സ്‌കൂളിന് സമീപം അനധികൃത മദ്യവില്‍പന നടത്തുന്നത് അറിയിച്ച അന്ധനായ യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി; 'സ്വന്തം കാര്യം നോക്കി നടക്കണമെന്ന് ശകാരിച്ചു'; പരിക്കേറ്റ 29 കാരന്‍ ചികിത്സയില്‍, 3 പേര്‍ക്ക് സസ്‌പെന്‍ഷന്‍
Mar 18, 2022, 17:39 IST
ചെന്നൈ: (www.kvartha.com 18.03.2022) സ്‌കൂളിന് സമീപം അനധികൃത മദ്യവില്‍പന നടത്തുന്നത് അറിയിച്ച അന്ധനായ യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. ബഗവന്‍പട്ടിയിലെ ശങ്കറാണ് (29) ബുധനാഴ്ച പൊലീസിന്റെ ആക്രമണത്തിന് ഇരയായത്. മകന് മര്‍ദനമേറ്റതായി ശങ്കറിന്റെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. കോണ്‍സ്റ്റബിള്‍മാരായ സെന്തില്‍കുമാര്‍, പ്രഭു, അശോക് കുമാര്‍ എന്നിവരെയാണ് വിരാളിമല പൊലീസ് സസ്‌പെന്‍ഡ് ചെയ്തത്.
ശങ്കറില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനായ പി പളനിയപ്പന്‍ ബുധനാഴ്ച രാത്രി സെന്‍ട്രല്‍ സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഐ ജി പി) വി ബാലകൃഷ്ണനെ സമീപിച്ചിരുന്നു. ശേഷം ബാലകൃഷ്ണന്‍ അന്വേഷണത്തിന് ഉത്തരവിടുകയും തുടര്‍ന്ന് പുതുക്കോട്ട പൊലീസ് സൂപ്രണ്ട് നിഷ പാര്‍ഥിബന്‍ മൂന്ന് പൊലീസുകാരെയും സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.
കവരപ്പട്ടി സര്‍കാര്‍ സ്‌കൂളിന് സമീപം ഇലക്ട്രികല്‍ കട നടത്തുന്ന ശങ്കര്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ മദ്യവില്പനയെപ്പറ്റി നിരന്തരം പരാതിപ്പെട്ടിരുന്നുവെന്നാണ് വിവരം. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വളരെക്കാലമായി അനധികൃത മദ്യവില്പനക്കാരുടെ ശല്യം നേരിടുന്നുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോളാണ് പരാതിപ്പെട്ടതെന്ന് ശങ്കര്‍ പറഞ്ഞു. എന്നാല്‍ പൊലീസ് അതൊന്നും വകവച്ചില്ലെന്നും ശങ്കര്‍ പറഞ്ഞു.
'കഴിഞ്ഞ ഒരാഴ്ചയായി ഞാന്‍ ഈ വിഷയം പൊലീസിനോട് പറഞ്ഞെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ല. ഒടുവില്‍ ഒരു പൊലീസുദ്യോഗസ്ഥ എന്നെ വിളിച്ച് ശകാരിക്കുകയായിരുന്നു, സ്വന്തം കാര്യം നോക്കി നടക്കണമെന്നാണ് അവര്‍ പറഞ്ഞത്' -ശങ്കര്‍ പറഞ്ഞു.
ഇതിന് പിന്നാലെ രണ്ട് പൊലീസുകാര്‍ വന്ന് ശങ്കറിനെ കൂട്ടിക്കൊണ്ട് പോകുകയും മര്‍ദിക്കുകയുമായിരുന്നുവെന്നും പിന്നില്‍ നിന്ന് ലാതികൊണ്ട് മര്‍ദിച്ചുവെന്നുമാണ് പരാതി. പരിക്കേറ്റ യുവാവ് വിരാലിമല സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.