Calcium |  എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് ആവശ്യമായ കാത്സ്യം പാലില്‍ മാത്രമല്ല അടങ്ങിയിരിക്കുന്നത്, ഈ ഭക്ഷണപദാര്‍ത്ഥങ്ങളിലുമുണ്ട്

 
veg-milk


ശരീരത്തില്‍ മിക്കവാറും എല്ലാ കാത്സ്യവും അസ്ഥികളില്‍ സംഭരിച്ചിരിക്കുന്നു

(KVARTHA) മനുഷ്യ ശരീരത്തിലെ എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിന് അത്യാവശ്യമായി വേണ്ടുന്ന ഒന്നാണ് കാത്സ്യം. കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്ന പാല്‍ കുടിക്കാന്‍ മടിയുള്ളവരാണ് നിങ്ങളെങ്കില്‍ വിഷമിക്കേണ്ട, കാത്സ്യത്തിന്റെ കലവറയായ മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ മതിയാകും. അത്തരത്തില്‍ കാത്സ്യം ധാരാളമായി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 

1. സീഡുകള്‍

എള്ള്, ചിയ, ചണവിത്തുകള്‍, സൂര്യകാന്തി വിത്തുകള്‍ പോലുള്ള സീഡ്‌സ് ഫുഡില്‍ ധാരാളമായി കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നത് മൂലം ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. സൂപ്പര്‍ ഫുഡ് എന്നറിയപ്പെടുന്ന ചണവിത്തുകള്‍ പൊതുവെ ചര്‍മ്മത്തിന്റെയും അസ്ഥികളുടെയും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. പ്രായാധിക്യം മൂലം നിങ്ങളുടെ അസ്ഥികള്‍ ദുര്‍ബലമാക്കപ്പെടുന്നു അത് അനിവാര്യമായ ഒരു പ്രക്രിയയാണ്. എന്നാല്‍ അതില്‍ നിന്നൊക്ക ഒരു പരിധിവരെ പ്രതിരോധിക്കാനും എല്ലുകള്‍ എന്നും ബലമുള്ളതായി കാത്തുസൂക്ഷിക്കാനും ഇത്തരം സീഡ് ഫുഡുകള്‍ നിരന്തരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. 

2. ചീസ് 

നമ്മുടെ ആന്തരീക അവയവങ്ങള്‍ അസ്ഥികളാല്‍ സംരക്ഷപ്പെടുന്നുണ്ട്. അതിനാല്‍ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. പാലില്‍ ധാരാളം കാത്സ്യം അടങ്ങിയിരിക്കുന്നതായി നമുക്കറിയാം. എന്നാല്‍ പാല്‍ ഉപയോഗിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത ആളുകള്‍ക്ക് ചീസ്, തൈര്, പനീര്‍ എന്നിവയായും ഉപയോഗിക്കാം. ഈ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പ്രോട്ടീനും കാത്സ്യവും ധാരാളം അടങ്ങിയിട്ടുണ്ട്.  ഇവ ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി കഴിക്കുന്നതും കാത്സ്യത്തിന്റെ കുറവിനെ പരിഹരിക്കാന്‍ വളരെയധികം സഹായിക്കും. 

3. ബദാം 

കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്ന ബദാം പതിവായി കഴിക്കുന്നത് എല്ലിന്റെയും പല്ലിന്റെയും ശക്തിക്കും ബലത്തിനും വളരെയധികം നല്ലതാണ്. കൂടാതെ ഇവയില്‍ ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും മഗ്‌നീഷ്യവും അടങ്ങിയിരിക്കുന്നു അതുകൊണ്ട്  കാത്സ്യം ധാരാളം അടങ്ങിയിരിക്കുന്ന ബദാം കഴിക്കുന്നത് പാലിന് തുല്യമായ അളവില്‍ കാത്സ്യം നമ്മുടെ ശരീരത്തില്‍ എത്താന്‍ സഹായിക്കുന്നു. 28 ഗ്രാം ബദാമില്‍ 76 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. 

4. ഇലക്കറികള്‍

കടുംപച്ച നിറത്തിലുള്ള ഇലക്കറികളില്‍ ധാരാളമായി കഴിക്കുക. ഇവ കാത്സ്യം, മഗ്നീഷ്യം, വിറ്റാന്‍ സി, കെ എന്നിവയാല്‍ സമ്പുഷ്ടമായതിനാല്‍ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കും.  വിവിധതരം ചീര, ബ്രൊക്കോളി, മുരിങ്ങയില, തഴുതാമയില, തവര, പത്തില കറികള്‍ എന്നിവ പോലുള്ള ഇലക്കറികള്‍ പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാത്സ്യത്തിന്റെ കലവറയാണ് ഇലക്കറികള്‍. നാടന്‍ ഭക്ഷണ വിഭവങ്ങളായ ചേമ്പില, ചേനയില, പയറില, അങ്ങനെ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ കാണുന്ന ഭക്ഷ്യയോഗ്യമായ ധാരാളം ഇലക്കറികള്‍ ഉണ്ട്. ഇവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക, യുവത്വം കാത്തുസൂക്ഷിക്കാനും, എല്ലുകള്‍ എന്നും ആരോഗ്യത്തോടെ സംരക്ഷിക്കാനും സാധിക്കും.

5. ഡ്രൈഡ് ഫിഗ്‌സ് 

ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശക്തമായ അസ്ഥികള്‍ വളരെ പ്രധാനപ്പെട്ടതാണ്. അസ്ഥികള്‍ പേശികളെ പിന്തുണക്കുന്നു. തലച്ചോറിനെയും ഹൃദയത്തെയും പോലുള്ള ആന്തരീക അവയവങ്ങളെ പരിക്കില്‍ നിന്നും സംരക്ഷിക്കുന്നതും അസ്ഥികളാണ്. അതിനാല്‍ അസ്ഥികള്‍ സംരക്ഷിക്കുന്നതിന് ഡ്രൈഡ് ഫിഗ്‌സ് ഫുഡും പാലിന് പകരമായി നമുക്ക് ഉപയോഗിക്കാവുന്നതാണ്. 100 ഗ്രാം അത്തിപ്പഴത്തില്‍ 55 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഗുണമേന്മയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഉണക്ക അത്തിപ്പഴം കഴിക്കുന്നത് കാത്സ്യത്തിന്റെ അഭാവത്തെ തടയാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

6. ഈന്തപ്പഴം

ഈന്തപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കാത്സ്യത്തിന്റെ അളവ് നമ്മുടെ ശരീരത്തില്‍ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നു. നമ്മുടെ നിത്യജീവിതത്തില്‍ ഉണങ്ങിയതും അല്ലാത്തതുമായും ജ്യൂസായും മറ്റും ഇടക്കിടെ ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. 100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ടെന്നാണ് കണക്ക്.  കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ എല്ലുകളുടെ  സംരക്ഷണത്തിനായി ഈന്തപ്പഴം കഴിക്കുന്നത് നല്ലതാണ്. 

7. പയറുവര്‍ഗങ്ങള്‍

പതിവായി ഭക്ഷണത്തില്‍ വിവിധതരം പയര്‍വര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. വിവിധ തരം പയര്‍ വര്‍ഗ്ഗങ്ങള്‍ കറിയായോ, പുഴുങ്ങിയോ, നമുക്ക് കഴിക്കാവുന്നതാണ്. കുട്ടികള്‍ക്ക് അവരുടെ വളര്‍ച്ചക്കും ദിവസവും പയര്‍വര്‍ഗ്ഗങ്ങള്‍ കഴിപ്പിക്കുന്നത് ശീലമാക്കിയാല്‍ നന്നായിരിക്കും. കാത്സ്യം, ഫൈബര്‍, പ്രോട്ടീന്‍, മറ്റ് വിറ്റാമിനുകള്‍ എന്നിവ അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും എല്ലുകളുടെ ബലം കൂട്ടാന്‍ സഹായിക്കും. 

ശരീരത്തില്‍ മിക്കവാറും എല്ലാ കാത്സ്യവും അസ്ഥികളില്‍ സംഭരിച്ചിരിക്കുന്നു. അതിനാല്‍ മുകളില്‍ പറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടാതെ സാല്‍മണ്‍, മത്തി, അയല തുടങ്ങിയ എണ്ണമയമുള്ള കടല്‍ വിഭവങ്ങളും, മുട്ടയുടെ മഞ്ഞക്കരു, പഴച്ചാറുകള്‍ എന്നിവയും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia