News Debates | നമ്മള്‍ അന്തിച്ചര്‍ച്ചയുടെ അടിമകള്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എഴുത്തുപുര

-പ്രതിഭാരാജന്‍

(www.kvartha.com) നഖത്തിനിടയില്‍ മൊട്ടുസൂചി കയറ്റിയാല്‍ സഹിക്കാം. ഇരുമ്പുലക്ക കൊണ്ട് ഉരുട്ടിയാല്‍ സഹിക്കാം. കാല്‍പ്പാദങ്ങളില്‍ ചൂരല്‍ കൊണ്ട് അടിച്ചാല്‍ സഹിക്കാം. തലകീഴായികെട്ടിത്തൂക്കി മര്‍ദിച്ചാല്‍ സഹിക്കാം. കുറ്റം തെളിയാതെ വന്നാല്‍ പ്രതിയെ അന്തിചര്‍ച്ച കേള്‍ക്കാന്‍ 'അവസരമുണ്ടാവുക', അത് അസഹനീയമാണ്. ഗതി കെട്ട പ്രതി കുറ്റം സമ്മതിച്ചു പോകും. അന്തിച്ചര്‍ച്ചകള്‍ നാടിനെ ബോധവല്‍ക്കരിക്കുമ്പോള്‍ സംഭവിക്കുന്നത് ഉള്ള സംസ്‌കാരവും ഇല്ലാതാവുന്നതാണ്. ഒരു ട്രോള്‍ ഓര്‍മ്മ വരുന്നു. കൊലക്കുറ്റം ചെയ്ത ജയില്‍പ്പുള്ളിയോട് ജഡ്ജി: തന്റെ 14 വര്‍ഷത്തെ തടവു ശിക്ഷ ഇളവു ചെയ്തിരിക്കുന്നു, പകരം ഒരു വര്‍ഷം വരെ മുടങ്ങാതെ അന്തിച്ചര്‍ച്ച കണ്ടാല്‍ മതി. കുറ്റവാളി പറഞ്ഞു: ഇളവു വേണ്ട. ഞാന്‍ 14 വര്‍ഷം തടവില്‍ കിടന്നു കൊള്ളാം.
      
News Debates | നമ്മള്‍ അന്തിച്ചര്‍ച്ചയുടെ അടിമകള്‍

ദൃശ്യ, പത്രമാധ്യമങ്ങള്‍ കേരള ജനതയ്ക്ക് ഒരു തരം ലഹരിയാണ്. പ്രഭാതപത്രം വായിക്കാതെ ഒന്നും ശരിയാവില്ല. അന്തിക്കുള്ള ചര്‍ച്ചയിപ്പോള്‍ ലഹരി മാത്രമല്ല, അത് മനം മയക്കുന്ന കറുപ്പായി മാറിയിരിക്കുകയാണ്. കൊതുകിന്റെ നെയ്യെടുക്കുന്നതില്‍ വരെ രാഷ്ട്രീയം. നിറം നോക്കിയുള്ള തെറിപ്പാട്ടുകള്‍. മര്യാദ ലവലേശം പോലും ബാക്കിയുള്ളവര്‍ക്ക് അന്തിച്ചര്‍ച്ചക്ക് ഒരുമിച്ചിരിക്കാന്‍ കഴിയില്ല. ഇതു കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കരുത്. വളയാന്‍ വേറെ വളയം വേണ്ട. ചാനലുകള്‍ വെമ്പല്‍ കൊള്ളുന്നത് രാഷ്ട്രീയം ചര്‍ച്ച ചെയ്യാനല്ല, രാഷ്ട്രീയത്തിനകത്തെ മൃദുല വികാരങ്ങളെ നുള്ളി നോവിക്കാനാണ്, ഏറ്റുപിടിക്കാനാണ്, പരിഹസിക്കാനാണ്.

മൂന്നാം ക്ലാസ് രാഷ്ട്രീയക്കാരും മഞ്ഞപത്രങ്ങളെ വെല്ലുന്ന സാംസ്‌കാരിക നായകന്മാരും, വിവരദോഷികളും പരസ്പരം ഇരുന്നു കലഹിക്കുന്നതാണ് അന്തിച്ചര്‍ച്ച. ടെലിവിഷനകത്താണെന്ന ധൈര്യത്തോടെ കാണികളുടെ കുത്തിനു പിടിക്കുന്നു, ഭീക്ഷണിപ്പെടുത്തുന്നു. ഇല്ലാതാകുമോ ഈ പ്രവണത അടുത്തെങ്കിലും?. കാതലായ രാഷ്ട്രീയ വിഷയത്തിന്റെ തലക്കുറിയെടുത്ത് ആളെ കൂട്ടും. പിന്നെ തെറിപ്പാട്ട്. രാഷ്ട്രീയത്തെറി ജനങ്ങളെ പഠിപ്പിക്കുന്നത് അന്തിച്ചര്‍ച്ചകളാണ്. അന്തിക്കു വിളക്കു വെച്ചതിനു ശേഷം, ബാങ്കുവിളിക്കു ശേഷം ആളുകള്‍ അന്തിച്ചര്‍ച്ചയ്ക്കിരിക്കുന്നു.

ഓണ്‍ലൈനില്‍ തോക്കുമായെത്തുന്ന പോരാളിയേപ്പോലെ എഡിറ്റര്‍ വെടിയുതിര്‍ക്കുന്നു. ചിലര്‍ മലര്‍ന്നടിച്ചു വീഴുന്നു. മറ്റുചിലര്‍ക്ക് ബോധക്കേടുണ്ടാകുന്നു. ഹരം മൂത്ത ആങ്കര്‍ വീണ്ടും വെടിമരുന്നിനു തീ കൊടുക്കുന്നു. എന്തായിരുന്നുവോ പ്രതിപാദ്യ വിഷയം, അതിനു വിപരീതമായിരിക്കും ചര്‍ച്ച. ഇതു കാണുന്നതിനേക്കാള്‍ ഭേതം 'മ' സീരിയല്‍ കാണുന്നതാണ്. ഭര്‍ത്താവിനെ കാമുകി തട്ടിക്കൊണ്ടു പോയതോര്‍ത്ത് വ്യസനിച്ചു നില്‍ക്കുന്ന ഭാര്യയുടെ വേദന കണ്ട് അല്‍പ്പം കണ്ണീരെങ്കിലും വാര്‍ക്കാമല്ലോ. ഏതു ചാനലിനെയാണ് നിങ്ങള്‍ ഇങ്ങനെ വിമര്‍ശിക്കുന്നത്? പ്രധാന ചാനലുകളെ ആണോ എന്നു ചോദിച്ചാല്‍, ഒരു തുള്ളി വെളളം എടുത്തു രുചിച്ചു നോക്കിയാല്‍പ്പോരെ കടല്‍ വെള്ളത്തിന്റെ രുചിയറിയാന്‍. എല്ലാം കണക്കു തന്നെ.

ഒന്നിനുമില്ല, നില, ഉന്നതമായ കുന്നും, ഒരാഴിയും നശിക്കുമോര്‍ത്താല്‍.. ഏന്നു കവി പാടുന്നതിനു മുമ്പ് പ്രധാന ചാനലുകളൊന്നും ജനിച്ചിരുന്നില്ല. ജനിച്ചിരുന്നെങ്കില്‍ കവിയിങ്ങനെ എഴുതില്ലായിരുന്നു. ഈ ലോകത്തുള്ള ഏതും നശിക്കും. സൂര്യന്‍ വരെ കെട്ടുപോകും. എന്നാല്‍ ചാനലിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. പൈങ്കിളി വാരിക ഇല്ലാതായിപ്പോയാലും ചാനലിന്റെ അന്തിച്ചര്‍ച്ച ഇല്ലാതെ പോവില്ല. അത്രക്ക് ജനം അതില്‍ അഡിറ്റായിരിക്കുകയാണ് വെളുത്ത പൊടിയിലുള്ള ലഹരി പോലെ. പത്രമാകട്ടെ, ചാനലാകട്ടെ, അവര്‍ വാര്‍ത്തകളെ ചേറിപ്പറുക്കുന്നില്ല. സത്യവും അസത്യവും വേര്‍തിരിക്കുന്നില്ല. അതിനകത്തെ മാലിന്യം നീക്കിക്കളയുന്നില്ല. വാര്‍ത്തകള്‍ ഇല്ലാതെ വന്നാല്‍ ശൂന്യതയില്‍ നിന്നു പോലും വാര്‍ത്തകളുണ്ടാക്കാന്‍ ചിലവര്‍ക്കറിയാം.
          
News Debates | നമ്മള്‍ അന്തിച്ചര്‍ച്ചയുടെ അടിമകള്‍

വാര്‍ത്തകള്‍ സെന്‍സിറ്റീവാകണം. അതിനു കറുത്ത കൈ പ്രവര്‍ത്തിക്കണം. ജനം ഇരുന്നു തരണമെങ്കില്‍ പൊടിക്കൈകള്‍ പ്രയോഗിക്കണം. അതിനു ഉണ്ടയില്ലാ വെടി പൊട്ടിക്കണം. റേറ്റിങ്ങിനെ ബാധിക്കുന്ന ഒരു വിട്ടുവീഴ്ചക്കും ഒരു ചാനലും തയ്യാറാവില്ല, എന്നത് ഉറപ്പാണല്ലോ. റേറ്റിംഗ് കുറയുമ്പോള്‍ ജനങ്ങളെ കൂട്ടാന്‍ കെണിയൊരുക്കും. സ്വര്‍ണനിര്‍മ്മിതമായ ബിരിയാണി ചെമ്പ്, ഈന്തപ്പഴത്തില്‍ സ്വര്‍ണ്ണക്കുരു.
രാഷ്ട്രീയ നേതാവിന്റെ വീട്ടില്‍ ഭാര്യയില്ലാ നേരത്ത് സോളാര്‍ നായിക.... ഉണ്ടയില്ലാവെടിക്കു എന്നും പഞ്ഞമില്ലായിരുന്നുവല്ലോ.

വാനത്തു നിന്നും നിഗൂഡത പറന്നു വരും. അത് പരമ്പരയായി ഒരാഴ്ച വരെ നീളും. ജനങ്ങള്‍ക്കു കൈമാറാന്‍ മറ്റൊരു പാക്കറ്റ് എംഡിഎംഎ കൈയ്യില്‍ കിട്ടുന്നതു വരെ. കേരളത്തിലെ മാത്രമല്ല, വിദേശത്തു പോലും ധാരാളം ബ്രാഞ്ചുകളുള്ള ഒരു പ്രഗല്‍ഭ വ്യക്തിയുടെ വീടും കടകളും എന്റഫോര്‍സ്മെന്റ് റെയ്ഡ് ചെയ്തു. 300 കോടിയുടെ വെട്ടിപ്പ് കണ്ടെത്തി. ഇഡി പത്രക്കുറിപ്പിറക്കി. ഒരു പത്രവും ചാനലും ഇതു കണ്ടില്ല. ഇപ്പോഴിതാ 50 കോടിയുടെ നോട്ടു കെട്ടുകള്‍ അടുക്കി വെച്ച് പണിത വീടിനു മുമ്പില്‍ അറ്റാച്ച്മെന്റ് നോട്ടീസ് പതിച്ചിരിക്കുന്നു. ആരെങ്കിലും കണ്ടോ, എവിടെയെങ്കിലും വാര്‍ത്തയായോ?

അറ്റ്ലസ് രാമചന്ദ്രന്‍ ജയിലികാകുന്നതു വരെ വാര്‍ത്ത പൂഴ്ത്തിയ പത്രം ജയിലിലെത്തിയപ്പോള്‍ വീണിടത്തു വീണ്ടും ചെത്തുകല്ലെടുത്തിട്ടു. ഇപ്പോള്‍ എംവി ഗോവിന്ദന്റെ പ്രതിരോധ യാത്ര....നാളെ തരൂരിന്റെ നിലനില്‍പ്പ് യാത്ര. കാണുന്നതും കാണാത്തതും ഭാവനയിലുള്ളതുമെല്ലാം ചര്‍ച്ചയാകും. വാര്‍ത്ത മുളയ്ക്കാന്‍ എഡിറ്ററുടെ സമ്മതമല്ല വേണ്ടത്, പരസ്യ മാനേജറുടേതാണ്. അതു കിട്ടിയില്ലെങ്കില്‍ സ്വര്‍ണക്കച്ചവടക്കാരന്‍ രക്ഷപ്പെടും, എംവി ഗോവിന്ദനും, വിഡി സതീശനും, പിണറായും പ്രതികളാകും.
Aster mims 04/11/2022

Keywords:  Article, Latest-News, Media, Journalists, TV, Kerala, Political-News, Politics, Crime, Clash, We are slaves to news debates.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script