Cops Attacked | കൊലക്കേസ് പ്രതിയെ തേടി യുപിയിലെത്തിയ ഹരിയാന പൊലീസിനെ കല്ലും വടിയും ഉപയോഗിച്ച് വരവേറ്റ് ഗ്രാമവാസികള്‍! ആക്രമണത്തിന് ശേഷം ഉദ്യോഗസ്ഥരുടെ ആയുധങ്ങളും കൈക്കലാക്കിയതായി പരാതി; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്
Mar 29, 2023, 11:47 IST
ലക്‌നൗ : (www.kvartha.com) കൊലക്കേസ് പ്രതിയെ തേടി യുപിയിലെത്തിയ ഹരിയാന പൊലീസിനെ ഗ്രാമവാസികള്‍ കല്ലും വടിയും ഉപയോഗിച്ച് എറിഞ്ഞോടിച്ചു. ഉത്തര്‍പ്രദേശിലെ ഷംലിയിലാണ് ഹരിയാന പൊലീസിന്റെ ഏഴംഗ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് സംഘത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ഗ്രാമീണര്‍ തന്നെ റെകോര്‍ഡ് ചെയ്ത വീഡിയോ പുറത്തുവന്നു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കൊലപാതകക്കേസില്‍ പ്രതിയായ മുഹമ്മദ് സബ്രുദ്ദീന്‍ എന്നയാളെ തേടിയാണ് പൊലീസ് സംഘം അവിടെ എത്തിയത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20000 രൂപയും പൊലീസ് പ്രഖ്യാപിച്ചിരുന്നു. പ്രതിയെ പിടികൂടി കൊണ്ടുപോകുന്നതിനിടെയാണ് ഗ്രാമവാസികളുടെ ആക്രമണമുണ്ടായത്. കൊലപാതകം, ആയുധം കടത്ത് കേസുകളിലാണ് സബ്രുദ്ദീനെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്.
പൊലീസിന്റെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇയാളെ തേടി പൊലീസ് ഏറെക്കാലമായി തിരച്ചില്‍ തുടങ്ങിയിട്ട്. സബ്രുദ്ദീന്‍ ഉത്തര്‍പ്രദേശിലെ ഗ്രാമത്തിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം എത്തിയത്. എന്നാല്‍, തന്റെ അനുയായികളെയും സഹോദരന്മാരെയും ഉപയോഗിച്ച് പൊലീസിനെ തടയുകയായിരുന്നു.
ഇതിനിടെ ഗ്രാമവാസികള്‍ നടത്തിയ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ആക്രമണത്തിനുശേഷം പൊലീസിന്റെ പക്കലുണ്ടായിരുന്ന ആയുധങ്ങളും ഗ്രാമീണരില്‍ ചിലര്‍ സ്വന്തമാക്കി.
പുറത്തുവന്ന വീഡിയോയില്‍, ഉദ്യോഗസ്ഥരില്‍ നിന്ന് ലോഡ് ചെയ്ത തോക്ക് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത് കാണാം. പൊലീസിന്റെ പക്കലുണ്ടായിരുന്ന എകെ 47 തോക്കും തട്ടിയെടുക്കാന്‍ ഗ്രാമീണര്‍ ശ്രമിച്ചു. ഒടുവില്‍ ഉത്തര്‍പ്രദേശ് പൊലീസ് സ്ഥലത്തെത്തിയാണ് ഹരിയാന പൊലീസിനെ രക്ഷിച്ചത്.
തുടര്‍ന്ന് ഏറെ നേരത്തെ ഏറ്റുമുട്ടലിനൊടുവില്‍ മുട്ടിന് താഴെ വെടിവെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തില്‍ 40 ഓളം പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ ആറുപേരെ അറസ്റ്റ് ചെയ്‌തെന്ന് ഷംലി പൊലീസ് എസ് പി അഭിഷേക് പറഞ്ഞു. ഇവരില്‍ നിന്ന് തോക്കും കണ്ടെടുത്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, National, Police, Accused, Crime, Encounter, Top-Headlines, Arrested, Attack, Video, UP villagers attack Haryana cops on murder accused's tail.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.