Arrest | ഉജ്ജയിനിൽ പട്ടാപ്പകൽ റോഡരികിലെ ബലാത്സംഗം: വീഡിയോ വൈറലായതിന് പിന്നാലെ പ്രതിയും ദൃശ്യം പകർത്തിയയാളും അറസ്റ്റിൽ
* ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് സംഭവം നടന്നത്
ഭോപ്പാൽ: (KVARTHA) മധ്യപ്രദേശിലെ ഉജ്ജയിനിൽ തിരക്കേറിയ പ്രദേശത്തെ നടപ്പാതയിൽ പട്ടാപ്പകൽ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായവർ രണ്ടായി. നേരത്തെ ബലാത്സംഗം ചെയ്ത ലോകേഷ് ലഹോരിയ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ സംഭവം വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നതിന് മുഹമ്മദ് സലീം എന്ന യുവാവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കും മൂന്ന് മണിക്കും ഇടയിലാണ് സംഭവം നടന്നതെന്ന് സിറ്റി എസ്പി ഓംപ്രകാശ് മിശ്ര പറഞ്ഞു. ചിമംഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 45 കാരിയായ സ്ത്രീയാണ് ഇരയായത്. ആക്രി സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന ജോലിയാണ് സ്ത്രീ ചെയ്തിരുന്നത്. സംഭവദിവസം ഉച്ചയ്ക്ക് കൽക്കരി ഗേറ്റിന് സമീപം ആക്രിവസ്തുക്കൾ ശേഖരിക്കുന്നതിനിടെ ഒരു യുവാവിനെ പരിചയപ്പെട്ടതായി യുവതി പൊലീസിനോട് പറഞ്ഞു.
ലോകേഷ് ലഹോരിയ എന്നാണ് യുവാവ് തൻ്റെ പേര് പറഞ്ഞതെന്ന് യുവതി പറയുന്നു. ലോകേഷ് യുവതിയെ വശീകരിച്ച് മദ്യം കുടിപ്പിക്കുകയും വിവാഹം കഴിക്കാമെന്നും പറഞ്ഞു. ഇതിന് ശേഷം നടപ്പാതയിലെ ചവറ്റുകുട്ടയുടെ മറവിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഇതിന് ശേഷം ഭീഷണിപ്പെടുത്തി ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
സംഭവത്തിന്റെ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ പ്രതിപക്ഷ പാർട്ടികൾ സംസ്ഥാനത്തെ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ഇത്രയും ഭീകരമായ കൃത്യം പൊതുജനങ്ങളുടെ മുന്നിൽ നടക്കുന്നത് കണ്ടിട്ടും ആരും സ്ത്രീയെ സഹായിക്കാനോ പൊലീസിനെ അറിയിക്കാനോ തയ്യാറായില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു.
ഒരു വർഷം മുമ്പ് ഉജ്ജയിനിൽ തന്നെ മാനസിക വൈകല്യമുള്ള പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത സംഭവം ചർച്ചയായിരുന്നു. അർധനഗ്നയായ പെൺകുട്ടി നിരവധി വീടുകളുടെ മുന്നിലൂടെ കടന്നുപോയെങ്കിലും ആരും സഹായിക്കാൻ മുന്നോട്ടു വരാത്തതും വിമർശനത്തിന് വഴിവെച്ചിരുന്നു.
കൂലിപ്പണിയ്‌ക്കൊപ്പം പച്ചക്കറിക്കടയും പ്രതി ലോകേഷ് നടത്തുന്നുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. വീട്ടിൽ നിന്നാണ് സലീമിനെ പൊലീസ് പിടികൂടിയത്. ഇയാൾ വീഡിയോ പകർത്തിയ മൊബൈൽ ഫോണും പിടിച്ചെടുത്തതായി പൊലീസ് പറഞ്ഞു. ഐടി ആക്ട് പ്രകാരമാണ് സലീമിനെതിരെ കേസെടുത്തത്.