ഉത്ര കൊലപാതകം നിര്‍ണായക വഴിത്തിരിവിലേക്ക്; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

 


ADVERTISEMENT


കൊല്ലം: (www.kvartha.com 02.06.2020) അഞ്ചലില്‍ ഉത്ര വധക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. സൂരജിന്റെ അമ്മയെയും സഹോദരിയെയും പുനലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. അടൂര്‍ പറക്കോട്ടെ സൂരജിന്റെ വീട്ടുപരിസരത്ത് കുഴിച്ചിട്ടിരുന്ന സ്വര്‍ണാഭരണം ഉത്രയുടെയും കുഞ്ഞിന്റേതുമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. രാവിലെ ഉത്രയുടെ അമ്മ മണിമേഖലയും സഹോദരന്‍ വിഷു വിജയസേനനും ഉത്രയുടെ മകന്‍ ധ്രുവിനെയും കൂട്ടി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയാണ് ആഭരണങ്ങള്‍ തിരിച്ചറിഞ്ഞത്. വിവാഹ ആല്‍ബവും വീഡിയോയും നേരത്തേതന്നെ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. വിവാഹ ആഭരണങ്ങളും അതിന് ശേഷം ഉത്രയ്ക്കും കുഞ്ഞിനും നല്‍കിയ ആഭരണങ്ങളുമാണ് കുഴിച്ചിട്ടിടത്തുനിന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതെന്ന് അമ്മ മണിമേഖല പറഞ്ഞു.

ഉത്ര കൊലപാതകം നിര്‍ണായക വഴിത്തിരിവിലേക്ക്; സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

കേസില്‍ കഴിഞ്ഞ ദിവസം സൂരജിന്റെ പിതാവ് അറസ്റ്റിലായിരുന്നു. ഇയാളെയും സൂരജിനെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഉത്രയുടെ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് ഇരുവരെയും ചോദ്യം ചെയ്യുന്നത്. സൂരജിന്റെ പിതാവിന്റെ അറസ്റ്റിന് പിന്നാലെയാണ് സഹോദരിയും അമ്മയും അറസ്റ്റിലാവുന്നത്. പുനലൂരുള്ള വീട്ടിലെത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും എത്തിയിരുന്നില്ല. ഇതേ തുടര്‍ന്നാണ് കസ്റ്റഡിയില്‍ എടുത്തത്. സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത് തെളിവ് നശിപ്പിച്ചതിനും ഗാര്‍ഹിക പീഡനത്തിനുമാണ്.

അതേസമയം സൂരജിന്റെ അമ്മയും സഹോദരിയും അറിയാതെ ഒരു കാര്യവും നടക്കില്ലെന്നാണ് ഉത്രയുടെ പിതാവ് വിജയസേനന്‍ പറയുന്നത്. ഉത്രയുടെ കൂടുതല്‍ സ്വര്‍ണം കണ്ടെത്താനുണ്ടെന്ന് ഇയാള്‍ പറഞ്ഞു. സ്വര്‍ണം കുഴിച്ചിട്ടതിലും സൂരജിന്റെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ട്. സൂരജിന്റെ അച്ഛന്റെ ശ്രമം ഭാര്യയെയും മകളെയും രക്ഷിക്കാനാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ടെന്നും വിജയസേനന്‍ പറഞ്ഞിരുന്നു. സൂരജിന്റെ അച്ഛന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സൂരജിന്റെ വീട്ടില്‍ നേരത്തെ തന്നെ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. വനിതാ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു സൂരജിന്റെ അമ്മയും സഹോദരിയും.

സ്വര്‍ണത്തെ കുറിച്ച് ആദ്യം വിട്ടുപറയാന്‍ തയ്യാറാകാതിരുന്ന സൂരജ് പിന്നീട് പിതാവിനെയും ഇരുത്തിയുള്ള ചോദ്യം ചെയ്യലിലാണ് കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. സുരേന്ദ്രനെ ഒപ്പം നിര്‍ത്തിയുള്ള തെളിവെടുപ്പില്‍ 37 പവനോളം കണ്ടെത്തിയിരുന്നു. 110 പവനോളം സ്വര്‍ണം ഉത്രയ്ക്കുണ്ടായിരുന്നുവെന്നാണ് വീട്ടുകാരുടെ മൊഴി. ബാക്കി സ്വര്‍ണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. സ്വര്‍ണം നല്‍കി സുരേന്ദ്രന്‍ വാഹനം വാങ്ങിയെന്നും ഇവര്‍ പറയുന്നുണ്ട്.

ബാങ്ക് ലോക്കറില്‍ ഇരുന്ന സ്വര്‍ണമാണിത്. ഉത്ര കൊല്ലപ്പെട്ട ദിവസം തന്നെയാണ് ലോക്കറില്‍ നിന്നും സ്വര്‍ണമെടുത്തതെന്നാണ് ലഭ്യമാകുന്ന സൂചനകള്‍. ഉത്രയുടെ താലിമാലയടക്കം ഈ കൂട്ടത്തിലുണ്ടായിരുന്നുവെന്നതാണ് കൂടുതല്‍ സംശയത്തിന് ഇടയാക്കുന്നത്. താലി സാധാരണ ആരും ലോക്കറില്‍ വയ്ക്കാറില്ല. കുടുംബ അംഗങ്ങള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് സ്വര്‍ണം കുഴിച്ചിട്ടതെന്ന് വ്യക്തമാണ്. എത്രയും പെട്ടെന്ന് തന്നെ എല്ലാ കാര്യത്തിലും കുറച്ചു കൂടി സ്ഥിരീകരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

അതേസമയം ഉത്രയുടെ താലിമാലയും കുഞ്ഞിന്റെ ആഭരണങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. വിവാഹ സമയത്ത് നല്‍കിയ മുഴുവന്‍ ആഭരണങ്ങളും കണ്ടെത്തിട്ടില്ലെന്ന് ഉത്രയുടെ അമ്മ പറഞ്ഞു.
  
Keywords:  News, Kerala, Kollam, Police, Crime, Death, Killed, Husband, Mother, Family, Ornaments, Arrested, Case, Accused, Sooraj's mother and sister arrested
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia