Investigation | മൈനാഗപ്പിള്ളി അപകടം; പ്രതികള്‍ മദ്യം മാത്രമല്ല, രാസലഹരി ഉപയോഗിച്ചിരുന്നോ എന്നും സംശയം; രക്ത, മൂത്ര സാമ്പിളുകള്‍ പരിശോധിക്കും
● ഇരുവരും തമ്മിലുള്ള പണമിടപാടുകളും പരിശോധിക്കും
● പ്രതികളെ അടുത്ത ദിവസം തന്നെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്
കൊല്ലം: (KVARTHA) മൈനാഗപ്പിള്ളി അപകടത്തില്‍ പൊലീസ് പിടിയിലായ പ്രതികള്‍ മദ്യം മാത്രമല്ല, രാസലഹരി ഉപയോഗിച്ചിരുന്നോ എന്നും സംശയം. സംശയ നിവാരണത്തിനായി അജ്മല്‍, ശ്രീക്കുട്ടി എന്നിവരുടെ രക്ത, മൂത്ര സാമ്പിളുകള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇരുവരും തമ്മിലുള്ള പണമിടപാടുകളും പരിശോധിക്കും.
അതിനിടെ മൈനാഗപ്പള്ളി ആനൂര്‍ക്കാവില്‍ തിരുവോണ ദിവസം വൈകിട്ട് സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തിയെന്ന സംഭവത്തില്‍ പ്രതികളെ പ്രദേശവാസികള്‍ തടയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അജ് മല്‍ അപകടമുണ്ടാക്കിയ ശേഷം കാറില്‍ രക്ഷപ്പെടുന്നതും പിന്നാലെ ബൈക്കിലെത്തിയ യുവാക്കളുടെ സംഘം കരുനാഗപ്പള്ളിക്ക് സമീപം വെച്ച് കാര്‍ തടഞ്ഞുനിര്‍ത്തുന്നതുമായ ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ ഇവരുടെ കണ്ണുവെട്ടിച്ച് അജ്മല്‍ വീടിന് പിന്നിലൂടെ മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു.
അപകടശേഷവും എട്ടോളം വാഹനങ്ങളില്‍ ഇടിച്ചാണ് അജ് മലിന്റെ കാര്‍ കടന്നുവന്നത്. കാറിനെ പിന്തുടര്‍ന്നു വന്ന പ്രദേശവാസികള്‍ കരുനാഗപ്പള്ളി കോടതിക്ക് സമീപത്തുവച്ചാണ് പ്രതിയെ തടഞ്ഞത്. തുടര്‍ന്ന് അഞ്ചു മിനിറ്റോളം ഇവരുമായി പ്രതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു.
പിന്നാലെ അടുത്തുള്ള പ്രദീപിന്റെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. അനുവാദം കൂടാതെ വീടിനകത്തേക്ക് കയറിയ പ്രതി വീട്ടിനുള്ളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി വീട്ടുടമ പ്രദീപ് പറഞ്ഞു. കിടപ്പുമുറിയില്‍ കയറി അട്ടഹസിച്ചും വീട്ടുകാരെ തള്ളിമാറ്റിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും ഒടുവില്‍ അടുക്കള വാതിലിലൂടെ പുറത്തിറങ്ങി മതില്‍ ചാടി രക്ഷപ്പെട്ടുവെന്നും വീട്ടുടമ ആരോപിച്ചു. പിന്നാലെ എത്തി അടുക്കളയില്‍ ഒളിച്ച ഡോ. ശ്രീക്കുട്ടിയെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ഇദ്ദേഹം പറയുന്നു.
അപകടത്തില്‍ പരുക്കേറ്റ ഫൗസിയയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. പ്രതികളെ അടുത്ത ദിവസം തന്നെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം.
#MainagappillyAccident, #DrugSuspicion, #KollamCrime, #KeralaPolice, #AccidentInvestigation, #Suspects