CPM | സൂരജ് വധക്കേസിൽ 8 പേർക്ക് ജീവപര്യന്തം; ഒരാൾക്ക് 3 വർഷം കഠിന തടവും പിഴയും; 'അരുംകൊല സിപിഎം വിട്ടു ബിജെപിയിൽ ചേർന്നതിന്'; 20 വർഷത്തിന് ശേഷം നീതി നൽകി നിയമപീഠം

 
Suraj murder case, political crime, Kannur
Suraj murder case, political crime, Kannur

Photo: Arranged

● 2005 ഓഗസ്റ്റ് ഏഴിനായിരുന്നു സൂരജ് കൊല്ലപ്പെട്ടത്.
● മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ സഹോദരൻ പ്രതിയാണ്.
● രാഷ്ട്രീയ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് പ്രോസിക്യൂഷൻ വാദിച്ചു.

കണ്ണൂർ: (KVARTHA) കൊലപാതക രാഷ്ട്രീയത്തിന് കനത്ത തിരിച്ചടി നൽകി നീതിപീഠം. സി.പി.എം വിട്ട് ബി.ജെ.പിയിൽ ചേർന്ന മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ കൊലപ്പെടുത്തിയ കേസിൽ ഒമ്പത് സി.പി.എം പ്രവർത്തകർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ തലശ്ശേരി കോടതി, എട്ട് പേർക്ക് ജീവപര്യന്തം കഠിന തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. പ്രതികളെ ഒളിപ്പിച്ചതിന് ഒരാൾക്ക് മൂന്ന് വർഷം കഠിന തടവും പിഴയുമുണ്ട്. തലശ്ശേരി സെഷൻസ് ജഡ്ജ് നിസാർ അഹമ്മദാണ് വിധി പ്രസ്താവിച്ചത്.

കേസിലെ രണ്ടാം പ്രതി ടി.കെ. രജീഷ് (55), എൻ.വി. യോഗേഷ് (47), ഷംജിത്ത് എന്ന ജിത്തു (48), പി.എം. മനോരാജ് എന്ന നാരായണൻകുട്ടി (53), നെയ്യോത്ത് സജീവൻ (57), പ്രഭാകരൻ മാസ്റ്റർ (60), പി.വി. പത്മനാഭൻ എന്ന ചോയി പപ്പൻ (68), മന്ദമ്പേത്ത് രാധാകൃഷ്ണൻ എന്ന ബാങ്ക് രാധാകൃഷ്ണൻ (61), പ്രദീപൻ (59) എന്നിവരെയാണ് 147, 148, 302, 120 (ബി) വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. ഇതിൽ രണ്ടു മുതൽ ഒൻപതു വരെയുള്ള പ്രതികൾക്കാണ് ജീവപര്യന്തം. ഗൂഢാലോചന കുറ്റം ചുമത്തിയ മൂന്ന് നേതാക്കളും ശിക്ഷിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

കേസിലെ ഒന്നാം പ്രതി ഷംസുദ്ദീൻ, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രൻ എന്നിവർ വിചാരണക്കിടെ മരിച്ചു. പത്താം പ്രതി നാഗത്താൻകോട്ടയിലെ പ്രകാശനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. പതിനൊന്നാം പ്രതി പ്രദീപനെ കൊലപാതക കേസിലെ പ്രതികളെ സംരക്ഷിച്ചതിന് മൂന്ന് വർഷം കഠിന തടവിനും 20,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു. നഷ്ടപരിഹാര തുക സൂരജിന്റെ അമ്മ സതിക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

2005 ഓഗസ്റ്റ് ഏഴിന് രാവിലെ എട്ടരയോടെ മുഴപ്പിലങ്ങാട് ടെലിഫോൺ ഭവന് സമീപത്തായിരുന്നു സൂരജ് കൊല്ലപ്പെട്ടത്. ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകനായ മുഴപ്പിലങ്ങാട് എളമ്പിലായി ചന്ദ്രന്റെ മകൻ സൂരജിനെ രാഷ്ട്രീയ വിരോധം വെച്ച് മനഃപൂർവം കൊല്ലാൻ 2005 ഓഗസ്റ്റ് അഞ്ചിന് സി.പി.എം നേതാക്കളായ പ്രഭാകരൻ മാസ്റ്റർ, കെ.വി. പത്മനാഭൻ, മന്ദമ്പേത്ത് രാധാകൃഷ്ണൻ, തെക്കുമ്പാടൻ പൊയിൽ രവീന്ദ്രൻ എന്നിവർ ഗൂഢാലോചന നടത്തിയതായി പ്രോസിക്യൂഷൻ വാദിച്ചു. 

സൂരജിനെ കൊലപ്പെടുത്താൻ പി.കെ. ഷംസുദ്ദീനെ ചുമതലപ്പെടുത്തി. ഷംസുദ്ദീൻ എൻ.വി. യോഗേഷ്, ഷംജിത്ത്, പി.എം. മനോരാജ് എന്നിവരെയും മനോരാജ് ടി.കെ. രജീഷിനെയും ഇതിനായി നിയോഗിച്ചു. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40 ന് മഴു, വാൾ തുടങ്ങിയ മാരകായുധങ്ങളുമായി നെയ്യോത്ത് സജീവൻ ഓടിച്ച ഓട്ടോറിക്ഷയിൽ പ്രതികൾ മുഴപ്പിലങ്ങാട് എഫ്‌സിഐ ജംഗ്ഷനിലെത്തി. വീട്ടിലേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിച്ച സൂരജ് ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം വീഴുകയും തുടർന്ന് യോഗേഷ് കഴുത്തിന് വെട്ടുകയും ടി.കെ. രജീഷ് തലയ്ക്ക് വെട്ടുകയും ഷംസുദ്ദീൻ, ഷംജിത്ത്, മനോരാജ് എന്നിവർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തുകയും ചെയ്തുവെന്നും പുതിയ പുരയിൽ പ്രദീപനാണ് പ്രതികളെ ഒളിവിൽ താമസിപ്പിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു.

2012 ൽ ടി.കെ. രജീഷിനെ ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റ് ചെയ്തപ്പോഴാണ് സൂരജ് വധക്കേസിലും താനും നാരായണൻ എന്ന മനോരാജും ഉൾപ്പെട്ടിട്ടുണ്ടെന്ന് കുറ്റസമ്മതം നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കെ. ദാമോദരൻ, ടി.കെ രത്നകുമാർ എന്നിവർ കേസ് പുനരന്വേഷിക്കുകയും പ്രതികളെ ചേർക്കുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട അഞ്ചാം പ്രതി പി.എം. മനോരാജ് മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ് സെക്രട്ടറി പി.എം. മനോജിൻ്റെ സഹോദരനാണ്. ടി.പി. ചന്ദ്രശേഖരൻ കേസിൽ ജയിലിൽ കഴിയുന്ന ടി.കെ. രജീഷ്, പാനൂർ വിനയൻ വധക്കേസിലെയും ആർഎസ്എസ് ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് കതിരൂർ മനോജിനെയും പിണറായിയിലെ പ്രേംജിത്തിനെയും വധിക്കാൻ ശ്രമിച്ച കേസിലെയും പ്രതിയാണ്. 

കേസിൽ 42 സാക്ഷികളിൽ 28 പേരെ വിസ്തരിക്കുകയും 51 രേഖകൾ പരിശോധിക്കുകയും ചെയ്തു. കണ്ണൂർ സിറ്റി പോലീസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന കെ. ദാമോദരനാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. ടി.കെ രത്നകുമാർ തുടരന്വേഷണം നടത്തി രണ്ടുപേരെ കൂടി പ്രതിപ്പട്ടികയിൽ ചേർത്തു. കോടതി വിധി കേൾക്കാൻ സി.പി.എം, ബി.ജെ.പി പ്രവർത്തകരും നേതാക്കളും എത്തിയിരുന്നു. വിധിയിൽ തൃപ്തിയുണ്ടെന്നും പത്താം പ്രതിയെ വെറുതെ വിട്ടതിനെതിരെ അപ്പീൽ നൽകുമെന്നും സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പി. പ്രേമരാജൻ മാധ്യമങ്ങളോട് പറഞ്ഞു.


ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


Eight people were given life sentences in the Suraj murder case, while one received 3 years of hard labor and a fine, with justice being delivered after 20 years.

#SurajMurder #CPM #BJP #Kannur #Justice #PoliticalKilling
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia