Parole | ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾ പരോളിലിറങ്ങുന്നു; അക്രമ രാഷ്ട്രീയത്തിൽ സര്‍ക്കാര്‍ നയം വ്യക്തമാക്കുന്നുവെന്ന് ആക്ഷേപം
കണ്ണൂര്‍: (KVARTHA) വടകര ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചൂടേറിയ തെരഞ്ഞെടുപ്പ് വിഷയമായ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ ആറു പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചു സര്‍ക്കാര്‍ നയം വ്യക്തമാക്കുന്നുവെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാനത്തെ ജയിലുകളില്‍ കൂട്ടപരോളിന് ആഭ്യന്തരവകുപ്പ് പച്ചക്കൊടി വീശിയത്. 561 പ്രതികളിലാണ് ടി.പി വധക്കേസില്‍ ശിക്ഷ അനുഭവിച്ചു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആറുപേര്‍ക്കും പരോള്‍ അനുവദിച്ചത്.
ജയില്‍ചട്ടം അനുസരിച്ചു ഒരു വര്‍ഷം പരാമവധി അറുപതു ദിവസം വരെയാണ് പരോള്‍. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന മുപ്പതു പേരിലാണ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, കിര്‍മാണി മനോജ്, എം.സി അനൂപ്, അണ്ണന്‍ സജിത്ത്, കെ ഷിനോജ് എന്നിവര്‍ക്കും പരോള്‍ അനുവദിച്ചത്. തവന്നൂര്‍ ജയിലില്‍ കഴിയുന്ന കൊടി സുനി പരോളിനായി അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ജയില്‍ സുരക്ഷാ വാര്‍ഡന്‍മാരെ അക്രമിച്ച കേസുളളതു കൊണ്ടു തള്ളിക്കളയുകയായിരുന്നു.
എന്നാല്‍ ബെംഗ്ളുറു പൊലീസിന്റെ തോക്കുകടത്ത് കേസിലെ പ്രതിയായ ടി കെ രജീഷിന് പരോള്‍ ഇതൊന്നും പരിഗണിക്കാതെ നല്‍കുകയും ചെയ്തു. സര്‍ക്കാരിന്റെ പ്രത്യേക പരിധിയില്‍ ഉള്‍പ്പെടുന്നതിനാലാണ് ടി.പി വധക്കേസ് പ്രതികള്‍ക്കും പരോള്‍ അനുവദിച്ചത്. ചികിത്സയ്‌ക്കോ മറ്റുകാരണങ്ങള്‍ കാണിച്ചോ അപേക്ഷിക്കുന്നവര്‍ക്കാണ് പരോള്‍ സാധാരണയായി അനുവദിക്കാറുളളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനാല്‍ കഴിഞ്ഞ മൂന്ന് മാസമായി പരോള്‍ നല്‍കിയിരുന്നില്ല.