Exit Poll | രണ്ടാം പിണറായി സര്‍കാരിനെതിരെ ഭരണ വിരുദ്ധ വികാരം ആഞ്ഞു വീശിയോ? എക്‌സിറ്റ് പോളില്‍ ഇടതുമുന്നണിക്ക് ക്ഷീണം


ലോക് സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്
കേരളത്തില്‍ ഇക്കുറി ബിജെപി അകൗണ്ട് തുറക്കുമെന്നാണ് 90 ശതമാനം സര്‍വേകളും പറയുന്നത്
ഇന്‍ഡ്യാ ടുഡേ-ആക്‌സിസ് മൈ ഇന്‍ഡ്യ, ടൈംസ് നൗ-ഇടിജി, എബിപി സീ വോടര്‍, ഇന്‍ഡ്യ ടിവി-സി എന്‍ എക്‌സ് എന്നിവയുടെ സര്‍വേകളാണ് പുറത്തുവന്നത്
ഭാമനാവത്ത്
കണ്ണൂര്‍: (KVARTHA) കേരളത്തില്‍ രണ്ടാം പിണറായി സര്‍കാരിനെതിരെ ഭരണ വിരുദ്ധ വികാരമെന്ന ചുഴലിക്കാറ്റ് വീശിയെന്ന് പുറത്തു വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വ്യക്തമാക്കുന്നു. 2014 ആവര്‍ത്തിക്കുമെന്ന വ്യക്തമായ സൂചനയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്നത്. ഇന്‍ഡ്യയില്‍ മോദി തരംഗം വീശുമെന്ന് പറയുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്നാല്‍ കേരളത്തില്‍ ഇന്‍ഡ്യാസഖ്യം ആധിപത്യം തുടരുമെന്നാണ് ചുണ്ടികാണിക്കുന്നത്. എന്നാല്‍ കേരളത്തില്‍ ഇക്കുറി അകൗണ്ട് തുറക്കുമെന്നാണ് 90 ശതമാനം സര്‍വേകളും പറയുന്നത്.
ലോക് സഭാ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നത്. നാല് ഏജന്‍സികളുടെ സര്‍വേ ഫലങ്ങളാണ് പ്രധാനമായി പുറത്തുവന്നത്. കേരളത്തില്‍ യുഡിഎഫിന് മേധാവിത്തം ഉണ്ടാകുമെന്നാണ് എല്ലാ എക്‌സിറ്റ് പോളുകളും പറയുന്നത്.
ഇന്‍ഡ്യാ ടുഡേ-ആക്‌സിസ് മൈ ഇന്‍ഡ്യ, ടൈംസ് നൗ-ഇടിജി, എബിപി സീ വോടര്‍, ഇന്‍ഡ്യ ടിവി-സി എന്‍ എക്‌സ് എന്നിവയുടെ സര്‍വേകളാണ് പുറത്തുവന്നത്. കേരളത്തില്‍ എല്‍ഡിഎഫിന് ഒറ്റ സീറ്റ് പോലും ലഭിക്കില്ലെന്ന് എബിപി സീ വോടര്‍ സര്‍വേ പ്രവചിച്ചു. യുഡിഎഫിന് 17 മുതല്‍ 19 സീറ്റുവരെയും എന്‍ഡിഎക്ക് ഒന്ന് മുതല്‍ മൂന്ന് സീറ്റുവരെയും നേടാമെന്നും എബിപി സീ വോടര്‍ പ്രവചിക്കുന്നു. ശക്തിയേറിയ പോരാട്ടം നടന്ന തൃശൂരില്‍ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപി വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്.
ഇന്‍ഡ്യ ടുഡേ ആക്‌സിസ് മൈ ഇന്‍ഡ്യ സര്‍വേയും എല്‍ഡിഎഫിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. എല്‍ഡിഎഫ് പൂജ്യം മുതല്‍ ഒന്ന് വരെയും യുഡിഎഫ് 17 മുതല്‍ 18 വരെയും എന്‍ഡിഎ 2 മുതല്‍ 3 വരെയും സീറ്റ് നേടുമെന്ന് പറയുന്നു. ടൈംസ് നൗ-ഇടിജി സര്‍വേയില്‍ എല്‍ഡിഎഫിന് നാല് സീറ്റുകളാണ് പ്രവചിക്കുന്നത്. 14-15 സീറ്റുകള്‍ യുഡിഎഫിനും ഒരു സീറ്റ് എന്‍ഡിഎക്കും പ്രവചിക്കുന്നുണ്ട്.
ഇന്‍ഡ്യാ ടിവി-സിഎന്‍എക്‌സ് സര്‍വേയില്‍ എല്‍ഡിഎഫ് മൂന്ന് മുതല്‍ അഞ്ച് വരെയും യുഡിഎഫ് 13 മുതല്‍ 15 വരെയും എന്‍ഡിഎ ഒന്ന് മുതല്‍ മൂന്ന് സീറ്റുവരെയും പ്രവചിക്കുന്നു. സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ വോടുവിഹിതം കുത്തനെ ഇടിയുമെന്നും എന്‍ഡിഎയുടെ വോടുവിഹിതം കുത്തനെ വര്‍ധിക്കുമെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.
സംഘടനാപരമായി ദുര്‍ബലമായി നില്‍ക്കുമ്പോഴും യുഡിഎഫിന് അനുകൂലമായാണ് കേരളത്തിലെ ജനവിധിയുടെ ഫല സൂചനകള്‍ പുറത്തുവരുന്നത്. എന്നാല്‍ കേരളത്തില്‍ 16 മുതല്‍ 20 ശതമാനം വരെ വോട് ഷെയര്‍ ബിജെപിക്ക് ലഭിക്കുമെന്ന് നേരത്തെ എന്‍ഡിഎ നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. തിരുവനന്തപുരം, തൃശൂര്‍, ആറ്റിങ്ങല്‍, ആലപ്പുഴ, പത്തനംതിട്ട എന്നിവയാണ് വിജയം പ്രതീക്ഷിക്കുന്ന ലോക് സഭാ മണ്ഡലങ്ങള്‍.