ഓടുന്ന ബസില്‍ നിന്നും ചാടിയിറങ്ങി ഒപ്പം നടന്ന് ഡ്രൈവര്‍; മരണക്കളി നടത്തിയ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു; ഡ്രൈവറുടെ ലൈസന്‍സ് പിടിച്ചെടുത്തു

 


കൊല്ലം: (www.kvartha.com 28.11.2019) വിനോദയാത്രയ്ക്കായി വാടകയ്‌ക്കെടുത്ത ബസുമായി വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂള്‍ വളപ്പില്‍ അഭ്യാസപ്രകടനം നടത്തിയ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. ഈ ബസിന്റെ ഡ്രൈവര്‍ ഏനാത്ത് സ്വദേശി രഞ്ജുവിന്റെ ലൈസന്‍സും പിടിച്ചെടുത്തു. ഓടുന്ന ബസിന് പുറത്തിറങ്ങി ഒപ്പം നടക്കുന്ന ഡ്രൈവറുടെ ദൃശ്യങ്ങളും പുറത്തുവന്നു.

പുത്തൂര്‍ വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളിലും അഞ്ചല്‍ ഈസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമായി ഈയടുത്ത ദിവസങ്ങളില്‍ നടന്ന അഭ്യാസ പ്രകടനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ ബസുകളുടെയും ഉടമകളോട് ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓടുന്ന ബസില്‍ നിന്നും ചാടിയിറങ്ങി ഒപ്പം നടന്ന് ഡ്രൈവര്‍; മരണക്കളി നടത്തിയ ബസ് മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു; ഡ്രൈവറുടെ ലൈസന്‍സ് പിടിച്ചെടുത്തു

വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍ നിന്നു പോയ ബസ് മാത്രമാണു തിരികെയെത്തിയിട്ടുള്ളത്. അഞ്ചല്‍ സ്‌കൂളില്‍ നിന്നു യാത്ര പോയവര്‍ 30നു തിരിച്ചെത്തും. ഇതിനു ശേഷമാകും ഈ ബസിനെതിരെ നടപടിയെടുക്കുക. വിദ്യാധിരാജ സ്‌കൂള്‍ വളപ്പില്‍ നടന്ന സംഭവം സംബന്ധിച്ച് തുടര്‍ നടപടികള്‍ ആലോചിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വ്യാഴാഴ്ച പിടിഎ യോഗം വിളിച്ചിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍ ആളുകളെ ഭയപ്പെടുത്തുന്ന സംഭവമുണ്ടായത്. വിഎച്ച്എസ്ഇ ബാച്ചിന്റെ വിനോദയാത്രയ്ക്കാണ് ബസ് എത്തിയത്. സ്‌കൂളിന് എതിര്‍വശത്തുള്ള മൈതാനത്ത് രക്ഷിതാക്കളും അധ്യാപകരും കുട്ടികളും കാത്തുനില്‍ക്കുമ്പോള്‍ ബസും കാറും ബൈക്കുകളും ചേര്‍ന്നു റേസ് ട്രാക്കിലെ പോലെ ചുറ്റിക്കറങ്ങി പൊടിപാറിച്ചു പ്രകടനം നടത്തുകയായിരുന്നു.

സംഘത്തിലെ ഒരു പെണ്‍കുട്ടി കാറിന്റെ സണ്‍റൂഫിനുള്ളിലൂടെ പുറത്തേക്കു തലയിട്ട് കൊടി പാറിക്കുന്നതും പിന്നീട് ഇതേ പെണ്‍കുട്ടി തന്നെ സൂപ്പര്‍ ബൈക്ക് ഓടിക്കുന്നതും മോട്ടര്‍വാഹന വകുപ്പിനു ലഭിച്ച വിഡിയോയിലുണ്ട്. ബസിന്റെ അമിത വേഗത്തിലുള്ള പ്രകടനം കണ്ടു പേടിയാകുന്നുവെന്നും സഹപാഠിയോടു മാറിനില്‍ക്കാന്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു അഞ്ചല്‍ ഈസ്റ്റ് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അഭ്യാസപ്രകടനം. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുമായി കൊടൈക്കനാലിലേക്കു യാത്ര തിരിക്കും മുന്‍പ് ചൊവ്വാഴ്ച മൂന്നു മണിയോടെയാണ് അപകടകരമായ പ്രകടങ്ങള്‍ അരങ്ങേറിയത്. വിദ്യാര്‍ഥികളെ മൈതാനത്തിന്റെ നടുവില്‍ നിര്‍ത്തിയ ശേഷം ചെമ്മണ്ണ് പാറിച്ച് രണ്ടു ബസുകള്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നു.

യാത്രയ്ക്ക് തയാറെടുത്ത ചില കുട്ടികളും അവരുടെ അധ്യാപകരില്‍ ചിലരും ഇതിനെ പ്രോത്സാഹിപ്പിക്കുന്നതും വിഡിയോയില്‍ നിന്നു വ്യക്തമാകാം. അപകടകരമായ ഡ്രൈവിങ് നടത്തുന്നവര്‍ക്കൊപ്പം കുട്ടികളെ അയയ്ക്കുന്നത് എങ്ങനെയെന്നു ചിലര്‍ ആശങ്ക അറിയിച്ചെങ്കിലും വിനോദയാത്രയുടെ മുന്‍ നിരക്കാര്‍ അവരെ അനുനയിപ്പിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണു മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Shocking Driving Caught On Camera,Kollam, News, Local-News, Criminal Case, Crime, Driving Licence, Bus, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia