Complaint | മൂല്യ നിര്‍ണയത്തിലെ പിഴവ് മൂലം വിദ്യാര്‍ഥിനിക്ക് എ പ്ലസ് നഷ്ടമായെന്ന് കാട്ടി ബാലാവകാശ കമിഷന് പരാതി നല്‍കി


പുനര്‍ മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്റെ പകര്‍പ്പിനും അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പിഴവ് വെളിവായത്
മുഴുവന്‍ മാര്‍ക്ക് കിട്ടിയിട്ടും മൂല്യനിര്‍ണയത്തിലെ പിഴവ് മൂലം മാര്‍ക്ക് കുറഞ്ഞു
ഏതു വിഷയത്തിനാണ് ഗ്രേസ് മാര്‍ക് ചേര്‍ത്തതെന്ന് അറിയുന്നതിനായി എല്ലാ വിഷയത്തിന്റെയും ഉത്തരക്കടലാസിന്റെ പകര്‍പ്പ് കിട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്
കണ്ണൂര്‍: (KVARTHA) എസ് എസ് എല്‍ സി മൂല്യനിര്‍ണയത്തില്‍ ഗുരുതര വീഴ്ചയെന്ന് കാട്ടിയുള്ള പരാതി വീണ്ടും ഉയര്‍ന്നു. മൂല്യനിര്‍ണയത്തിനിടെ മാര്‍ക്ക് കൂട്ടിയതില്‍ പിഴവ് വന്നുവെന്നാണ് പരാതി. കണ്ണൂര്‍ ജില്ലയിലെ കണ്ണപുരത്തെ നേഹ ജോസഫ് എന്ന വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസിലാണ് പിഴവ് വന്നത്. പുനര്‍ മൂല്യനിര്‍ണയത്തിനും ഉത്തരക്കടലാസിന്റെ പകര്‍പ്പിനും അപേക്ഷ സമര്‍പ്പിച്ചതോടെയാണ് പിഴവ് വെളിവായത്.
ജീവശാസ്ത്രം ഉത്തരക്കടലാസിലെ സ്‌കോര്‍ ഷീറ്റില്‍ 20ഉം 20ഉം കൂട്ടി 40 എന്നെഴുതേണ്ടതിന് പകരം 20 എന്ന് തെറ്റായി രേഖപ്പെടുത്തി. ഗ്രേസ് മാര്‍ക് കൂടി ചേര്‍ത്ത് വിദ്യാര്‍ഥിനിക്ക് പരീക്ഷാ ഫലം വന്നപ്പോള്‍ ജീവശാസ്ത്രത്തിന് എ പ്ലസ് കിട്ടിയെങ്കിലും ഗ്രേസ് മാര്‍ക് വഴി കിട്ടിയ എ പ്ലസ് ആയതിനാല്‍ പ്ലസ് വണ്‍ അലോട് മെന്റില്‍ പുറകിലായെന്നാണ് പരാതി.
വിദ്യാര്‍ഥിനിയുടെ കുടുംബം ബാലാവകാശ കമീഷന് പരാതി നല്‍കി. പരീക്ഷയില്‍ 40ല്‍ മുഴുവന്‍ മാര്‍ക്ക് കിട്ടിയിട്ടും മൂല്യനിര്‍ണയത്തിലെ പിഴവ് മൂലം മാര്‍ക്ക് കുറഞ്ഞു. ഏതു വിഷയത്തിനാണ് ഗ്രേസ് മാര്‍ക് ചേര്‍ത്തതെന്ന് അറിയുന്നതിനായി എല്ലാ വിഷയത്തിന്റെയും ഉത്തരക്കടലാസിന്റെ പകര്‍പ്പ് കിട്ടാന്‍ അപേക്ഷ നല്‍കിയെന്നും വിദ്യാര്‍ഥിനിയുടെ അമ്മ പറഞ്ഞു.
അലോട് മെന്റില്‍ ഇഷ്ടപ്പെട്ട സ്‌കൂളില്‍ അഡ് മിഷന്‍ ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കണ്ണൂരില്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ മാര്‍ക്ക് കൂട്ടി എഴുതിയപ്പോള്‍ സംഭവിച്ച പിഴവില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് അര്‍ഹമായ എ പ്ലസ് നഷ്ടമായ സംഭവം പുറത്ത് വന്നത്. സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.