Allegation | പിപി ദിവ്യ സിപിഎം നിയന്ത്രിത സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയതായി അഭ്യൂഹം; തിരച്ചില്‍ ആരംഭിച്ച് പ്രത്യേക അന്വേഷണ സംഘം


● ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല
● ഈ മാസം 29ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കും
● ധൃതി പിടിച്ച് അറസ്റ്റിലേക്ക് കടക്കേണ്ടെന്ന തീരുമാനത്തില്‍ അന്വേഷണ സംഘം
● കീഴടങ്ങുമെന്ന അഭ്യൂഹം തള്ളി അടുത്ത വൃത്തങ്ങള്‍
കണ്ണൂര്‍: (KVARTHA) എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് പ്രതി ചേര്‍ത്ത മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യ കണ്ണൂര്‍ ജില്ലയിലെ ഒരു പ്രമുഖ സിപിഎം നിയന്ത്രിത സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയെന്ന് അഭ്യൂഹം. ഇതേതുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. രക്തസമ്മര്‍ദ്ദം കൂടുതലായതിനെ തുടര്‍ന്നാണ് ദിവ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.
എന്നാല്‍ ഇതു സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഈ മാസം 29ന് ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെ ശനിയാഴ്ച ഉച്ചയ്ക്ക് പ്രത്യേക അന്വേഷണ സംഘം യോഗം ചേര്‍ന്നു.
ജാമ്യ ഹര്‍ജി കോടതിയുടെ പരിഗണനയിലുള്ള സാഹചര്യത്തില്‍ ധൃതി പിടിച്ച് ദിവ്യയുടെ അറസ്റ്റിലേക്ക് കടക്കേണ്ടെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. ദിവ്യ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം പ്രചരിക്കുന്നുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ നീക്കമൊന്നും നടന്നിട്ടില്ല.
അതിനിടെ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രതി ചേര്‍ത്ത കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ കീഴടങ്ങുമെന്ന അഭ്യൂഹങ്ങള്‍ തള്ളി ദിവ്യയോട് അടുത്ത വൃത്തങ്ങള്‍ രംഗത്തെത്തി. മുന്‍കൂര്‍ ജാമ്യഹര്‍ജിയിലെ ഉത്തരവിന് ശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് ദിവ്യയെന്നാണ് അടുത്ത വ്യത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം.
ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് ദിവ്യക്കെതിരെ കേസെടുത്തത്. വിവാദങ്ങള്‍ തിരഞ്ഞെടുപ്പ് വേളയില്‍ പ്രതിപക്ഷം ആയുധമാക്കുന്ന സാഹചര്യത്തില്‍ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ദിവ്യക്ക് സിപിഎം നിര്‍ദ്ദേശമുണ്ടെന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു.
എന്നാല്‍ ചൊവ്വാഴ്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് വരും. വിധി എന്തെന്ന് അറിഞ്ഞ ശേഷം കീഴടങ്ങുന്നതില്‍ തീരുമാനമെടുക്കാമെന്നാണ് ദിവ്യയുടെ നിലപാട് എന്നാണ് അറിയുന്നത്. അഴിമതിക്കെതിരെ നല്ല ഉദ്ദേശത്തോടുകൂടിയാണ് യാത്രയയപ്പ് യോഗത്തിലെ പ്രസംഗമെന്നും ജീവനൊടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു വാക്കുപോലുമില്ലെന്നുമാണ് ദിവ്യയുടെ ജാമ്യഹര്‍ജിയിലെ വാദം. തലശേരിയിലെ പ്രമുഖ സിപിഎം അഭിഭാഷകനായ കെ വിശ്വനാണ് ദിവ്യയ്ക്കായി ഹാജരായത്.
#PPDivya #KeralaNews #Kannur #Investigation #CPM #NaveenBabu