Expatriate | പ്രവാസികൾ നാട്ടിൽ എത്തുമ്പോൾ കരുണ കാട്ടണേ!

 
bag


ഒരാൾ നൂറുപേരെ കാണാൻ ഓടി നടക്കുമ്പോൾ ഒരു പത്തുപേരെങ്കിലും ആ പാവത്തിനെ ഒന്ന് കണ്ടുകളയാം എന്ന് വിചാരിച്ചു അങ്ങോട്ട് പോകുന്നുണ്ടോ?

/ മിന്റാ മരിയ തോമസ് 

 (KVARTHA) പ്രവാസികൾ നാട്ടിൽ എത്തുമ്പോൾ അവരെക്കുറിച്ച് വലിയ സങ്കൽപങ്ങളാണ് നാട്ടിൽ ജീവിക്കുന്നവർക്ക് ഉള്ളത്. അവർക്ക് ഒരു പാട് പണം ഉണ്ട്. എന്തൊക്കെയോ ആയിട്ടാണ് അവരുടെ നാട്ടിലേയ്ക്കുള്ള വരവ്, ഇനി തിരിച്ചു പോകുമോ അതോ നാട്ടിൽ തന്നെ എന്തെങ്കിലും ബിസിനസ് ഒക്കെ നടത്തി ജീവിക്കുമോ ഇങ്ങനെ പോകും നാട്ടിൽ ജീവിക്കുന്നവരുടെ സംശയങ്ങളും ചിന്തകളും. ഒരു പ്രവാസിയെ കണ്ടാൽ ഇവിടെയുള്ളവർ ആദ്യം ചോദിക്കുന്ന ചോദ്യം ഇനി എന്നാണ് തിരിച്ചു പോകുന്നത് എന്നായിരിക്കും. ഒരു പ്രവാസിയെ സംബന്ധിച്ച് ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്ന ചോദ്യവും അത് തന്നെയായിരിക്കും. ഉറ്റവരെയും ഉടയവരെയും വിട്ട് പ്രവാസ ലോകത്ത് കഷ്ടപ്പെട്ട് ജീവിക്കുന്നത് ഇവിടെയുള്ള അവരുടെ കുടുംബത്തെ പോറ്റാണ്. 

എന്നാൽ എല്ലാവരും അടുത്തുണ്ടെങ്കിൽ ഒരു പ്രവാസിയെ സംബന്ധിച്ച് അത് തന്നെയാകും ഏറ്റവും വലിയ സന്തോഷവും. പ്രവാസികൾ നാട്ടിലെത്തുമ്പോൾ അവരെ അന്യഗ്രഹത്തിൽ നിന്ന് ഇറങ്ങി വന്ന പ്രത്യേക ജീവികളെപ്പോലെയാണ് എല്ലാവരും നോക്കിക്കാണുന്നത്. പക്ഷേ, അവരും നമ്മെപ്പോലെ മനുഷ്യരാണ്, അവർക്കും അവരുടേതായ ബുദ്ധിമുട്ട് ഉണ്ടെന്ന് മനസിലാക്കാൻ ആരും തയാറാകുന്നുമില്ല. എന്താണ് പ്രവാസികൾ നാട്ടിൽ എത്തുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ എന്ന് പരിശോധിക്കാം. അവരുടെ ബുദ്ധിമുട്ടുകൾ കൃത്യമായി എഴുതിയിരിക്കുന്ന ഒരു പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ  വൈറലാണ്. അത് ഇങ്ങനെയാണ്:

നാട്ടിൽ അവധിക്കു വരുന്ന ഓരോ പ്രവാസിയും ബന്ധു വീട് സന്ദർശനവുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന ചില ആശയക്കുഴപ്പങ്ങളും തുറന്നു പറയാൻ മടിക്കുന്ന ചില വസ്തുതകളുമുണ്ട്. വിദേശത്തു പോകുന്ന ആദ്യ നാളുകളിൽ ഒരു മാസത്തെ അവധിയിൽ നാട്ടിലെത്തുമ്പോൾ സാധാരണഗതിയിൽ അയാൾ ഓടി നടന്ന് സകല ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ വീടുകളിലും പോകുകയും സാധിച്ചാൽ കുറച്ചു ചോക്ലേറ്റ് എങ്കിലും കൊണ്ട് കൊടുക്കുകയും ചെയ്യും. പക്ഷേ പിന്നീടിത് തുടരാൻ പറ്റാത്ത ഒരു സാഹചര്യം അയാൾക്ക് ഉണ്ടായിവരുമെന്നത് ഒരു സത്യമാണ്. സ്വന്തം ബന്ധുക്കളും ഭാര്യയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി അയാൾക്ക്‌ പോകാനാണെങ്കിൽ ഒരു നൂറു വീടെങ്കിലും കാണും.

ആദ്യകാലത്തു അവധിക്കു വന്നപ്പോൾ പോകുകയും പിന്നീട് എവിടെയെങ്കിലും പോകാതിരിക്കുകയും ചെയ്താൽ അതൊരു പരിഭവത്തിന് ഇടയാകും. വർഷങ്ങളായി വിദേശത്തു താമസിക്കുന്ന പലർക്കും നാട്ടിൽ സ്വന്തമായി വണ്ടിയൊന്നും ഉണ്ടാകില്ല. ടാക്സി വിളിച്ചോ വാടകയ്ക്ക് കാർ എടുത്തോ ഒരു മാസം ചുറ്റുമ്പോൾ ഒരു വലിയ തുക യാത്ര ഇനത്തിൽ മാത്രം അയാൾക്ക് ചിലവാകും. അതിന്റെ പകുതി ഉണ്ടെങ്കിൽ അയാൾക്കൊരു വിദേശ രാജ്യം കാണാൻ വിമാന ടിക്കറ്റ് എടുക്കാം. എന്നാൽ ഇവരിൽ ആരും തന്നെ ഈ പ്രവാസിയെ ഒന്ന് കണ്ടുകളയാം എന്ന് വിചാരിച്ചു അയാളുടെ വീട്ടിൽ വരുന്നില്ല എന്നതാണ് രസകരം. എല്ലാവർക്കും തിരക്കാണ്. ജോലിക്ക് പോകണം, കട തുറക്കണം, പട്ടിയും പശുവും കോഴിയുമുണ്ട്. നൂറു പ്രശ്നങ്ങളാണ്. 

ചുരുക്കിപ്പറഞ്ഞാൽ ഒരു മാസത്തെ വിശ്രമ ജീവിതത്തിന് നാട്ടിൽ വരുന്ന ഒരു ആവറേജ് പ്രവാസി തെക്കോട്ടും വടക്കോട്ടും ഓടി വലഞ്ഞു കൂടുതൽ അധ്വാനിക്കുകയാണ് ചെയ്യുന്നത്. പിന്നീട് തിരികെപ്പോയിട്ട് വാരാന്ത്യത്തിൽ കിട്ടുന്ന അവധിക്ക് വേണം അയാളൊന്ന് വിശ്രമിക്കാൻ. ഇതിനിടയിൽ അയാൾ ഒരു പക്ഷേ വിദേശത്തു ജോലി ചെയ്യുന്ന ഇട്ടാ വട്ട സ്ഥലവും നാട്ടിലെ ഇട്ടാ വട്ട സ്ഥലവുമല്ലാതെ മറ്റൊന്നും തന്നെ കണ്ടിട്ട് പോലുമുണ്ടാകില്ല. അയാൾക്കും ആഗ്രഹം കാണും ചാകുന്നതിന് മുൻപ് സ്വന്തം രാജ്യമെങ്കിലും ഒന്ന് കാണണമെന്ന്. വല്ലാത്ത ദുരവസ്ഥയാണ്. വിദേശത്തു പോയതൊക്കെ ഒരു കുറ്റം പോലെയും നാട്ടിൽ വന്നാൽ ഇങ്ങോട്ട് വന്ന് എന്നെ കണ്ടുകൊള്ളണമെന്നുമാണ് പല ബന്ധുക്കളും കരുതുന്നത്. 

ഒരാൾ നൂറുപേരെ കാണാൻ ഓടി നടക്കുമ്പോൾ ഒരു പത്തുപേരെങ്കിലും ആ പാവത്തിനെ ഒന്ന് കണ്ടുകളയാം എന്ന് വിചാരിച്ചു അങ്ങോട്ട് പോകുകയോ അവനൊരു കട്ടൻ ചായ മേടിച്ചു കൊടുക്കുകയോ ചെയ്യുന്നുണ്ടോ?. വലിയ സന്തോഷവും മൂല്യവുമായിരിക്കും നിങ്ങൾ വാങ്ങിക്കൊടുക്കുന്ന ആ ഒരു കട്ടൻ ചായക്ക്. ഒന്നും പുറമേ കാണിച്ചില്ലെങ്കിലും സ്നേഹിക്കപ്പെടാനും കൂടി ആഗ്രഹിക്കുന്നവരാണ് ഓരോ മനുഷ്യരും. വിദേശത്തു പോകുന്ന പുതിയ തലമുറ പണ്ട് പ്രവാസികൾ ഒരു ആചാരം പോലെ പരിപാലിച്ചിരുന്ന ഈ ഏർപ്പാടുകൾ ആദ്യമേ തന്നെ തുടങ്ങാതിരിക്കുന്നതാണ് നല്ലത്. ഇവിടെ കിട്ടാത്ത വിദേശ സാധനങ്ങൾ ഒന്നുമില്ല ഇന്ന്. വിദേശത്തു ജീവിക്കുന്നതിലും സൗകര്യങ്ങളും സുഖങ്ങളും അനുഭവിച്ചാണ് ഇവിടെ മിക്കവരും ജീവിക്കുന്നതും. പിന്നെ ആരെക്കാണിക്കാനാണ് ഈ ഗോഷ്ടിയൊക്കെ കാണിക്കുന്നത്?. 

ദുബായിൽ ജീവിക്കുക എന്നാൽ ഒരു സമ്പന്ന മലയാളി നഗരത്തിൽ ജീവിക്കുന്നത് പോലെയേ ഉള്ളു. സത്യത്തിൽ നാട്ടിലാണ് കൂടുതൽ ജീവിത സൗകര്യങ്ങൾ എന്ന് തോന്നും. നാട്ടിൽ വന്ന് ഈ ബഹളങ്ങളൊക്കെ കാണിക്കുന്ന പ്രവാസികളിൽ പലരും എത്ര പരിമിതമായ സൗകര്യങ്ങളിലാണ് ജീവിക്കുന്നത് എന്ന് അതൊക്കെ നേരിട്ട് കണ്ടവർക്ക് മാത്രമേ മനസ്സിലാകുകയുള്ളു. അതുകൊണ്ട് പ്രവാസിയോട് അൽപ്പം സ്നേഹവും കാരുണ്യവും കാണിക്കുക. അയാളെ അങ്ങോട്ട് പോയി ഒന്ന് കാണുക. ഇല്ലെങ്കിൽ അങ്ങോട്ടൊന്ന് ഫോൺ വിളിക്കുകയെങ്കിലും ചെയ്യുക. ഒരവധിക്കാലത്തു അയാൾക്ക് വിളിക്കാനും ചെന്ന് കാണാനും നൂറു പേര് കാണും. എന്നാൽ നിങ്ങൾക്ക് ഒരാളെ വിളിച്ചാൽ മതി. പ്രവാസികൾ പാവങ്ങളാണ് മനുഷ്യരേ. അവരോട് അൽപം കാരുണ്യം കാണിക്കൂ. എത്ര പ്രവാസികളാണ് ദിവസവും കുഴഞ്ഞു വീണ് മരിക്കുന്നത്. അതിന്റെ പ്രധാന കാരണം അവൻ അനുഭവിക്കുന്ന കഠിനമായ മാനസിക സമ്മർദ്ദമല്ലാതെ മറ്റെന്താണ്?. 

ഇതാണ് ആ പോസ്റ്റിലെ വരികൾ. ഇപ്പോൾ മനസിലായില്ലേ പ്രവാസി മലയാളികൾ നാട്ടിൽ എത്തുമ്പോൾ ഉള്ള ബുദ്ധിമുട്ട്. അപ്പോൾ ഇത് മനസിലാക്കി അവരോട് അല്പമെങ്കിലും കരുണ ചൊരിയാൻ ശ്രമിക്കേണ്ടത് ഇവിടെ ഈ നാട്ടിൽ സുഖമായി ജീവിക്കുന്ന ഓരോ മലയാളിയുടെയും കടമയാണ്. ഒരോ പ്രവാസിയും നമ്മളെപ്പോലെതന്നെ മനുഷ്യരാണെന്നുള്ള യാഥാർത്ഥ്യം മനസ്സിലാക്കുക. അവർ ഒരിക്കലും വിരുന്നുകാരല്ല, നമ്മുടെ കൂടെപ്പിറപ്പുകൾ ആണെന്ന് കണ്ട് സ്നേഹിക്കുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia