കനത്ത പൊലീസ് കാവല്‍ നിലനില്‍ക്കെ ആലപ്പുഴയില്‍ വീണ്ടും ഒരാള്‍ക്ക് വെട്ടേറ്റു; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

 ആലപ്പുഴ: (www.kvartha.com 20.12.2021) ആലപ്പുഴയില്‍ യുവാവിന് വെട്ടേറ്റു. ഞായറാഴ്ച രാത്രി ആര്യാട് സ്വദേശി വിമലിനാണ് വെട്ടേറ്റത്. രണ്ട് രാഷ്ട്രീയക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത പൊലീസ് കാവല്‍ നിലനില്‍ക്കവെയാണ് ആക്രമണം ഉണ്ടായത്. പിന്നില്‍ ഗുണ്ടാ നേതാവ് ടെമ്പര്‍ ബിനുവെന്ന് പൊലീസ് പറയുന്നു. വ്യക്തിവിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസമാണ് 24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ ആലപ്പുഴയില്‍ നടന്നത്. എസ് ഡി പി ഐ സംസ്ഥാന സെക്രടറി കെ എസ് ഷാനും ഒബിസി മോര്‍ച സംസ്ഥാന സെക്രടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് കൊല്ലപ്പെട്ടത്.

കനത്ത പൊലീസ് കാവല്‍ നിലനില്‍ക്കെ ആലപ്പുഴയില്‍ വീണ്ടും ഒരാള്‍ക്ക് വെട്ടേറ്റു; വ്യക്തിവൈരാഗ്യമെന്ന് പൊലീസ്

ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പ്രഖ്യാപിച്ചിട്ടുള്ള രണ്ട് ദിവസത്തെ നിരോധനാജ്ഞ തുടരുകയാണ്. അതിനിടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് തിങ്കളാഴ്ച കേരളത്തിലെത്തുന്നുണ്ട്. കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രഞ്ജിത് ശ്രീനിവാസന്റെ ഭൗതികദേഹത്തില്‍ അന്ത്യോപചാരമര്‍പിക്കും. കേരള പൊലീസിനോടും കേന്ദ്രമന്ത്രി റിപോര്‍ട് തേടും. 

രഞ്ജിത് ശ്രീനിവാസന്റെ പോസ്റ്റ് മോര്‍ടെം തിങ്കളാഴ്ചയാണ് നടക്കുന്നത്. പോസ്റ്റ് മോര്‍ടെം നടപടികള്‍ പൊലീസ് മനപൂര്‍വം വൈകിപ്പിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. പോസ്റ്റ് മോര്‍ടെം മാറ്റിവച്ചതില്‍ പ്രതിഷേധിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ മോര്‍ചറിക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. 

എസ് ഡി പി ഐ സംസ്ഥാന സെക്രടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകരാണ് പിടിയിലായത്. മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്, കൊച്ചുകുട്ടന്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. 

ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 എസ് ഡി പി ഐ പ്രവര്‍ത്തകരും കസ്റ്റഡിയിലുണ്ട്. നാല് എസ് ഡി പി ഐ പ്രവര്‍ത്തകരെ ആംബുലന്‍സില്‍നിന്നാണ് പിടികൂടിയത്. എന്നാല്‍ ഇവരുടെയൊന്നും കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. എസ് ഡി പി ഐയുടെ ആംബുലന്‍സും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതിനിടെ, പൊലീസ് നടപടിയുണ്ടാകില്ലെന്ന ഉറപ്പിലാണ് പോപുലര്‍ ഫ്രണ്ട് സംസ്ഥാനത്ത് അക്രമം നടത്തുന്നതെന്ന് ബിജെപിയും കലാപത്തിന് ആര്‍എസ്എസ് ശ്രമിക്കുകയാണെന്ന് എസ് ഡി പി ഐയും ആരോപിച്ചു.

Keywords:  News, Kerala, State, Alappuzha, Police, Crime, Attack, Youth attacked again in Alappuzha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia