Environmental | പരിസ്ഥിതി വിദ്യാഭ്യാസ ശില്പശാല സംഘടിപ്പിച്ചു; ജില്ലാ കലക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു
കാസർകോട്: (KVARTHA) ദേശീയ ഹരിത സേന (National Green Corps) പരിസ്ഥിതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല വലിയ വിജയമായി. നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ കെ. ഇമ്പശേഖർ ഉദ്ഘാടനം ചെയ്തു.
ശില്പശാലയിൽ പരിസ്ഥിതി ബോധവൽക്കരണം (environmental awareness), എൽഇഡി നിർമ്മാണം (LED making), ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് (grafting, layering) തുടങ്ങിയ പ്രായോഗിക പരിശീലനങ്ങൾ നൽകി. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 150-ഓളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.
സ്‌കൂൾ പ്രിൻസിപ്പൽ ടി.പി മുഹമ്മദലി അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് വിദ്യാഭ്യാസം മുൻഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. വി. ഗോപിനാഥൻ, സീക്ക് ഡയറക്ടർ ടി.പി പത്മനാഭൻ എന്നിവർ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുത്തു. ദേശീയ ഹരിതസേന ജില്ലാ കോ-ഓർഡിനേറ്റർമാരായ ടി.എം സുസ്മിത, ടി.വി.ഹരിഹരൻ എന്നിവരും സംസാരിച്ചു.