Football | 23 സെക്കൻഡിൽ തന്നെ ഗോൾ! ചരിത്രം കുറിച്ചിട്ടും അൽബേനിയക്ക് വിജയിക്കാനായില്ല; ഇറ്റലിയെ വിറപ്പിച്ച് കീഴടങ്ങി
ഡോർട്ട്മുണ്ട്: (KVARTHA) യൂറോ കപ്പിലെ ഗ്രൂപ്പ് ബി മത്സരത്തിൽ ഇറ്റലിക്കെതിരെ ഞെട്ടിക്കുന്ന റെക്കോർഡ് ഗോൾ നേടിയെങ്കിലും അൽബേനിയക്ക് വിജയിക്കാനായില്ല. എതിരാളികൾക്ക് മുന്നിൽ വിറച്ച നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ഒടുവിൽ 2-1 നാണ് ജയിച്ചത്. മത്സരം ആരംഭിച്ച് വെറും 23 സെക്കൻഡിൽ തന്നെ അത്ഭുതകരമായ ഒരു ഗോളിലൂടെയാണ് അൽബേനിയ മുന്നേറ്റം കുറിച്ചത്. ഇറ്റലിയുടെ പിഴവില്‍നിന്ന് നെദിം ബ്ജറാമിയാണ് അല്‍ബേനിയക്കായി ഗോൾവല ചലിപ്പിച്ചത്.
യൂറോ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോളായി ഇത് മാറി. എന്നാൽ ആഹ്ലാദം അധികനേരം നീണ്ടുനിന്നില്ല ആദ്യ ഗോളിന്റെ അമ്പരപ്പിൽ നിന്ന് കരകയറിയ ഇറ്റലി പിന്നീട് മത്സരം പൂർണമായും നിയന്ത്രണത്തിലാക്കി. 11-ാം മിനിറ്റിൽ അലസ്സാന്‍ഡ്രോ ബസ്സോണി സമനില ഗോൾ നേടി. 37-ാം മിനിറ്റിൽ നിക്കോളോ ബരെല്ലയാണ് ഇറ്റലിയുടെ രണ്ടാം ഗോള്‍ സ്‌കോര്‍ ചെയത്. ആദ്യപകുതിയിലായിരുന്നു ഗോളുകളെല്ലാം പിറന്നത് എന്നതാണ് പ്രത്യേകത.
ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ സ്‌പെയിന്‍ ക്രൊയേഷ്യയെ പരാജയപ്പെടുത്തിയിരുന്നു. ഇതിനു മുമ്പ് ഏറ്റവും വേഗതയേറിയ ഗോൾ 2004 ൽ നടന്ന യൂറോയിൽ റഷ്യയുടെ ദിമിത്രി കിരിചെങ്കോ
നേടിയ ഗോളായിരുന്നു. ഗ്രീസിനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ 67-ാം സെക്കൻഡിൽ ആയിരുന്നു അദ്ദേഹത്തിന്റെ ഗോൾ.
മറ്റ് ചില വേഗതയേറിയ ഗോളുകൾ:
* 2021-ൽ സ്വീഡന്റെ എമിൽ ഫോർസ്ബെർഗ് പോളണ്ടിനെതിരെ ഒരു മിനിറ്റ് 7 സെക്കൻഡിൽ ഗോൾ നേടി.
* 2016 ൽ ഡെന്മാർക്കിന്റെ യൂസഫ് പൗൾസൺ ബെൽജിയത്തിനെതിരെ ഒരു മിനിറ്റ് 39 സെക്കൻഡിൽ ഗോൾ നേടി.