Drugs | മലബാറിലേക്ക് ബെംഗ്‌ളൂരില്‍ നിന്നും സിന്തറ്റിക് മയക്കുമരുന്ന് ഒഴുകുന്നു; എക്‌സൈസ് റെയ്‌ഡിൽ പിടിയിലായത് വന്‍ മയക്കുമരുന്ന് റാക്കറ്റിലെ കണ്ണികള്‍
കണ്ണൂര്‍: (KVARTHA) മലബാറിലെ ജില്ലകളില്‍ അതിര്‍ത്തി വഴി മയക്കുമരുന്ന് കടത്തുന്നത് പൊലീസിനും എക്‌സൈസിനും തലവേദനയാകുന്നു. ബെംഗ്‌ളൂരില്‍ നിന്നാണ് സിന്തറ്റിക് മയക്കുമരുന്ന് കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശമായ കൂട്ടുപുഴ ചെക്ക് പോസ്റ്റിലൂടെ വാഹനങ്ങളില്‍ കടത്തുന്നത്. സ്ത്രീകള്‍ ഉള്‍പ്പെടെയുളള വന്‍ റാക്കറ്റു തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബെംഗ്ളുറു കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സംഘത്തില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്ന് വാങ്ങുന്നത്. ഇതുപിന്നീട് കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ചില്ലറ വില്‍പനക്കാര്‍ക്കായി നല്‍കുകയാണ് ചെയ്യുന്നത്. മെത്തഫിറ്റ്മിന്‍, എം.ഡി.എം.എ, ബ്രൗണ്‍ഷുഗര്‍ എന്നിവയാണ് ഇവര്‍ അതിര്‍ത്തി വഴി കടത്തുന്നത്.
കഴിഞ്ഞ ദിവസം വാഹനപരിശോധനയ്ക്കിടെ എക്‌സൈസ് ഓഫീസറെ തട്ടിക്കൊണ്ടു പോയി വഴിയില്‍ ഉപേക്ഷിച്ചുവെന്ന കേസിൽ കോഴിക്കോട് സ്വദേശി യാസര്‍ അറഫാത്ത് ഉള്‍പ്പെടെ നാലുപേരെ എക്‌സൈസ് പിടികൂടിയിരുന്നു. അന്‍പതു ലക്ഷം രൂപ വിലവരുന്ന മെത്തഫിറ്റ്മിനാണ് ഇവരില്‍ നിന്നും പിടികൂടിയത്. കഴിഞ്ഞ വെളളിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെ കൂട്ടുപുഴ എക്സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധ നടത്തവെ ഉദ്യോഗസ്ഥരെ അപായപ്പെടുത്തും വിധം കാറെടുത്തു ഓടിച്ചു പോയെന്നാണ് കേസ്. യാസർ അറഫാത്തിന്റെ അറസ്‌റ്റോടെയാണ് വന്‍മയക്കുമരുന്ന് റാക്കറ്റിനെ കുറിച്ചുളള അന്വേഷണം എക്‌സൈസ് ആരംഭിക്കുന്നത്.
ഇതോടെ ഇയാളുടെ കൂട്ടാളികളെയും എക്സൈസ് പിടികൂടുകയായിരുന്നു. അന്‍പത് ലക്ഷത്തോളം രൂപ വിലമതിക്കുന്ന 685 ഗ്രാം മാരക മയക്കുമരുന്നായ മെത്താഫിറ്റമാനുമായി മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി നാലു പേരെയാണ് മലപ്പുറം എക്സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടർ സജികുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ടീം പിടികൂടിയത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 2.30 നാണു കൂട്ടുപുഴ എക്സൈസ് ചെക്‌പോസ്റ്റില്‍ വാഹനപരിശോധന നടത്തുകയായിരുന്ന അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ ഷാജി, പ്രിവന്റീവ് ഓഫീസര്‍ ഷാജി അളോക്കന്‍ എന്നിവരെ വെള്ള സ്വിഫ്റ്റ് കാറുകൊണ്ട് അപായപെടുത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് ഈ കാറിനെ പിന്തുടര്‍ന്ന് എക്സൈസും പൊലീസും പിടികൂടാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കണ്ണൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ ഷിബു, ഇരിട്ടി പൊലീസ് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ ജിജീഷ് എന്നിവരുടെ നിര്‍ദേശനുസരണം എക്സൈസ് കമ്മീഷണര്റുടെ സ്‌ക്വാഡും കണ്ണൂര്‍ ഡാന്‍സഫും ഇരിട്ടി പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് വെള്ളിയാഴ്ച രാത്രിയോടെ വാഹനം ഓടിച്ചിരുന്ന യാസര്‍ അറഫാത്തിനെയും കാറും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിന്നായി കണ്ടെത്തി കസ്റ്റഡിയിലെടുത്തത്.
പ്രതി കടത്തികൊണ്ടു വന്ന മയക്കുമരുന്നുകള്‍ കണ്ടെത്തുന്നതിനും കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനും മലപ്പുറം എക്സൈസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം വ്യാപിപ്പിച്ച എക്സൈസ് 24 മണിക്കൂറിനകം തന്നെ പ്രതികളെ വലയിലാക്കുകയും മയക്കുമരുന്നുകള്‍ കണ്ടെത്തുകയും ചെയ്തു. ശഫീഖ് (32), ഭാര്യ സൗദ (28), അഫ്‌നാനുദ്ദീന്‍ (24), മുഹമ്മദ് ഷാഹിദ് (28) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്.
യാസര്‍ അറഫാത്തിനെ പിടികൂടിയ അന്വേഷണ സംഘത്തില്‍ എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇന്‍സ്പെക്ടര്‍ പി കെ മുഹമ്മദ് ഷഫീഖ്, കണ്ണൂര്‍ സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍ ടി ഷിജുമോന്‍, പ്രിവെന്റീവ് ഓഫീസര്‍ പ്രദീപ് കുമാര്‍ കെ, സി ഇ ഒ മാരായ സച്ചിന്‍ദാസ്, നിതിന്‍ ചോമാരി എന്നിവരും, പൊലീസ് സംഘത്തിൽ എസ് ഐ സനീഷ്, ഉദ്യോഗസ്ഥരായ അനൂപ്, ഷിജോയ്, ഷൗക്കത്തലി, നിജീഷ് എന്നിവരുമാണ് ഉണ്ടായിരുന്നത്.
ഓണ്‍ റോഡ് സ്‌ക്വാഡ് എന്ന ഈ ഓപ്പറേഷനില്‍ മലപ്പുറം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ വൈ ഷിബു, കണ്ണൂര്‍ അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പി എല്‍ ഷിബു എന്നിവരുടെ മേല്‍നോട്ടത്തില്‍ എക്സൈസ് ടീം ജാഗ്രതയോടെ നടത്തിയ നീക്കമാണ് ഇത്രയും വലിയ അളവില്‍ മയക്കുമരുന്ന് പിടികൂടാന്‍ സഹായിച്ചത്. എക്സൈസ് ഉത്തരമേഖലയില്‍ നടത്തിയ ഏറ്റവും വലിയ മെത്താഫിറ്റ്മാന്‍ വേട്ടകളിലൊന്നാണിത്.
മലപ്പുറം എക്സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജികുമാറിനെ കൂടാതെ എക്സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ എക്സൈസ് ഇന്‍സ്പെക്ടര്‍മാരായ പി കെ മുഹമ്മദ് ഷഫീഖ്, ടി ഷിജുമോന്‍, പ്രിവന്റീവ് ഓഫീസര്‍ പ്രദീപ് കുമാര്‍ കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നിതിന്‍ ചോമാരി, സച്ചിന്‍ദാസ്, മലപ്പുറം സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്റിവ് ഓഫീസര്‍മാരായ രഞ്ജിത്ത്, സഫീര്‍ അലി, സുരേഷ് ബാബു സി, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ സലീന, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ വിജയന്‍ എം, അബ്ദുള്‍ നാസര്‍ ഒ, റെജീലാല്‍, സജീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മായ, സില്ല, എക്‌സ്സൈസ് ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. വരും ദിവസങ്ങളിലും സംസ്ഥാന അതിര്‍ത്തിവഴിയുളള മയക്കുമരുന്ന് കടത്തിനെതിരെ റെയ്ഡ് ശക്തമാക്കുമെന്ന് എക്‌സൈസ് അറിയിച്ചു.