Legal | നിമിഷപ്രിയയുടെ വധശിക്ഷയ്ക്ക് യെമൻ പ്രസിഡന്റ് അനുമതി നൽകി; അവസാന പ്രതീക്ഷകളും അസ്തമിക്കുന്നു
● 2017-ൽ യെമൻ പൗരൻ കൊല്ലപ്പെട്ട കേസിലാണ് വധശിക്ഷ
● 2012-ൽ ആണ് നിമിഷപ്രിയ നഴ്സായി യെമനിൽ എത്തിയത്.
● നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ യെമനിൽ എത്തിയിരുന്നു.
സന: (KVARTHA) യെമനിൽ നഴ്സായി ജോലി ചെയ്തിരുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകി. ഒരു മാസത്തിനകം ശിക്ഷ നടപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ. 2017ൽ യെമൻ പൗരൻ തലാൽ അബ്ദു മഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയയെ വധശിക്ഷയ്ക്ക് വിധിച്ചത്. കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി മാപ്പപേക്ഷയ്ക്കും നഷ്ടപരിഹാരം നൽകി മോചിപ്പിക്കാനുമുള്ള ചർച്ചകൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതോടെ നിമിഷപ്രിയയുടെ അവസാന പ്രതീക്ഷയും അസ്തമിക്കുകയാണ്.
2012ലാണ് നിമിഷപ്രിയ നഴ്സായി യെമനിൽ എത്തിയത്. സ്വന്തമായി ഒരു ക്ലിനിക്ക് തുടങ്ങാനുള്ള ശ്രമത്തിനിടെ തലാൽ അബ്ദു മഹ്ദിയുമായി പരിചയത്തിലായി. ക്ലിനിക്ക് തുടങ്ങാൻ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയ തലാൽ പിന്നീട് പാസ്പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിക്കാൻ തുടങ്ങിയെന്നാണ് നിമിഷപ്രിയയുടെ വാദം. ഇതാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്. 2020ൽ വിചാരണ കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. ഇതിനെതിരെ നൽകിയ അപ്പീലുകളും സുപ്രീം കോടതിയുടെ അന്തിമ വിധിയും വധശിക്ഷ ശരിവച്ചു.
നിമിഷപ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യെമനിൽ എത്തിയിരുന്നു. കൊല്ലപ്പെട്ട തലാൽ അബ്ദു മെഹ്ദിയുടെ കുടുംബത്തെ നേരിൽ കണ്ട് മാപ്പ് അപേക്ഷിക്കാനും മോചനത്തിനുള്ള സാധ്യതകൾ തേടാനും വേണ്ടിയായിരുന്നു ഇത്. സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ എന്ന സംഘടനയും നിമിഷപ്രിയയുടെ മോചനത്തിനായി സജീവമായി പ്രവർത്തിക്കുന്നുണ്ട്. മോചനത്തിനുള്ള നഷ്ടപരിഹാര തുകയായ 'ദിയാധനം' നൽകുന്നതിനുള്ള ശ്രമങ്ങളും നടന്നിരുന്നു.
ഇതിനായി 16.71 ലക്ഷം രൂപ (20,000 ഡോളർ) സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചിരുന്നു. കൂടാതെ, എംബസി ബാങ്ക് അക്കൗണ്ട് വഴി 40,000 ഡോളർ കൈമാറാൻ അനുവദിക്കണമെന്ന അപേക്ഷയും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അംഗീകരിച്ചിരുന്നു. എന്നാൽ ഈ ശ്രമങ്ങളെല്ലാം വിഫലമായി.
നെന്മാറ എംഎൽഎയും നിമിഷപ്രിയയുടെ മോചനത്തിനുള്ള ശ്രമങ്ങളെക്കുറിച്ച് പ്രതികരിച്ചു. എംബസി തലത്തിൽ ഉൾപ്പെടെ മോചനത്തിനായി ശ്രമിച്ചിരുന്നുവെന്നും ദയാധനത്തിനായി കുറച്ച് തുക വരെ പിരിവെടുത്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ മോചനത്തിനുള്ള പ്രതീക്ഷകൾ ഇല്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
#NimishaPriya #Yemen #DeathSentence #IndianNurse #Kerala #Justice