Attacked | കൊലപാതകമുള്‍പെടെ നിരവധി ക്രിമിനല്‍ കേസ്; 'സാഹസികമായി പിന്തുടര്‍ന്ന് പിടികൂടാനെത്തിയ പൊലീസുകാരനെ കാറിടിച്ച് വീഴ്ത്തി പ്രതി രക്ഷപ്പെട്ടു'
Mar 31, 2023, 13:31 IST
തിരുവനന്തപുരം: (www.kvartha.com) സാഹസികമായി പിന്തുടര്‍ന്ന് പിടികൂടാനെത്തിയ പൊലീസുകാരനെ കാറിടിച്ച് വീഴ്ത്തി കൊലപാതകമുള്‍പെടെ നിരവധി ക്രിമിനല്‍ കേസിലെ പ്രതി രക്ഷപ്പെട്ടതായി പൊലീസ്. പരുക്കേറ്റ കാഞ്ഞിരംകുളം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സനല്‍ കുമാറിനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈവിരലിന് ഗുരുതരമായി പൊട്ടലേറ്റ ഇയാളെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വിഴിഞ്ഞം പൊലീസ് പറയുന്നത്: വിഴിഞ്ഞം ചൊവ്വര ജന്‍ങ്ഷനില്‍ ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഒരു വര്‍ഷം മുമ്പ് പുല്ലുവിള സ്വദേശിയായ ടെന്നു എന്ന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച അഞ്ചംഗ സംഘത്തിലെ പ്രധാനിയായ അജയ് (26) എന്ന പ്രതിയെ പിടികൂടാന്‍ കാഞ്ഞിരംകുളം എസ് ഐ ഉള്‍പെട്ട സംഘം ശ്രമിക്കുന്നതിനിടെയാണ് പൊലീസിനെ കാറിടിച്ച് വീഴ്ത്തി പ്രതി രക്ഷപ്പെട്ടത്.
പ്രതി സ്ഥലത്തുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം ചേസ് ചെയ്ത് എത്തിയത്. തിരുവനന്തപുരം മുതല്‍ മൊബൈല്‍ ടവര്‍ ലൊകേഷന്‍ പരിശോധിച്ച പൊലീസ് സംഘം മഫ്ടിയിലും യൂനിഫോമിലുമായി പ്രതിയെ പിന്തുടരുകയായിരുന്നു.
കോവളം കഴിഞ്ഞ് അടിമലത്തുറയിലേക്കാണ് പ്രതി കാറില്‍ പോകുന്നതെന്ന് മനസിലാക്കിയ പൊലീസ് അടിമലത്തുറയിലേക്ക് പോകുന്ന റോഡില്‍ കാര്‍ കുറുകെയിട്ട് മാര്‍ഗതടസം സൃഷ്ടിച്ച് കാത്തിരുന്നു. ഇതിനിടെ ചൊവ്വര ജന്‍ങ്ഷനില്‍ മഫ്ടിയില്‍ ബൈകില്‍ കാത്ത് നിന്ന പൊലീസുകാരായ സനല്‍കുമാറും സഹപ്രവര്‍ത്തകനായ ഷരണും പ്രതി സഞ്ചരിച്ച കാറിനെ തടഞ്ഞ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
അടിമലത്തുറ റോഡിലേക്ക് ഓടിച്ച് പോയ പ്രതിയുടെ കാറിന് മാര്‍ഗതടസം സൃഷ്ടിച്ച് മറ്റൊരു വാഹനം ഇട്ടു. പൊലീസ് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ കാര്‍ കാരണം പ്രതിക്ക് മുന്നോട്ട് പോകാനായില്ല. ഇതിനിടയില്‍ പുറകെയെത്തിയ സനല്‍ കുമാറും ഷരണും പ്രതിയുടെ കാറിന് പുറകില്‍ ബൈക് വച്ചശേഷം ഡോര്‍ തുറന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും പ്രതി അവരെ പിന്നിലേക്ക് തള്ളിയിട്ടു.
ശേഷം അജയ് കാര്‍ വേഗത്തില്‍ പുറകോട്ടെടുത്ത് പുറകിലുണ്ടായിരുന്ന ബൈകിനെ 30 മീറ്ററോളം ദൂരം റോഡിലൂടെ പിന്നിലേക്ക് വലിച്ചുകൊണ്ട് പോയി. പുറകോട്ടെടുത്ത കാറിനടിയില്‍പെടാതെ കഷ്ടിച്ച് രക്ഷപ്പെട്ട സനല്‍ കുമാറിന്റെ വലത് കൈവിരലിലെ എല്ല് വാഹനമിടിച്ച് പൊട്ടി. സഹപ്രവര്‍ത്തകന്‍ ഷരണും നേരിയ പരിക്കേറ്റു. വിവരമറിഞ്ഞ് മറ്റ് സ്ഥലങ്ങളില്‍ കാത്ത് നിന്ന കൂടുതല്‍ പൊലീസ് എത്തുന്നതിനിടയില്‍ പ്രതി രക്ഷപ്പെടുകയായിരുന്നു.
സംഭവശേഷം മൊബൈല്‍ ടവര്‍ ലൊകേഷന്‍ നോക്കി രാത്രിയില്‍ പൊലീസ് നടത്തിയ പരിശോധനയിലും പ്രതിയെ കണ്ടെത്താനായില്ല. വ്യാഴാഴ്ച വൈകുന്നേരം നെയ്യാറ്റിന്‍കരയിലെ ആശുപത്രിയിലെത്തിയ വിഴിഞ്ഞം പൊലീസ് പരുക്കേറ്റ സനല്‍ കുമാറിന്റെ മൊഴിയെടുത്തു. ബെംഗ്‌ളൂറുമായി ബന്ധമുള്ള കഞ്ചാവ്, മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് അജയ് എന്നും പ്രതിക്കെതിരെ പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് കേസ് എടുത്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News, Kerala, State, Thiruvananthapuram, Attack, Accused, Crime, Police, Police-Station, Thiruvananthapuram: Murder case accused attack police officer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.