Shot Dead | കേന്ദ്രമന്ത്രിയുടെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മകന്റെ സുഹൃത്ത് വെടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹത്തിന് സമീപത്തുനിന്നും റിവോള്‍വര്‍ കണ്ടെടുത്തു, 3 പേരെ കസ്റ്റഡിയിലെടുത്തതായും റിപോര്‍ട്

 


ലക്‌നൗ: (www.kvartha.com) കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി കൗശല്‍ കിഷോറിന്റെ വീട്ടില്‍ യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വിനയ് ശ്രീവാസ്തവ എന്നയാളാണ് മരിച്ചത്. വെള്ളിയാഴ്ച (01.09.2023) പുലര്‍ചെ 4.15നാണ് സംഭവമെന്നാണ് റിപോര്‍ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ കസ്റ്റഡിയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

ലക്‌നൗ വെസ്റ്റ് ഡിസിപി രാഹുല്‍ രാജ് പറയുന്നത്: ലക്‌നൗവിന് സമീപം താക്കൂര്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബെഗാരിയ ഗ്രാമത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ മന്ത്രിയുടെ വസതി. യുവാവിന്റെ മൃതദേഹത്തിനു സമീപത്തുനിന്നും ഒരു റിവോള്‍വര്‍ കണ്ടെടുത്തു. കേന്ദ്രമന്ത്രിയുടെ മകന്‍ വികാസ് കിഷോറിന്റെ പേരിലുള്ളതാണ് ഈ റിവോള്‍വര്‍. വികാസിന്റെ സുഹൃത്താണ് മരിച്ച വിനയ്. 

ക്രൈംബ്രാഞ്ച്, ഡോഗ് സ്‌ക്വാഡ്, ഫോറന്‍സിക് ടീം എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കുന്നുണ്ട്. ലക്‌നൗ പൊലീസും സ്ഥലത്തുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.  

മന്ത്രിയുടെ ഒരു മകന്‍ അമിത മദ്യപാനത്തെ തുടര്‍ന്ന് 2020ല്‍ മരിച്ചിരുന്നു. 2020 ഒക്ടോബറിലാണ് ആകാശ് കിഷോര്‍ എന്ന മകന്‍ മരിച്ചത്. അതിനുശേഷം ലഹരിവിരുദ്ധ കാംപയിനുകളില്‍ സജീവമായിരുന്നു മന്ത്രി. ലംഭുവ മണ്ഡലത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒരു ലഹരിവിരുദ്ധ പരിപാടയില്‍, ഇതേക്കുറിച്ച് മന്ത്രി തുറന്നു പറഞ്ഞിരുന്നു. മദ്യപാനികള്‍ക്ക് പെണ്‍മക്കളെ കെട്ടിച്ചുകൊടുക്കരുതെന്നും ഈ യോഗത്തില്‍ മന്ത്രി രക്ഷിതാക്കളോട് ആവശ്യപ്പെട്ടിരുന്നു

അതേസമയം, കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് എല്ലാ സഹായങ്ങളും നല്‍കുമെന്ന് ബിജെപി നേതാവു കൂടിയായ മന്ത്രി അറിയിച്ചു. കൃത്യം നടക്കുമ്പോള്‍ ആരാണ് വീട്ടിലുണ്ടായിരുന്നതെന്ന കാര്യത്തില്‍ എനിക്ക് വ്യക്തതയില്ല. സംഭവത്തിന് പിന്നില്‍ ആരായാലും വെറുതെ വിടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Shot Dead | കേന്ദ്രമന്ത്രിയുടെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മകന്റെ സുഹൃത്ത് വെടിയേറ്റ് മരിച്ച നിലയില്‍; മൃതദേഹത്തിന് സമീപത്തുനിന്നും റിവോള്‍വര്‍ കണ്ടെടുത്തു, 3 പേരെ കസ്റ്റഡിയിലെടുത്തതായും റിപോര്‍ട്



Keywords:  News, National, National-News, Crime, Crime-News, Begaria News, Lucknow News, Thakurganj News, Union Minister, Kaushal Kishore, Shot Dead, Youth shot dead at Union minister Kaushal Kishore's house; probe underway.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia