Arrested | കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്നും ഏഴര കിലോ വെളളിയാഭരണങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ അറസ്റ്റുചെയ്ത യുവാവ് ബേക്കലില്‍ മൂന്ന് കേസുകളില്‍ കൂടി പ്രതിയാണെന്ന് പൊലീസ്
Arrested | കണ്ണൂരിലെ ജ്വല്ലറിയില്‍ നിന്നും ഏഴര കിലോ വെളളിയാഭരണങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ അറസ്റ്റുചെയ്ത യുവാവ് ബേക്കലില്‍ മൂന്ന് കേസുകളില്‍ കൂടി പ്രതിയാണെന്ന് പൊലീസ്
●അറസ്റ്റ് ചെയ്തത് ആസാം അതിര്‍ത്തിയില്‍ നിന്നും
●ഹരിയാന സ്വദേശി ദര്‍വേന്ദ്ര കുമാറിനെയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് പിടികൂടിയത്
കണ്ണൂര്‍: (KVARTHA) നഗരത്തിലെ ജ്വല്ലറിയില്‍ നിന്നും ഏഴര കിലോ വെളളിയാഭരണങ്ങള്‍ മോഷ്ടിച്ചെന്ന കേസില്‍ അറസ്റ്റുചെയ്ത പ്രതി ബേക്കലില്‍ മൂന്ന് കേസുകളില്‍ കൂടി പ്രതിയാണെന്ന് പൊലീസ്. കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമായത്. സ്ഥിരീകരിക്കാനായി പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ബേക്കല്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
ഇതു പ്രകാരം ബേക്കല്‍ പൊലീസ് പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ബേക്കല്‍ പൊലീസ് കണ്ണൂരിലെത്തി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. ഹരിയാന സ്വദേശി ദര്‍വേന്ദ്രകുമാറി (33) യാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ആസാം അതിര്‍ത്തിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടെരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ താവക്കരയിലെ അര്‍ഷിദ് ജ്വല്ലറിയില്‍ നിന്നും 2022 ജൂലായ് 14 നാണ് ഒന്‍പതു ലക്ഷം വിലവരുന്ന ഏഴര കിലോ വെള്ളിയാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചത്. സിസിടിവി ക്യാമറകള്‍ കേടുവരുത്തിയാണ് മോഷണം നടത്തിയത്. അന്നു രക്ഷപ്പെട്ട പ്രതി 2024ലും ഇതേ കടയില്‍ തന്നെ മോഷണം നടത്തിയിരുന്നു. എന്നാല്‍ അന്ന് സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പൊലീസിന് കണ്ടെടുക്കാനായി. ഇതോടെയാണ് അന്തര്‍സംസ്ഥാന മോഷ്ടാവാണ് പ്രതിയെന്ന് പൊലീസിന് വ്യക്തമായത്.
ഇയാള്‍ എറണാകുളത്തും കവര്‍ച്ച നടത്തിയതായി വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കേരളത്തില്‍ താമസിച്ചു വിവിധയിടങ്ങളിലാണ് പ്രതി മോഷണം നടത്തിയിരുന്നത്. ഹരിയാനയില്‍ മോഷണം നടത്തിയ കേസില്‍ ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആസാം അതിര്‍ത്തിയില്‍ ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ദര്‍വേന്ദ്ര കുമാറിനെ പൊലീസ് പിടികൂടിയത്.
ഇയാളില്‍ നിന്നും മോഷ്ടിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു മോഷണത്തിനായി ആസൂത്രണം ചെയ്തു വരുന്നതിനിടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ബിഹാറില്‍ ഒരു വധശ്രമ കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
#jewelrytheft #Kannur #crime #arrest #India #gold