SWISS-TOWER 24/07/2023

Verdict | തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി

 
Thenkurussi Honor murder Case: Life Imprisonment for Convicts
Thenkurussi Honor murder Case: Life Imprisonment for Convicts

Representational Image Generated By Meta AI

ADVERTISEMENT

● പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് ആര്‍ വിനായക റാവുവിന്റേതാണ് ഉത്തരവ്
● 2020 ക്രിസ്മസ് ദിവസം വൈകിട്ടാണ് സംഭവം നടന്നത് 
● വിധിയില്‍ തൃപ്തിയില്ലെന്നും അപ്പീല്‍ പോകുമെന്നും അനീഷിന്റെ കുടുംബം
● തനിക്കും വീട്ടുകാരില്‍ നിന്ന് ഭീഷണിയുണ്ടായെന്ന് അനീഷിന്റെ ഭാര്യ ഹരിത

പാലക്കാട്: (KVARTHA) തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ പ്രതികളായ പ്രഭുകുമാര്‍ (43), കെ സുരേഷ് കുമാര്‍ (45) എന്നിവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ വീതം പിഴയും വിധിച്ച് കോടതി. പാലക്കാട് അഡീഷനല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് ആര്‍ വിനായക റാവു ആണു വിധി പറഞ്ഞത്. ഇലമന്ദം കൊല്ലത്തറയില്‍ അനീഷിനെ (27) കൊലപ്പെടുത്തിയെന്ന കേസിലാണ് കോടതി വിധി പറഞ്ഞത്. 2020 ക്രിസ്മസ് ദിവസം വൈകിട്ടാണ് സംഭവം നടന്നത്. 

Aster mims 04/11/2022

അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛനാണ് പ്രഭുകുമാര്‍. കെ സുരേഷ് കുമാര്‍ അമ്മാവനും. 
ബൈക്കില്‍ സഹോദരനൊപ്പം സഞ്ചരിക്കുന്നതിനിടെ അനീഷിനെ മാന്നാംകുളമ്പില്‍വെച്ച് തടഞ്ഞുനിര്‍ത്തി സുരേഷും പ്രഭുകുമാറും ചേര്‍ന്ന് വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. ഹരിതയെ അനീഷ് പ്രണയിച്ച് വിവാഹം കഴിച്ചതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.


വിധിയില്‍ തൃപ്തിയില്ലെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അനീഷിന്റെ ഭാര്യ ഹരിതയും അനീഷിന്റെ പിതാവും പറഞ്ഞു. ഇരട്ട ജീവപര്യന്തമോ വധശിക്ഷയോ ആണ് പ്രതീക്ഷിച്ചത്. തനിക്കെതിരെയും വീട്ടുകാരില്‍ നിന്ന് ഭീഷണിയുണ്ടായെന്ന് ഹരിത പ്രതികരിച്ചു. 

തന്നെയും കൊല്ലുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മകനുനേരെയുണ്ടായ ക്രൂരതയില്‍ ഈ വിധി പോരെന്ന് അനീഷിന്റെ പിതാവും പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇരുവരും പറഞ്ഞു.

ഇതരജാതിയില്‍പ്പെട്ട ഹരിതയും അനീഷും പ്രണയിച്ച് വിവാഹം കഴിച്ചതിലെ വൈരാഗ്യത്തിലാണ് പ്രഭുകുമാറും സുരേഷും ചേര്‍ന്ന് അനീഷിനെ ക്രൂരമായി കൊലപ്പെടുത്തിയത് എന്നാണു കേസ്. വിവാഹത്തിന്റെ 88-ാം ദിവസമായിരുന്നു കൊലപാതകം. വിവാഹശേഷം അനീഷും ഹരിതയുടെ വീട്ടുകാരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. പലപ്പോഴായി അനീഷിനെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. വിവാഹം കഴിഞ്ഞ് 90 ദിവസത്തിനു മുന്‍പു താലിയറുക്കുമെന്ന് പ്രഭുകുമാര്‍ മകളെ ഭീഷണിപ്പെടുത്തിയിരുന്നു.

പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നും അനീഷിന്റെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ നടന്നത് അതിക്രൂരമായ കൊലപാതകം അല്ലെന്നും അപൂര്‍വങ്ങളില്‍ അപൂര്‍വം അല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് അനീഷിന്റെ ഭാര്യ പി ഹരിത, മാതാപിതാക്കളായ ഇകെ ആറുമുഖന്‍, കെ രാധ എന്നിവര്‍ ആവശ്യപ്പെട്ടു.


ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പിയായിരുന്ന സി സുന്ദരനാണ് കേസ് അന്വേഷിച്ചത്. 2024 മാര്‍ച്ചില്‍ 75 ദിവസം കൊണ്ടാണ് ജില്ലാ ക്രൈംബ്രാഞ്ച് ഡി വൈ എസ് പി സി ജോണ്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ദുരഭിമാനക്കൊലയെന്നാണ് കുറ്റപത്രത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. കൊലക്കുറ്റത്തിനുപുറമേ ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.


ഹരിത, അനീഷിന്റെ സഹോദരന്‍ അരുണ്‍ എന്നിവര്‍ ഉള്‍പ്പെടെ 59 സാക്ഷികളെ വിസ്തരിച്ചു. 
110 സാക്ഷികളാണുണ്ടായിരുന്നത്. കേസില്‍ കൃത്യമായ സാക്ഷിമൊഴികളും തെളിവുകളും ഹാജരാക്കാന്‍ കഴിഞ്ഞതായി പ്രോസിക്യൂഷന്‍ അഭിഭാഷകന്‍ പി അനില്‍ പറഞ്ഞു. പ്രതികള്‍ എത്തിയ രണ്ട് ബൈക്കുകള്‍, കത്തി എന്നിവയടക്കമുള്ള തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

#HonorKilling #KeralaVerdict #LifeImprisonment #PalakkadCrime #AnishMurder #CourtVerdict

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia