Hajj | ഇഹ്റാം ധരിക്കാൻ ഇനി മണിക്കൂറുകൾ; ഹാജിമാർക്ക് ഇക്കുറി കണ്ണൂർ പ്രിയ താവളം

 
kannur


എമ്പാർക്കേഷൻ പോയിൻ്റായി മാറിയതിൻ്റെ  രണ്ടാം വർഷമായ ഇത്തവണ കൂടുതൽ ഹജ്ജ് തീർത്ഥാടകരെയാണ് കണ്ണൂർ വിമാനത്താവളം വരവേൽക്കുന്നത്

- സി കെ എ ജബ്ബാർ

കണ്ണൂർ: (KVARTHA) എമ്പാർക്കേഷൻ പോയിൻ്റായതിൻ്റെ രണ്ടാം വർഷം കൂടുതൽ ഹാജിമാരെ വരവേൽക്കുന്ന കണ്ണുർ വിമാനത്താവളത്തിൽ പുണ്യഭൂമിയിലേക്കുള്ള ഇഹ്റാം ധരിക്കാൻ ഇനി മണിക്കൂറുകൾ. ശനിയാഴ്ച പുലർച്ചെ 5.55ന് 361 ഹാജിമാർ അല്ലാഹുവിൻ്റെ അതിഥികളായി കണ്ണൂരിൽ നിന്ന് പുറപ്പെടും. ഹാജിമാർ രാവിലെ 10 മണിയോടെ ഹജ്ജ് ക്യാമ്പിൽ എത്തി തുടങ്ങി. സ്വാഗത സംഘവും ഹജ്ജ് കമ്മിറ്റി ഭാരവാഹികളും ഹൃദ്യമായി അവരെ സ്വീകരിച്ചു. കണ്ണുർ ഹജ്ജ് ക്യാമ്പിൻ്റെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് നാലരക്ക് സംസ്ഥാന ഹജ്ജ് കാര്യമന്ത്രി മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും.

ഭൗതിക സൗകര്യവും സജ്ജീകരണവും യാത്രാ നിരക്കിലെ കുറവും കണ്ണൂർ വിമാനത്താവളം ഹജ്ജിനുള്ള  എമ്പാർക്കേഷൻ പോയിൻ്റായി തെരഞ്ഞെടുക്കാൻ ഹാജിമാർക്ക് പ്രേരണയാവുകയാണ്. എമ്പാർക്കേഷൻ പോയിൻ്റായി മാറിയതിൻ്റെ  രണ്ടാം വർഷമായ ഇത്തവണ കൂടുതൽ ഹജ്ജ് തീർത്ഥാടകരെയാണ് കണ്ണൂർ വിമാനത്താവളം വരവേൽക്കുന്നത്. കഴിഞ്ഞ വർഷം രണ്ടായിരത്തോളം പേർ പോയപ്പോൾ ഇത്തവണ കണ്ണൂരിൽ നിന്ന് 3164 പേരാണ് പരിശുദ്ധ ഹജ്ജിന് പോകുന്നത്. ഇതിൽ 1265 പുരുഷന്മാരും 1899 സ്ത്രീകളുമാണ്. 54 ഇതര സംസ്ഥാനക്കാർ കണ്ണൂർ വഴി പോകുന്നുണ്ട്. ഇതിൽ 37 പേർ കർണ്ണാടകയിൽ നിന്നും, 14 പേർ പോണ്ടിച്ചേരിയിലെ മാഹി മേഖലയിൽ നിന്നും മൂന്ന് പേർ മഹാരാഷ്ട്രയിൽ നിന്നുമാണ്.

Airport Kannut

കണ്ണൂർ ജില്ലയിലെ 1969 ഹാജിമാരാണ് ഇത്തവണ ഹജജിന് പോകുന്നത്. ബാക്കി 1195 പേരും മറ്റ് ജില്ലകളിൽ നിന്നുള്ളവരാണ്. കോഴിക്കോട് നിന്ന് ആദ്യം വിമാന നിരക്ക് 1,65,000 രൂപ നിശ്ചയിക്കുകയും പിന്നീട് സംസ്ഥാന സർക്കാറിൻ്റെ സമർദത്തെ തുടർന്ന് 1,23,000 രൂപയായി കുറക്കുകയും ചെയ്തു. എന്നാൽ കണ്ണൂർ കൊച്ചി വഴിയുള്ള നിരക്കിനെക്കാൾ ഇത് 35,000 അധികമാണ്. അടുത്ത വർഷം കണ്ണൂരിൽ നിന്ന് യാത്രയാരുടെ എണ്ണം ഇനിയും കൂടും. കഴിഞ്ഞ വർഷത്തെക്കാൾ ആയിർത്തിലേറെ ഹാജിമാരുടെ എണ്ണം കൂടിയെങ്കിലും കണ്ണുരിൽ ഹാജിമാർക്ക് വലിയ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.

361 പേർക്ക് യാത്ര ചെയ്യാവുന്ന സൗദി എയർലൈൻസ് സർവീസ് ആണ് കണ്ണൂരിൽ നിന്ന് ഏർപ്പെടുത്തുന്നത്. കണ്ണൂർ വിമാനത്താവളത്തിൻ്റെ അന്താരാഷ്​ട്ര പദവിക്ക്​ മുതൽകൂട്ടാവുന്ന വിധം ജംബോ സർവീസ്​ നടക്കുന്നത്​ ഇതാദ്യമാണ്​. ജൂൺ പത്ത്​ വരെ ഹാജിമാരെ വഹിച്ച്​ ​കണ്ണൂരിൽ നിന്ന്​ ഒമ്പത്​ വിമാനങ്ങളാണ്​ പറന്നുയരുക. ഒരേ സമയം എഴു​നൂറോളം ഹാജിമാർക്ക്​ താമസിക്കാനുള്ള സൗകര്യത്തോടെയുള്ള വിപുലമായ സംവിധാനമാണ്​ കണ്ണൂർ എയർപോർട്ടിൽ ഒരുക്കിയിരിക്കുന്നത്​. കണ്ണൂർ എമ്പാർക്കേഷൻ പോയിൻറിൽ മികച്ച സൗകര്യം ഒരുക്കാൻ സംസ്​ഥാന സർക്കാർ ഒരു കോടി രൂപയാണ്​ അനുവദിച്ചിട്ടുള്ളത്​. ഹാജിമാർക്കുള്ള താമസം, ഭക്ഷണം തുടങ്ങിയ ക്യാമ്പിൻ്റെ മുഴുവൻ  ചിലവും സംസ്ഥാന സർക്കാർ വഹിക്കും. കണ്ണൂർ എമ്പാർക്കേഷൻ പോയിൻറി​ൽ സ്​ഥിരമായ ഹജ്ജ്​ ഹൗസ്​ സംവിധാനം ഒരുക്കുന്ന കാര്യം സംസ്ഥാന സർക്കാറിൻ്റെ  പരിഗണനയിലാണ്.

Kannur Airport
ആദ്യ തീർഥാടകനായ മുസ്തഫയിൽ നിന്ന് ആരോഗ്യ രേഖയും ലഗേജും വിമാനത്താവള എംഡി സ്വീകരിക്കുന്നു

സർക്കാറി​ന്റെ 18 വകുപ്പുകളുടെ സംവിധാനങ്ങൾ ക്യാമ്പിൽ ഒരുങ്ങിയിട്ടുണ്ട്​. ജനകീയ സ്വാഗത സംഘത്തിന്റെ 11 സബ്​കമിറ്റികളും വിപുലമായ സേവന സംവിധാനങ്ങളാണ്​ ഒരുക്കിയിട്ടുള്ളത്​. ജൂൺ പത്ത്​വരെ ഒമ്പത്​ സർവീസ്​ തുടർച്ചയായി നടക്കുന്നതിനാൽ ഇടവേളകളില്ലാത്ത യാത്രാ സജ്ജീകരണമാണ്​ ഒരുക്കിയിട്ടുള്ളത്​.  ആംബുലൻസ്​ സൗകര്യം സ്​റ്റാഫ്​ നഴ്​സുമാരും ഡോക്​ടർമാരുമടങ്ങുന്ന മുഴു സജ്ജീകരണം 24 മണിക്കൂറും ക്യാമ്പിലുണ്ടാവും. അലോപ്പതിക്ക്​ പുറമെ ആയുർവേദ, ​ഹോമിയോ യൂനാനി, വിഭാഗങ്ങളുടെ  സേവനവും  മൂന്ന്​ ഷിഫ്​റ്റുകളായി  24 മണിക്കൂറും ഉണ്ടാവും. ഭക്ഷ്യ  സുരക്ഷാ പ്രൊട്ടോകോൾ അനുസരിച്ചാണ് ഭക്ഷണ ക്രമീകരണം ഒരുക്കിയത്. പൊലീസ് കനത്ത സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

24 മണിക്കൂർ മുമ്പ് ഹാജിമാർ എയർപോർട്ടിനോടനുബന്ധിച്ച കൗണ്ടറിലാണ്​ റിപ്പോർട്ട്​ ചെയ്യേണ്ടത്​. ലഗ്ഗേജ്​ സ്വീകരിക്കാൻ അവിടെ കൗണ്ടറുകൾ ഉണ്ടാവും. വളണ്ടിയർ സേവനം എല്ലാ രംഗത്തും ലഭിക്കും.  എയർപോർട്ടിൽ നിന്ന്​ ക്യാമ്പിലേക്കും, ക്യാമ്പിൽ നിന്ന്​ എയർപോർട്ടിലേക്കും ഹാജിമാർക്ക് സഞ്ചരിക്കാൻ  പ്രത്യേകം ബസുകൾ ഒരുക്കിയിട്ടുണ്ട്​. ഹാജിമാരെ യാത്രയയക്കാനെത്തുന്നവർക്ക്​ ക്യാമ്പിലേക്ക്​ പ്രവേശനമില്ല. ഉദ്ഘാടന ദിവസം പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവും. 150 ഹജ്ജ്​ വളണ്ടിയർമാരും, വിവിധ വകുപ്പകളിൽ നിന്ന്​ എത്തിച്ചേർന്ന 35 ഉദ്യോഗസ്​ഥരും ഹജ്ജ്​ സെൽ സംവിധാനത്തിൽ സേവന നിരതരാണ്​.

Hajj

കാർഗോ കോംപ്ലക്​സിനുള്ളിലുള്ള ഹജ്ജ്​ ക്യാമ്പിൽ സ്​ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ഭക്ഷണ ഹാൾ, നിസ്​കാര ഹാൾ, സ്​റ്റേജ്​, താമസ സൗകര്യം മികച്ച നിലയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഒരേ സമയം ആയിരം പേർക്ക്​ വരെ ഭക്ഷണം വിളമ്പാവുന്ന സൗകര്യമാണ്​ ഒരുങ്ങിയത്​. ഭക്ഷണം പരിശോധനക്കും പാചക നിരീക്ഷണത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പ്​ പ്രത്യേകം സംവിധാനം ഒരുക്കി.  ഹാജിമാർക്ക് വിവിധ മേഖലകളിലായി രണ്ട് ഘട്ട സാങ്കേതിക പരിശീലന ക്യാമ്പ് നടത്തിയിരുന്നു. ഈ ക്യാമ്പുകളിൽ വെച്ച് ഹാജിമാർക്കുള്ള ലഗ്ഗേജ് ടാഗുകളും മറ്റു സ്റ്റിക്കറുകളും കൈമാറി. 

മുഖ്യമന്ത്രി പിണറായി വിജയൻ  മുഖ്യ രക്ഷാധികാരിയും, ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുൽ റഹ്‌മാൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി,  ജില്ലയിലെ എം.പിമാർ, കണ്ണൂർ മേയർ, ജില്ലയിലെ  എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എന്നിവർ രക്ഷാധികാരികളായും ഹജ്ജ് കമ്മിറ്റി അംഗം പി.ടി.എ റഹീം ചെയർമാനും മട്ടന്നൂർ നഗരസഭാ ചെയർമാൻ എൻ ഷാജിത് മാസ്റ്റർ വർക്കിങ് ചെയർമാനും, സംസ്​ഥാന ഹജ്ജ്​ കമ്മിറ്റി അംഗം പി പി മുഹമ്മദ് ​റാഫി ജനറൽ കൺവീനറുമായ സ്വാഗത സംഘമാണ് ക്യാമ്പ് സജ്ജീകരണത്തിന് നേതൃത്വം നൽക്കുന്നത്. ഹജ്ജ് കമ്മിറ്റി മെമ്പർ പി ടി അക്ബർ ക്യാമ്പ് കോ ഓഡിനേറ്റർ ആണ്.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia