Condemnation | വയനാട് ദുരന്തബാധിതരെ ലോൺ തിരിച്ചടവ് പേരിൽ ബുദ്ധിമുട്ടിക്കുന്നത് മനുഷ്യത്വവിരുദ്ധം: ഡിവൈഎഫ്ഐ
യുവജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ പറഞ്ഞു.
തിരുവനന്തപുരം: (KVARTHA) വയനാട്ടിൽ ഉണ്ടായ ഭീകരമായ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവ്വസ്വവും നഷ്ടപ്പെട്ട ജനങ്ങളെ ലോൺ തിരിച്ചടവിന്റെ പേരിൽ ബുദ്ധിമുട്ടിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ നടപടി മനുഷ്യത്വവിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു.
കേരളം മുഴുവൻ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവരോട് വായ്പ തിരിച്ചടവ് ആവശ്യപ്പെടുന്നത്. ഈ അവസ്ഥയിൽ യുവജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ പറഞ്ഞു.
ദുരിതബാധിതരായ നിരവധി പേർക്ക് അവരുടെ ഉപജീവനമാർഗ്ഗമായ വാഹനങ്ങൾ, വളർത്തുമൃഗങ്ങൾ, കൃഷിഭൂമി തുടങ്ങിയവ നഷ്ടപ്പെട്ടിട്ടുണ്ട്. അത്തരം ഉപജീവനമാർഗ്ഗങ്ങൾ പുനസ്ഥാപിക്കുന്നത് പുനരധിവാസ പാക്കേജിന്റെ ഭാഗമാക്കണമെന്നാണ് ഡിവൈഎഫ്ഐയുടെ ആവശ്യം.
വയനാട്ടിലെ ദുരിതബാധിതരുടെ പൊതുമേഖല-സ്വകാര്യ ബാങ്കുകളിലെ ലോൺ എഴുതിത്തള്ളുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവരുടെ ഉപജീവനമാർഗ്ഗങ്ങൾ പുനസ്ഥാപിക്കുന്നത് പുനരധിവാസ പാക്കേജിന്റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രിയെ കണ്ടു ആവശ്യപ്പെട്ടതായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി. കെ. സനോജ്, പ്രസിഡന്റ് വി. വസീഫ്, സംസ്ഥാന ട്രഷറർ എസ്. ആർ. അരുൺബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.