Arrested | റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തുവെന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍
● പിടികൂടിയത് തലശേരി ടൗണ്‍ പൊലീസ്
● ഒന്നാംപ്രതി നേരത്തെ അറസ്റ്റിലായി
കണ്ണൂര്‍: (KVARTHA) റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തുവെന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. കേസിലെ മൂന്നാം പ്രതി തിരുവനന്തപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗീതാ റാണി, രണ്ടാം പ്രതി ശരത് എന്ന അജിത്ത് എന്നിവരെയാണ് തലശേരി ടൗണ്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ഇന്ത്യന്‍ റെയില്‍വേയില്‍ ക്ലാര്‍ക്ക്, ട്രെയിന്‍ മാനേജര്‍, സ്റ്റേഷന്‍ മാനേജര്‍ തുടങ്ങിയ ജോലികള്‍ വാഗ്ദാനം ചെയ്ത് കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും കോടികള്‍ തട്ടിയെടുത്തുവെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. തലശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ് ഇരുവരും. റെയില്‍വെ റിക്രൂട്ട് മെന്റ് ബോര്‍ഡ് സീനിയര്‍ ഓഫീസര്‍ ചമഞ്ഞാണ് ഗീതാ റാണി തട്ടിപ്പു നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
അറസ്റ്റിലായ ഗീതാ റാണി സമാനമായ മറ്റ് ഏഴു കേസുകളില്‍ കൂടി പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോയ്യോട് സ്വദേശി ശ്രീകുമാര്‍ നല്‍കിയ പരാതിയിലാണ് ഗീതാറാണി ഉള്‍പ്പെടെ മൂന്നുപേരെ പ്രതി ചേര്‍ത്ത് തലശേരി ടൗണ്‍ പൊലീസ് കേസെടുത്തത്.
ഒന്നാം പ്രതിയും സിപിഎം നേതാവുമായിരുന്ന മുന്‍ ബ്ലോക്ക് പഞ്ചായത്തംഗം ചൊക്ലി നിടുംമ്പ്രത്തെ കെ ശശിയെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
#RailwayScam #KeralaCrime #JobFraud #PoliceArrest #CrimeNews #IndianRailways