Investigation | കൊൽക്കത്തയിൽ ബംഗ്ലാദേശ് എംപി കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത ഏറുന്നു; നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്; ബാഗിൽ ശരീരഭാഗങ്ങൾ?
* ഇതിനോടകം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്
കൊൽക്കത്ത: (KVARTHA) പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ബംഗ്ലാദേശ് എംപി അൻവാറുൽ അസിം അനാർ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത ഏറുന്നു. ഇതിനിടെ ബംഗ്ലാദേശ് എംപിയെ കൊലപ്പെടുത്തിയവരെന്ന് കരുതുന്ന രണ്ട് പേർ കൊൽക്കത്ത ന്യൂ ടൗണിലെ ഒരു അപ്പാർട്ട്‌മെൻ്റിൽ നിന്ന് പുറത്തുപോകുന്ന പുതിയ ദൃശ്യങ്ങൾ പുറത്തുവന്നു. അൻവാറുലിൻ്റെ മൃതദേഹം കഷണങ്ങളാക്കിയ ശേഷം അതിൽ മഞ്ഞൾ കലർത്തിയിരുന്നതായി ബംഗ്ലാദേശ് പൊലീസ് പറയുന്നു.
മൃതദേഹങ്ങൾ വേഗത്തിൽ ജീർണിക്കാൻ വേണ്ടിയാണ് മഞ്ഞളും ഉപ്പും ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം. തുടർന്ന് അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറുകളിലാക്കി നഗരത്തിലുടനീളം വലിച്ചെറിഞ്ഞു. കൊലപാതകത്തിൽ ഒരു സ്ത്രീക്കും പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. ബംഗ്ലാദേശ് പൊലീസ് മുതൽ കൊൽക്കത്ത പൊലീസ് വരെ ഹണി ട്രാപ്പിനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
മൃതദേഹമോ ശരീരഭാഗങ്ങളോ ഇതുവരെയും പൊലീസിന് കണ്ടെടുക്കാനായിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസമായി കൊൽക്കത്തയിലെ വിവിധ പ്രദേശങ്ങളിൽ പൊലീസ് തിരച്ചിൽ നടത്തുകയാണ്. എംപിയുടെ കൊലപാതകത്തിൽ എത്രപേർക്ക് പങ്കുണ്ടെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇതിനോടകം നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് പേരെ ധാക്ക പൊലീസും ജിഹാദ് ഹവിൽദാർ എന്നയാളെ കൊൽക്കത്ത പൊലീസുമാണ് അറസ്റ്റ് ചെയ്തത്. മെയ് 13ന് ന്യൂ ടൗണിലെ ഫ്‌ളാറ്റിൽ വെച്ചാണ് എംപി കൊല്ലപ്പെട്ടത്.
കൊലപാതകം എങ്ങനെ സംഭവിച്ചു?
പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ എംപിയാണ് അൻവാറുൽ അസിം അനാർ. 2014, 2018, 2024 വർഷങ്ങളിൽ ജെനൈദ-4 സീറ്റിൽ നിന്ന് അദ്ദേഹം വിജയിച്ചു. ചികിത്സ ആവശ്യങ്ങൾക്കായി മെയ് 12നാണ് ഇദ്ദേഹം കൊൽക്കത്തയിലെത്തിയത്. കൊൽക്കത്തയുടെ വടക്കൻ പ്രാന്തപ്രദേശത്തുള്ള ബാരാനഗറിലെ തൻ്റെ സുഹൃത്ത് ഗോപാൽ ബിശ്വാസിൻ്റെ വീട്ടിലാണ് ആദ്യം താമസിച്ചിരുന്നത്. മെയ് 14 ന് അദ്ദേഹം ബിശ്വാസിൻ്റെ വീട്ടിൽ നിന്ന് പുറത്തുപോയിരുന്നു, അതേ ദിവസം തന്നെ മടങ്ങിവരുമെന്ന് അറിയിച്ചുവെങ്കിലും പിന്നീട് മടങ്ങിയെത്തിയില്ല. കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തുവന്നത്.
സിസിടിവി ദൃശ്യങ്ങളിൽ
VIDEO | Police recover CCTV visuals from the apartment in #Kolkata where #Bangladesh MP Anwarul Azim Anar was last seen with his friend.
— Press Trust of India (@PTI_News) May 24, 2024
The initial probe into the “murder” of Bangladesh MP Anwarul Azim Anar revealed that one of his friends had paid around Rs 5 crore to kill the… pic.twitter.com/Dnix44WHLf
കേസ് അന്വേഷിക്കുന്ന ബംഗാൾ പൊലീസിന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് സൂചന ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളിൽ എംപിക്കൊപ്പം രണ്ടുപേർ ന്യൂ ടൗൺ കെട്ടിടത്തിലേക്ക് പോകുന്നത് കാണാം. ഇവർ വിവിധ സമയങ്ങളിൽ ബാഗുകളുമായി കെട്ടിടത്തിന് പുറത്തേക്ക് വരുന്നതും വ്യക്തമാണ്. ആ രണ്ട് ബാഗുകളിലായി എംപിയുടെ മൃതദേഹം ഉണ്ടായിരുന്നതായി സംശയിക്കുന്നു. നിലവിൽ കൊൽക്കത്ത പൊലീസിൻ്റെ സിഐഡി വിഭാഗം എംപിയുടെ മൃതദേഹത്തിനായി തിരച്ചിൽ നടത്തുകയാണ്.