Fact Check | ജനക്കൂട്ടം പഞ്ചാബ് മുഖ്യമന്ത്രിയെ ആക്രമിച്ചോ? വൈറലായ വീഡിയോയുടെ സത്യാവസ്ഥ അറിയാം


ന്യൂഡെൽഹി: (KVARTHA) മഞ്ഞ തലപ്പാവ് ധരിച്ച ഒരാളെ ജനക്കൂട്ടം പിന്തുടരുകയും ആക്രമിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആക്രമണത്തിന് ഇരയായത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ആണെന്നാണ് അവകാശവാദം. 'പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനെ ആക്രമിച്ചു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്.
സത്യാവസ്ഥ എന്താണ്?
വൈറലായ വീഡിയോയിൽ കാണുന്നത് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ അല്ലെന്നും യുവജാത് സഭാ അധ്യക്ഷൻ അമൻദീപ് സിംഗ് ബൊപ്പരായ് ആണെന്നും ആജ് തക് ഫാക്റ്റ് ചെക്ക് കണ്ടെത്തി. 'ജെകെ റോസാന ന്യൂസ്' എന്ന ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയാണ് തെറ്റായ രീതിയിൽ പ്രചരിക്കുന്നത്. 2024 ഏപ്രിൽ 13-നാണ് ഈ വീഡിയോ പേജിൽ അപ്‌ലോഡ് ചെയ്തത്. യുവ ജാത സഭാ അധ്യക്ഷൻ അമൻദീപ് സിംഗ് ബൊപ്പാറായിയാണ് ആക്രമണത്തിന് ഇരയായതായി വീഡിയോയിൽ കാണുന്നത്.
ജമ്മു ആസ്ഥാനമായുള്ള 'ജെകെ ചാനലും' സംഭവത്തിൻ്റെ തത്സമയ വീഡിയോ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ചിരുന്നു. ജമ്മുവിലെ ഗോൽ ഗുജ്‌റാൾ പ്രദേശത്ത് നിന്ന് യുവ ജാത് സഭാ പ്രസിഡൻ്റ് അമൻദീപ് സിംഗ് ബൊപ്പാറായിയെ പൊലീസ് കസ്റ്റഡിയിലെടുത്തതായും വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ എഴുതിയിരുന്നു. ജമ്മുവിലെ ഗോൽ ഗുജ്‌റാലിൽ യുവ ജാത സഭാ സംഘടന സംഘടിപ്പിച്ച 'ജാട്ട് ഡേ' റാലിക്ക് നേരെയാണ് ജനക്കൂട്ടം ആക്രമണം നടത്തിയതെന്ന് 'പഞ്ചാബ് കേസരി' സംഭവത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിക്കുകയും പൊലീസ് അമൻദീപിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ജമ്മുവിൽ യുവജാത് സഭാ അധ്യക്ഷൻ അമൻദീപ് സിങ്ങിനെ ആക്രമിച്ചതിൻ്റെ വീഡിയോയാണ് ആം ആദ്മി നേതാവും പഞ്ചാബ് മുഖ്യമന്ത്രിയുമായ ഭഗവന്ത് മന്നിനെതിരെയുള്ള ആക്രമണമായി വ്യാജമായി പ്രചരിക്കുന്നതെന്ന് എൻഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്‌തു. പഞ്ചാബിൽ ജൂൺ ഒന്നിന് ഏഴാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പിൽ 13 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി നടക്കും.