Tragedy | മദ്യലഹരിയില്‍ 20-കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് 30 കാരിക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് പരുക്ക്; അപകടം വരുത്തിയത് പിതാവ് അടുത്തിടെ വാങ്ങിയ വാഹനത്തില്‍ യാത്ര ചെയ്യവെ
● വാഹനം ഓടിച്ച യുവാവും കൂടെയുണ്ടായിരുന്ന സുഹൃത്തും അറസ്റ്റിലായി
● ബസവേശ്വര നഗര്‍ സ്വദേശിനി സന്ധ്യ ആണ് മരിച്ചത്
● അപകടത്തിന് ശേഷം വാഹനം നിര്‍ത്താതെ പോയെന്ന് പൊലീസ്
● നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പിച്ചു
ബെംഗളൂരു: (KVARTHA) മദ്യലഹരിയില്‍ 20-കാരന്‍ ഓടിച്ച ആഡംബര കാറിടിച്ച് 30 കാരിക്ക് ദാരുണാന്ത്യം. ബെംഗളൂരുവിലെ കെങ്കേരി ട്രാഫിക് ട്രാന്‍സിറ്റ് മാനേജ് മെന്റ് സെന്ററിന് സമീപം കഴിഞ്ഞദിവസം വൈകിട്ട് 6.45-ഓടെയാണ് അപകടം നടന്നത്. സംഭവത്തില്‍ വാഹനം ഓടിച്ച യുവാവും കൂടെയുണ്ടായിരുന്ന സുഹൃത്തും അറസ്റ്റിലായി.
ബസവേശ്വര നഗര്‍ സ്വദേശിനി സന്ധ്യ ആണ് മരിച്ചത്. ബസ് ഉടമ പരമേശ്വറിന്റെ മകന്‍ ധനുഷ് ആണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ആഡംബര കാറിടിച്ച് സഈദ് അര്‍ബാസ് എന്ന യുവാവിനും പരുക്കേറ്റിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ധനുഷിന്റെ പിതാവ് അടുത്തിടെ വാങ്ങിയ ആഡംബര കാറില്‍ സുഹൃത്തിനൊപ്പം കറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. യുവാക്കള്‍ മദ്യപിച്ചിരുന്നുവെന്നാണ് പ്രാഥമിക വിവരം. ധനുഷാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത്.
അമിതവേഗത്തില്‍ സ്പീഡ് ബ്രേക്കറില്‍ കയറിയ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് യുവതിയെ ഇടിക്കുകയും ഇരുവരും കാര്‍ നിര്‍ത്താതെ പോകുകയും ചെയ്തു. തുടര്‍ന്ന് അടുത്ത ട്രാഫിക് സിഗ്‌നലില്‍ വച്ച് ഇവരെ പിന്തുടര്‍ന്നെത്തിയ നാട്ടുകാരാണ് കാര്‍ തടഞ്ഞ് യുവാക്കളെ പുറത്തിറക്കി പൊലീസിന് കൈമാറിയത്. ഇരുവര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
#DrunkDriving #BengaluruAccident #LuxuryCarCrash #YouthArrested #RoadSafety #BreakingNews