്സരങ്ങൾ സമനിലയിലായപ്പോൾ ഒമ്പത് തവണ മാത്രമാണ് കൊളംബിയക്ക് ലോക ചാമ്പ്യൻ ടീമിനെ തോൽപ്പിക്കാൻ കഴിഞ്ഞത്.
ഫൈനൽ മത്സരം വൈകിയാണ് ആരംഭിച്ചത്
അർജൻ്റീനയും കൊളംബിയയും തമ്മിലുള്ള ഫൈനൽ മത്സരം ഒരു മണിക്കൂറും 20 മിനിറ്റും വൈകിയാണ് ആരംഭിച്ചത്. ആയിരക്കണക്കിന് ആരാധകർ ടിക്കറ്റ് വാങ്ങാതെ സ്റ്റേഡിയത്തിലേക്ക് കടന്നു കയറാൻ ശ്രമിച്ചതും തുടർന്നുണ്ടായ സംഘർഷവുമാണ് മത്സരം വൈകാൻ കാരണം. സുരക്ഷാ ഉദ്യോഗസ്ഥർ ആരാധകരെ നീക്കം ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതേത്തുടർന്ന് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നതിന് പോലീസ് ഇടപെടുകയും നിരവധി പേരെ പുറത്താക്കുകയും ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം ചില കളിക്കാരുടെ കുടുംബങ്ങൾക്ക് പോലും ബഹളം കാരണം സ്റ്റേഡിയത്തിലേക്ക് കടന്നുചെല്ലാൻ സാധിച്ചില്ല.